| Wednesday, 24th September 2025, 3:07 pm

സൂക്ഷിച്ച് നോക്കണ്ട, സംഗതി എ.ഐ തന്നെ, പേട്രിയറ്റ്‌ ആക്ഷന്‍ സീന്‍ എന്ന പേരില്‍ മോഹന്‍ലാലിന്റേതായി പ്രചരിക്കുന്ന ഫോട്ടോ വ്യാജന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളസിനിമ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് പാട്രിയറ്റ്. ഇന്‍ഡസ്ട്രിയുടെ നെടുംതൂണുകളായ മമ്മൂട്ടിയും മോഹന്‍ലാലും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് പാട്രിയറ്റിന്റെ പ്രത്യേകത. ഒപ്പം പാന്‍ ഇന്ത്യന്‍ സെന്‍സേഷന്‍ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിന്റെ ഭാഗമാകുന്നത് പ്രതീക്ഷ ഉയര്‍ത്തുന്നു.

രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന കഥയാണ് ചിത്രത്തിന്റേത്. മോഹന്‍ലാലിനും മമ്മൂട്ടിക്കും രണ്ട് ഗെറ്റപ്പുള്ള ചിത്രത്തില്‍ മികച്ച ആക്ഷന്‍ രംഗങ്ങളും ഉണ്ടെന്നാണ് സൂചന. മോഹന്‍ലാലിന്റെ ആക്ഷന്‍ സീനിന്റെ ലൊക്കേഷന്‍ പിക് ലീക്കായി എന്ന തരത്തില്‍ ഒരു ഫോട്ടോ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ബ്രൗണ്‍ ജാക്കറ്റ് ധരിച്ച് മുഖം മറച്ച മോഹന്‍ലാലിനെയാണ് ചിത്രത്തില്‍ കാണാന്‍ സാധിക്കുന്നത്. ചുറ്റിലും വില്ലന്മാര്‍ നില്‍ക്കുന്നതും ഫോട്ടോയില്‍ കാണാനാകും. എന്നാല്‍ ഈ ചിത്രം ഒറിജിനലല്ല എന്നാണ് പുതിയ വിവരം. എ.ഐ ഉപയോഗിച്ച് നിര്‍മിച്ചതാണ് ഈ ഫോട്ടോയെന്നും ഇത്തരമൊരു രംഗം പാട്രിയറ്റിലില്ലെന്നും സിനിമാപേജുകകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ച മോഹന്‍ലാലിനെ അഭിനന്ദിച്ച് കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പോസ്റ്റിന് പിന്നാലെയാണ് ലീക്ക് ഫോട്ടോ ചര്‍ച്ചയായത്. കുഞ്ചാക്കോ ബോബനൊപ്പം നില്‍ക്കുന്ന മോഹന്‍ലാല്‍ ഇതേ ജാക്കറ്റ് ധരിച്ചതാണ് ആളുകള്‍ ഈ ഫോട്ടോ സത്യമാണെന്ന് വിശ്വസിക്കാന്‍ കാരണം.

ചിത്രത്തിന്റെ ഷൂട്ട് 70 ശതമാനത്തോളം പൂര്‍ത്തിയായെന്നാണ് വിവരം. ഇടവേള കഴിഞ്ഞെത്തുന്ന മമ്മൂട്ടിയുടെ രംഗങ്ങളാണ് ഇനി ചിത്രീകരിക്കാന്‍ ബാക്കിയുള്ളത്. ഒക്ടോബര്‍ ആദ്യവാരം മമ്മൂട്ടി പാട്രിയറ്റിന്റെ സെറ്റില്‍ ജോയിന്‍ ചെയ്യും. ചിത്രത്തിന്റെ ടീസര്‍ കട്ട് പൂര്‍ത്തിയായെന്നും ഒക്ടോബര്‍ രണ്ടിന് ടീസര്‍ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

നയന്‍താരയാണ് ചിത്രത്തിലെ നായിക. ടേക്ക് ഓഫ്, സി യൂ സൂണ്‍, അറിയിപ്പ്, മാലിക് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ മഹേഷ് നാരായണനാണ് പാട്രിയറ്റിന്റെ സംവിധായകന്‍. ശ്രീലങ്ക, ദല്‍ഹി, ചെന്നൈ, കൊച്ചി, ഹൈദരബാദ് എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ട്. 2026 ഏപ്രിലിലോ മെയിലോ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Location Pic of Mohanlal from Patriot movie is fake

We use cookies to give you the best possible experience. Learn more