മുംബൈ: മഹാരാഷ്ട്രയിലെ യു.എസ് കോണ്‍സുലേറ്റിലേക്ക് എത്തുന്നവരുടെ ബാഗുകള്‍ സൂക്ഷിച്ച് ലക്ഷങ്ങള്‍ സമ്പാദിച്ച ഓട്ടോ ഡ്രൈവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി പൊലീസ്. ലോക്കര്‍ സേവനം നല്‍കാന്‍ ലൈസന്‍സ് ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
സമാനമായി ലോക്കര്‍ സേവനം നല്‍കിയിരുന്ന 12 പേരെ വിളിച്ചുവരുത്തി മേഖലയില്‍ പാര്‍ക്കിങ് നിരോധനമുണ്ടെന്നും പൊലീസ് അറിയിച്ചു. അനധികൃതമായി ബാഗ് സൂക്ഷിക്കുന്നത് സുരക്ഷാ വീഴ്ചയുണ്ടാക്കുമെന്നും പൊലീസ് പറഞ്ഞു.
അതേസമയം ബാന്ദ്ര കുര്‍ള കോംപ്ലക്‌സില്‍ ഓട്ടോയില്‍ ബാഗുകള്‍ സൂക്ഷിച്ച് വരുമാനം കണ്ടെത്തിയിരുന്ന ഡ്രൈവറും അതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
കോണ്‍സുലേറ്റിന്റെ പ്രവേശന മാനദണ്ഡമനുസരിച്ച്, പുറത്ത് നിന്നെത്തുന്ന ആളുകളുടെ കൈവശം ബാഗുകള്‍ ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ഉണ്ടാകാന്‍ പാടില്ല. ഇതിനെ മുന്‍നിര്‍ത്തിയാണ് ഓട്ടോ ഡ്രൈവര്‍ ലോക്കര്‍ സേവനം നല്‍കിയിരുന്നത്.
ലിങ്ക്ഡ്ഇന്‍ ആപ്പിലൂടെ ലെന്‍സ്‌കാര്‍ട്ടിലെ പ്രൊഡക്റ്റ് ഹെഡും സംരംഭകനുമായ രാഹുല്‍ രൂപാണി പങ്കുവെച്ച പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് ഓട്ടോ ലോക്കറിന് പൂട്ട് വീണത്.
പ്രതിമാസം അഞ്ച് തൊട്ട് എട്ട് ലക്ഷം രൂപ വരെ ഓട്ടോറിക്ഷാ ഡ്രൈവര്‍ സമ്പാദിക്കുന്നതായി പോസ്റ്റില്‍ പറഞ്ഞിരുന്നു. ‘ബുദ്ധിമാനായ ബിസിനസ്’ മോഡലിനെ പ്രശംസിച്ചുകൊണ്ടായിരുന്നു രൂപാണിയുടെ പോസ്റ്റ്.
നിലവില്‍ യു.എസ് കോണ്‍സുലേറ്റിന് മുന്നിലുള്ള പാര്‍ക്കിങ് ഏരിയയില്‍ പൊലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. യാത്രക്കാരെ കൊണ്ടുപോകുന്നതിന് മാത്രമാണ് ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് ലൈസന്‍സ് ഉള്ളതെന്നും ബി.കെ.സി പൊലീസ് സ്റ്റേഷനിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്കര്‍ സേവനം നല്‍കാനും അടുത്തുള്ള കടകളില്‍ സാധനങ്ങള്‍ സൂക്ഷിക്കുന്നതിനുമുള്ള നിയമപരമായ അനുമതി ഡ്രൈവര്‍മാര്‍ക്ക് ഇല്ലായിരുന്നുവെന്നും പൊലീസ് പ്രതികരിച്ചു.
Content Highlight: Lock falls after viral; Police ban auto locker in Mumbai