മോളിവുഡില്‍ ഏറ്റവും മികച്ച ബ്രാന്‍ഡെന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനാണ് അമല്‍ നീരദ്. വരിക്കാശേരി മനയുടെ പിടിയില്‍ നിന്ന് മലയാളസിനിമയെ മോചിപ്പിച്ചവരില്‍ പ്രധാനിയാണ് അദ്ദേഹം. അതുവരെ കണ്ടുശീലിച്ച രീതികളില്‍ നിന്ന് വ്യത്യസ്തമായ കഥപറച്ചിലിലൂടെ സ്വന്തമായൊരു സ്ഥാനം നേടിയെടുക്കാന്‍ അമല്‍ നീരദിന് സാധിച്ചു.
ചെയ്യുന്ന ഓരോ സിനിമയിലും സിഗ്നേച്ചര്‍ മേക്കിങ് കൊണ്ട് ആരാധകരെ തൃപ്തിപ്പെടുത്തുന്ന അമല്‍ നീരദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. 2012ല്‍ പുറത്തിറങ്ങിയ ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്പിരിച്വല്‍ സീക്വലിന് മോശം പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അമല്‍ നീരദിന്റെ കരിയറിലെ ഏറ്റവും മോശം സിനിമയെന്നാണ് പലരും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിനെ വിശേഷിപ്പിക്കുന്നത്.
അപാര പൊട്ടന്‍ഷ്യലുണ്ടായിട്ടും രണ്ട് വര്‍ഷം കൂടുമ്പോഴൊക്കെയാണ് അമല്‍ നീരദ് സിനിമ ചെയ്യുന്നത്. മോളിവുഡിനെ അടുത്ത ലെവലില്‍ എത്തിക്കാന്‍ കഴിയുന്ന സംവിധായകന് സിനിമ ചെയ്യാന്‍ മടിയാണെന്ന് പലരും വിമര്‍ശിക്കുന്നു. ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ശേഷം അമല്‍ നീരദിന്റെ മറ്റൊരു മടിയെക്കുറിച്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച.
അമല്‍ നീരദ് Photo: Reddit
അവസാനത്തെ നാല് സിനിമകളുടെയും പ്രധാന ലൊക്കേഷനിലെ സാമ്യതയാണ് ചര്‍ച്ചയാകുന്നത്. ഒന്നുകില്‍ മട്ടാഞ്ചേരി- ഫോര്‍ട്ട് കൊച്ചി ഏരിയയോ അല്ലെങ്കില്‍ മൂന്നാറോ ആണ് അമലിന്റെ ലൊക്കേഷനുകള്‍. 2018ല്‍ പുറത്തിറങ്ങിയ വരത്തന്റെ കഥ നടക്കുന്നത് മൂന്നാറിലാണ്. തുടക്കത്തിലെ കുറച്ച് സീനുകളും ടൈറ്റില്‍ സോങ്ങും ദുബായ്‌യില്‍ ഷൂട്ട് ചെയ്തത് മാറ്റി നിര്‍ത്തിയാല്‍ ബാക്കി മുഴുവന്‍ മൂന്നാറിലാണ് ചിത്രീകരിച്ചത്.
കൊവിഡിന്റെ നിയന്ത്രണങ്ങള്‍ക്കിടയില്‍ പൂര്‍ത്തിയാക്കി ഭീഷ്മപര്‍വത്തിന്റെ ലൊക്കേഷന്‍ ഫോര്‍ട്ട് കൊച്ചിയും പരിസര പ്രദേശങ്ങളുമായിരുന്നു. 1980കളില്‍ കൊച്ചിയെ ചുറ്റിപ്പറ്റി നടക്കുന്ന ഗ്യാങ്സ്റ്റര്‍ ഡ്രാമയായിരുന്നു ഭീഷ്മപര്‍വം. രണ്ട് വര്‍ഷത്തിന് ശേഷം അടുത്ത ചിത്രത്തിനായി അമല്‍ നീരദ് വീണ്ടും ഹൈറേഞ്ച് കയറി. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമായിട്ടാണ് അമല്‍ നീരദ് ബോഗെയ്ന്‍വില്ല പൂര്‍ത്തിയാക്കിയത്.
ഭീഷ്മപര്‍വം, വരത്തന് Photo: Theatrical poster
രണ്ട് വര്‍ഷത്തിന് ശേഷം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ വീണ്ടും കൊച്ചിയിലേക്കെത്തി. കരിയറില്‍ ചെയ്ത 11 സിനിമകളില്‍ ഭൂരിഭാഗവും കൊച്ചിയിലും മൂന്നാറിലുമായി ചുറ്റിപ്പറ്റി നില്‍ക്കുന്നവയാണ്. സാഗര്‍ ഏലിയാസ് ജാക്കി (ദുബായ്, ഗോവ), സി.ഐ.എ (കോട്ടയം, മെക്‌സിക്കോ) എന്നീ സിനിമകള്‍ മാത്രമാണ് ഇതില്‍ മാറി നില്‍ക്കുന്നത്.
ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ, ബോഗെയ്ന്‍വില്ല Photo: Theatrical poster
എല്ലാ സിനിമയും ഒരേ ലൊക്കേഷനില്‍ തന്നെ ഒരുക്കുന്നത് പ്രേക്ഷകര്‍ക്കും ചെറിയ മടുപ്പ് സമ്മാനിക്കുന്നുണ്ട്. ഒരുപാട് ലൊക്കേഷനുകളില്‍ ഷൂട്ട് ചെയ്യാനുള്ള മടിയാണോ അതോ തന്റെ വിഷനിലുള്ള കോണ്‍ഫിഡന്‍സാണോ എന്ന കാര്യത്തില്‍ സിനിമാപേജുകളില്‍ ചര്‍ച്ചകള്‍ സജീവമാണ്.
Content Highlight: Locations of Amal Neerad’s last four movie is either Fort Kochi or Munnar