| Saturday, 11th July 2026, 8:03 am

ഉപഭോക്താക്കളെ കുടുക്കിയിടുന്നു; മെറ്റയ്‌ക്കെതിരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ യൂണിയന്‍

നിഷാന. വി.വി

ബ്രസല്‍സ്: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ അഡിക്റ്റീവ് ഡിസൈനുകള്‍ ഒഴിവാക്കാന്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മെറ്റയോട് ആവശ്യപ്പെട്ട് യൂറോപ്യന്‍ യൂണിയന്‍.

സോഷ്യല്‍ മീഡിയ നിയമം ലംഘിക്കുന്ന ഫീച്ചറുകള്‍ ഉപയോഗിച്ച് മെറ്റ ഉപഭോക്താക്കളെ കുടുക്കിയിടുകയായണെന്നും ഇന്‍ഫിനിറ്റ് സ്‌ക്രോളിങ് പോലുള്ള ഫീച്ചറുകള്‍ പിന്‍വലിക്കണമെന്നും യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു.

ഫീച്ചറുകള്‍ കുട്ടികളെയും കൗമാരക്കാരെയും അടിമകളാക്കുന്ന രീതിയിലുള്ളതാണെന്നും ഇത്തരം ഫീച്ചറുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കമ്പനിയുടെ ആഗോള വരുമാനത്തിന്റെ 6 ശതമാനം വരെ പിഴ ചുമത്തുമെന്ന് യൂറോപ്യന്‍ കമ്മീഷന്‍ മെറ്റയ്ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കി.

യൂറോപ്യന്‍ യൂണിയന്റെ എക്‌സിക്യൂട്ടീവ് വിഭാഗം ഡിജിറ്റല്‍ സര്‍വീസസ് ആക്ട് പ്രകാരമുളള അന്വേഷണത്തിന്റെ ഭാഗമായാണ് മെറ്റാ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ പുതിയ കുറ്റപത്രം പുറപ്പെടുവിച്ചിരിക്കുന്നത്.

വിരലുകള്‍ കൊണ്ട് അനന്തമായി സ്‌ക്രോള്‍ ചെയ്യുന്ന ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, തനിയെ പ്ലേ ആകുന്ന വീഡിയോകള്‍, വ്യക്തിഗത താത്പര്യങ്ങള്‍ക്കനുസരിച്ചുള്ള ശുപാര്‍ശകള്‍ എന്നിവ തലച്ചോറിനെ ഓട്ടോപൈലറ്റ് മോഡിലേക്ക് മാറ്റുകയാണെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

ഇത് ഉപഭോക്താക്കളില്‍ അനിയന്ത്രിതമായ സോഷ്യല്‍ മീഡിയ ഉപയോഗവും മോശം ശീലങ്ങളും ഉണ്ടാക്കാന്‍ കാരണമാകുന്നുവെന്നും കമ്മീഷന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പ്രായപൂര്‍ത്തിയാകാത്തവര്‍ ഉള്‍പ്പെടെയുള്ളവരുടെ ശാരീരിക-മാനസിക ആരോഗ്യത്തെ ബാധിക്കുന്ന ഫീച്ചറുകളെ ശരിയായ രീതിയില്‍ വിലയിരുത്തുന്നതില്‍ മെറ്റ പരാജയപ്പെട്ടുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

നിലവില്‍ മെറ്റ നല്‍കുന്ന ടൈം മാനേജ്‌മെന്റ് ടൂളുകള്‍ വളരെ എളുപ്പത്തില്‍ അവഗണിക്കാന്‍ സാധിക്കുന്നതാണെന്നും, നിയന്ത്രണ സംവിധാനങ്ങള്‍ സാങ്കേതിക വിദ്യയില്‍ അത്ര അറിവില്ലാത്ത സാധാരണക്കാരായ രക്ഷിതാക്കള്‍ക്ക് ഉപയോഗിക്കാന്‍ പ്രയാസമുള്ളതാണെന്നും കമ്മീഷന്‍ വിമര്‍ശിച്ചു.

എന്നാല്‍ കമ്മീഷന്റെ ഈ കണ്ടെത്തലുകളോട് വിയോജിക്കുന്നതായി മെറ്റാ വക്താവ് അറിയിച്ചു. കൗമാരക്കാരുടെ സുരക്ഷയ്ക്കായി തങ്ങള്‍ സ്വീകരിച്ച നിര്‍ണായക നടപടികളെ കമ്മീഷന്‍ കണക്കിലെടുത്തിട്ടില്ലെന്നും ഇന്‍സ്റ്റാഗ്രാമില്‍ രാത്രി കാലങ്ങളില്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനും സ്‌ക്രീന്‍ ടൈം ദിവസേന 15 മിനിറ്റായി പരിമിതപ്പെടുത്താനും മാതാപിതാക്കള്‍ക്ക് അധികാരം നല്‍കുന്ന കൗമാര അക്കൗണ്ടുകള്‍ ഇതിനകം അവതരിപ്പിച്ചിട്ടുണ്ടെന്നും മെറ്റ വ്യക്തമാക്കി.

അതേസമയം നിലവിലെ കണ്ടെത്തലുകള്‍ അന്തിമമല്ലെന്നും തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ മെറ്റായ്ക്ക് അവസരമുണ്ടെന്നും യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചു. ഇന്‍ഫിനിറ്റ് സ്‌ക്രോള്‍, ഓട്ടോപ്ലേ തുടങ്ങിയ ഫീച്ചറുകള്‍ ബൈ ഡിഫോള്‍ട്ടായി ഓഫ് ചെയ്തു വെക്കണമെന്നാണ് യൂറോപ്യന്‍ യൂണിയന്‍ നല്‍കിയിരിക്കുന്ന പ്രാഥമിക നിര്‍ദേശം.

Content Highlight: Locking in users: European Union to fine Meta.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more