| Sunday, 30th August 2026, 8:03 pm

കാരക്കുടിയില്‍ നിന്ന് ഒരു ഡോണ്‍ വരുന്നുണ്ട്... മമ്മൂട്ടി- നിതീഷ് സഹദേവ് ചിത്രത്തിന്റെ അപ്‌ഡേറ്റ് പുറത്ത്

അമര്‍നാഥ് എം.

അസുഖത്തില്‍ നിന്ന് മോചിതനായ ശേഷം മമ്മൂട്ടിയുടേതായി അനൗണ്‍സ് ചെയ്ത പ്രൊജക്ടുകള്‍ കുറവാണ്. ഈ വര്‍ഷം താരം ഭാഗമായ രണ്ട് സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോവുകയും ചെയ്തു. ചത്താ പച്ചയിലെ കാമിയോ ട്രോളുകളേറ്റു വാങ്ങുകയും വന്‍ ഹൈപ്പിലെത്തിയ പേട്രിയറ്റ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുകയുമായിരുന്നു.

മമ്മൂട്ടിയുടെ ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള പ്രൊജക്ടുകളിലൊന്ന് പുരോഗമിക്കുകയാണ്. ഫാലിമി എന്ന സൂപ്പര്‍ഹിറ്റ് അണിയിച്ചൊരുക്കിയ നിതീഷ് സഹദേവുമായി മമ്മൂട്ടി കൈകോര്‍ക്കുന്ന ചിത്രത്തില്‍ വലിയ ഹൈപ്പാണ് ആരാധകര്‍ക്കുള്ളത്. കഴിഞ്ഞവര്‍ഷം ആരംഭിക്കേണ്ട ചിത്രം മമ്മൂട്ടിയുടെ ഇടവേള കാരണം വൈകുകയായിരുന്നു.

ചിത്രത്തിന്റെ ലൊക്കേഷന്‍ വീഡിയോ ഇപ്പോഴിതാ പുറത്തുവന്നിരിക്കുകയാണ്. നിര്‍മാതാക്കളായ മമ്മൂട്ടിക്കമ്പനിയാണ് വീഡിയോ പുറത്തുവിട്ടത്. വലിയ സ്‌കെയിലില്‍ ഒരുങ്ങുന്ന മാസ് സിനിമയാണെന്ന് വീഡിയോ അടിവരയിടുന്നുണ്ട്. വീഡിയോയില്‍ മുഖം കാണിക്കുന്നില്ലെങ്കിലും മമ്മൂട്ടിയുടെ സാന്നിധ്യം ആരാധകര്‍ക്ക് വലിയ ട്രീറ്റ് നല്‍കുന്നുണ്ട്.

കാറിന്റെ ഫ്രണ്ട് സീറ്റില്‍ കൈ പുറത്തിട്ട് നില്‍ക്കുന്ന ഷോട്ടിലൂടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ റേഞ്ച് വ്യക്തമാക്കുന്നുണ്ട്. അണിയറയിലൊരുങ്ങുന്നത് ചില്ലറ ഐറ്റമല്ലെന്ന് ഈയൊരു ലൊക്കേഷന്‍ വീഡിയോ പറയാതെ പറയുന്നു. തമിഴ്‌നാട് പശ്ചാത്തലമാക്കി ഒരുങ്ങുന്ന മാസ് കോമഡി എന്റര്‍ടൈനറാണ് മമ്മൂട്ടിക്കമ്പനി പ്രൊഡക്ഷന്‍ നമ്പര്‍ 9.

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്കും അധികം വൈകാതെ പുറത്തുവിടുമെന്നും വീഡിയോയില്‍ പറയുന്നു. മമ്മൂട്ടിയുടെ പിറന്നാള്‍ ദിനമായ സെപ്റ്റംബര്‍ ഏഴിന് ടൈറ്റില്‍ റിലീസുണ്ടാകുമെന്നാണ് സിനിമാപേജുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ചുകാലമായി മമ്മൂട്ടിയില്‍ നിന്ന് മിസ് ചെയ്യുന്ന മാസ് കൊമേഷ്‌സ്യല്‍ എന്റര്‍ടൈനര്‍ ഈ ചിത്രത്തിലൂടെ ലഭിക്കുമെന്നും ആരാധകര്‍ കരുതുന്നു.

കാരക്കുടിയിലാണ് ചിത്രത്തിന്റെ ഷൂട്ട് പുരോഗമിക്കുന്നത്. തിരുവനന്തപുരം- നാഗര്‍കോവില്‍ ബോര്‍ഡറിലെ സര്‍ക്കസ് കമ്പനിയുടെ ഉടമയായിട്ടാണ് മമ്മൂട്ടി വേഷമിടുന്നതെന്ന് തുടക്കത്തില്‍ ചില അഭ്യൂഹങ്ങളുണ്ടായിരുന്നു. പുറത്തുവരുന്ന ഫസ്റ്റ് ലുക്കും ടൈറ്റിലും സിനിമയുടെ ഴോണര്‍ വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ. മമ്മൂട്ടിക്ക് പുറമെ ജീന്‍ പോള്‍ ലാല്‍, കുഞ്ചന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവരും ചിത്രത്തിന്റെ ഭാഗമാണ്.

ഈ പ്രൊജക്ടിന് മുമ്പ് ഷൂട്ട് പൂര്‍ത്തിയായ പദയാത്രയുടെ അപ്‌ഡേറ്റുകളൊന്നും പുറത്തുവരാത്തത് ആരാധകരില്‍ നിരാശ നല്‍കുന്നുണ്ട്. അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം നേരിട്ട് ഒ.ടി.ടിയില്‍ റിലീസായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlight: Location video of Mammootty Nitish Sahadev project viral in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more