തിയേറ്ററിലെ വന്‍ സ്വീകാര്യത ഒ.ടി.ടിയിലും നേടി മുന്നേറുകയാണ് ധുരന്ധര്‍. ബോളിവുഡിലെ പുതിയ ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ ധുരന്ധറിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുകയാണ്. രണ്‍വീര്‍ സിങ്ങിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റാണ് ധുരന്ധര്‍. ചിത്രത്തിന്റെ രണ്ടാം ഭാഗം ബോക്‌സ് ഓഫീസിലെ ചരിത്രം തിരുത്തുമെന്ന് ഉറപ്പാണ്.
ബോളിവുഡില്‍ കണ്ടുശീലിച്ച സ്‌പൈ ത്രില്ലറില്‍ നിന്ന് വ്യത്യസ്തമായാണ് ആദിത്യ ധര്‍ ധുരന്ധര്‍ അണിയിച്ചൊരുക്കിയത്. പാകിസ്ഥാനിലെ അധോലോക സംഘത്തില്‍ നുഴഞ്ഞുകയറുന്ന ഇന്ത്യന്‍ ചാരന്റെ കഥയാണ് ചിത്രം പറയുന്നത്. ജസ്‌കിരത് സിങ് ജേഗി എന്നയാള്‍ ഹംസ എന്ന പേരില്‍ പാകിസ്ഥാനിലെ അധോലോകത്തിലെ പ്രധാന കണ്ണിയായി മാറുന്നിടത്താണ് ധുരന്ധറിന്റെ ആദ്യഭാഗം അവസാനിച്ചത്.
വളരെ ബ്രില്യന്റായി ഒരുക്കിയ ചിത്രത്തിലെ ചെറിയൊരു മിസ്റ്റേക്കാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയം. മല്ലുഫ്‌ളിക്‌സ് എന്ന ഇന്‍സ്റ്റഗ്രാം പേജാണ് വീഡിയോ ചെയ്തത്. ചിത്രത്തിലെ ക്ലൈമാക്‌സ് രംഗത്തില്‍ വില്ലനായ റഹ്‌മാന്‍ ദാക്കൈത്തിനെ ഇല്ലാതാക്കാന്‍ നായകനായ ഹംസ നടത്തിയ പ്ലാനില്‍ ഒട്ടും ലോജിക്കില്ലെന്നാണ് വീഡിയോയില്‍ പറയുന്നത്.
അത്രയും ബ്രില്യന്റായി റഹ്‌മാന്റെ ഗ്യാങ്ങില്‍ മെയിനായി മാറിയ ഹംസ ക്ലൈമാക്‌സില്‍ റഹ്‌മാനെ പൂട്ടാനായി ഓഗസ്റ്റ് ഒമ്പത് എന്ന തിയതിയാണ് തെരഞ്ഞെടുത്തത്. അതേദിവസം റഹ്‌മാന് ഒരു ഡാം ഉദ്ഘാടനമുണ്ടെന്നറിഞ്ഞ് അതേദിവസം ആയുധകൈമാറ്റവും ഹംസ ഡയറിയില്‍ എഴുതുന്നുണ്ട്. എന്നാല്‍ പിന്നീടൊരിക്കല്‍ പോലും റഹ്‌മാന്‍ ദാക്കൈത് ആയുധക്കൈമാറ്റത്തെക്കുറിച്ച് ചിന്തിക്കാത്തത് മിസ്‌റ്റേക്കാണെന്ന് വീഡിയോയില്‍ പറയുന്നുണ്ട്.
ഡാം ഉദ്ഘാടനത്തിന് ശേഷം റഹ്‌മാനെയും കൂട്ടാളികളെയും കൊണ്ട് ഹംസ കാറില്‍ പോകുന്നിടത്തും ലോജിക്കില്ലായ്മയുണ്ടെന്നും വീഡിയോയില്‍ പറയുന്നു. കാറില്‍ കയറിയതും എല്ലാവരും ഉറങ്ങിയെന്നും അത് നായകന് സഹായമായെന്നുമാണ് മല്ലുഫ്‌ളിക്‌സ് പറയുന്നത്. ഇത്രയും കാലം കാത്തിരുന്ന നായകന് വില്ലനെ തീര്‍ക്കാന്‍ വേണ്ടി ഉണ്ടാക്കിയ പ്ലാനില്‍ ഒരുപാട് ലൂപ്പ്‌ഹോളുകളുണ്ടെന്നും വീഡിയോയില്‍ പറയുന്നു.
ഹംസയെപ്പോലെ എല്ലാം കൃത്യമായി പ്ലാന്‍ ചെയ്ത നായകന്‍ വില്ലനെ കൊല്ലാനുള്ള പ്ലാനില്‍ വെറും ഭാഗ്യത്തെ മാത്രം ആശ്രയിച്ചത് ലോജിക്കില്ലായ്മയാണെന്നും ചിലര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പങ്കുവെച്ചു. ഈയൊരു ഭാഗം മാറ്റിനിര്‍ത്തിയാല്‍ ഗംഭീര സ്‌ക്രിപ്റ്റാണ് ധുരന്ധറിന്റേതെന്നും കമന്റുകളുണ്ട്. ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഡയറക്ടര്‍ ബ്രില്യന്‍സുകളും അടുത്തിടെ വൈറലായിരുന്നു.
Content Highlight: Logic less scene in Dhurandhar viral in social media