2026 ഐ.പി.എല്ലില്‍ ശ്രേയസ് അയ്യരിന്റെ ചിറകിലേറി പഞ്ചാബ് കിങ്‌സ് അജയ്യരായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. മുന്നിലെത്തുന്ന എതിരാളിയെയെല്ലാം വീഴ്ത്തിയാണ് പഞ്ചാബ് ആദ്യ കിരീടത്തിലേക്ക് കുതിക്കുന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ ഒരു സീസണില്‍ ആദ്യ ആറ് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ ഒറ്റ മത്സരവും പരാജയപ്പെടാതെ മുന്നേറുന്ന ആദ്യ ടീം കൂടിയാണ് പഞ്ചാബ്.
പ്ലേ ഓഫ് യോഗ്യതയുടെ അരികിലെത്തി നില്‍ക്കുന്ന പഞ്ചാബിന് കൂടുതല്‍ കരുത്തുപകരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ന്യൂസിലാന്‍ഡ് സ്റ്റാര്‍ പേസര്‍ ലോക്കി ഫെര്‍ഗൂസന്‍ ടീമിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. പഞ്ചാബ് കിങ്സ് തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സീസണിലെ തുടക്ക മത്സരങ്ങളില്‍ താരം കളിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. 2026ലെ ഐ.പി.എല്ലിനോട് മുന്നോടിയായി രണ്ട് കോടി രൂപയ്ക്ക് ഫെര്‍ഗൂസണെ പഞ്ചാബ് നില നിര്‍ത്തുകയായിരുന്നു.
സൗത്ത് ആഫ്രിക്കക്കെതിരായ ടി-20 പരമ്പരയിലാണ് ഫെര്‍ഗൂസന്‍ അവസാനമായി കളിച്ചത്. പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 16 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റുകളും താരം നേടിയിരുന്നു. ഇപ്പോള്‍ താരത്തിന്റെ മടങ്ങിവരവ് പഞ്ചാബിന്റെ ബൗളിങ് നിരയും കൂടുതല്‍ ശക്തമാക്കുന്നു.
അര്‍ഷദീപ് സിങ്, വൈശാഖ് വിജയകുമാര്‍, മാര്‍ക്കോ ജാന്‍സന്‍, സേവ്യര്‍ ബാര്‍ട്‌ലറ്റ് തുടങ്ങിയവര്‍ നയിക്കുന്ന പേസ് നിരയിലേക്ക് ഫെര്‍ഗൂസന്‍ കൂടിയെത്തുമ്പോള്‍ പേസ് നിരയെ കൂടുതല്‍ സമ്പന്നമാക്കും.
ഐ.പി.എല്ലില്‍ 49 മത്സരങ്ങളില്‍ നിന്നും 51 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. 140 മുതല്‍ 150 വരെ കിലോമീറ്റര്‍ വേഗതയില്‍ പന്തെറിയാനുള്ള ഫെര്‍ഗൂസന്റെ കഴിവും ഏറെ ശ്രദ്ധേയമാണ്. 2025ല്‍ താരം നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. കഴിഞ്ഞ സീസണില്‍ പരിക്ക് പറ്റിയതിനാല്‍ താരത്തിന് മറ്റ് മത്സരങ്ങള്‍ നഷ്ടമായിരുന്നു.
അതേസമയം ടി-20 ചരിത്രത്തിലെ ഏറ്റവും എക്കോണോമിക്കായ സ്പെല്ലും ഫെര്‍ഗൂസന്റെ പേരിലാണ്. ഒറ്റ റണ്‍സ് പോലും വഴങ്ങാതെ നാല് ഓവറും എറിഞ്ഞ് തീര്‍ത്താണ് താരം റെക്കോഡിട്ടിരുന്നത്. 2024 ടി-20 ലോകകപ്പില്‍ പപ്പുവ ന്യൂ ഗിനിക്കെതിരായ മത്സരത്തിലാണ് കിവീസ് സൂപ്പര്‍ താരം ചരിത്രനേട്ടത്തിലേക്ക് നടന്നുകയറിയിരുന്നത്. മത്സരത്തില്‍ മൂന്ന് വിക്കറ്റുകളും താരം സ്വന്തമാക്കിയിരുന്നു.
Content Highlight: Lockie Ferguson Joined Punjab Kings in IPL 2026