മുംബൈ: പൂനെയില്‍ മരത്തിനിടയില്‍ നിന്ന് വെള്ളം വരുന്നത് കണ്ടതോടെ മാലയിട്ട് അനുഗ്രഹം തേടി നാട്ടുകാര്‍. പിംപ്രിയിലെ പ്രേംലോക് പാര്‍ക്കിന് സമീപത്തുള്ള നാട്ടുകാരാണ് മരത്തെ ആരാധിക്കാന്‍ തുടങ്ങിയത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ മുന്‍സിപ്പാലിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഭൂഗര്‍ഭ പൈപ്പ്‌ലൈന്‍ പൊട്ടിയതാണെന്ന് കണ്ടെത്തി. പിംപ്രി ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റേതായിരുന്നു കണ്ടെത്തല്‍. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ പ്രതികരിച്ചു.
മരത്തിനിടയില്‍ നിന്ന് വെള്ളം വരുന്നത് കണ്ട നാട്ടുകാര്‍ ചേര്‍ന്ന് പുണ്യജലം ഒഴുകുന്നുവെന്ന് പറഞ്ഞ്, മരത്തില്‍ മാല കെട്ടിയും മഞ്ഞളും സിന്ദൂരവും ചാര്‍ത്തിയാണ് ആരാധന ആരംഭിച്ചത്.
പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് ജൂണ്‍ ആറിന് പൂനെയിലെ സഹാറ സൊസൈറ്റിക്ക് പുറത്തുള്ള പ്രധാന റോഡിന് സമീപമാണ് സംഭവം നടന്നത്. നാട്ടുകാരില്‍ ചിലര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നാണ് മുന്‍സിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തിയത്.
നാട്ടുകാരുടെ ചെയ്തികള്‍ക്കെതിരെ നിലവില്‍ സോഷ്യല്‍ മീഡിയയില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്. 2025ലെത്തിയിട്ടും ഇന്ത്യ എന്തുകൊണ്ട് പുരോഗമിക്കുന്നില്ല എന്ന് ചോദിച്ചുകൊണ്ടാണ് വിമര്‍ശനം. അന്ധവിശ്വാസത്തിന്റെ കൊടുമുടിയിലാണ് ഇന്ത്യ ജനത നിലനില്‍ക്കുന്നതെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.
2024ല്‍ മഥുരയിലെ പ്രശസ്തമായ ബങ്കെ ബിഹാരി മന്ദിറില്‍ സമാനമായ ഒരു സംഭവം നടന്നിരുന്നു. ‘അമൃത്’ ജലം എന്ന് തെറ്റിദ്ധരിച്ച് എ.സിയിലെ വെള്ളം തീര്‍ത്ഥാടകര്‍ കുടിക്കുകയായിരുന്നു. നൂറുകണക്കിന് ആളുകളാണ് ക്ഷേത്രത്തില്‍ നിന്ന് ഈ വെള്ളം കുടിച്ചിരുന്നത്. പ്രതിദിനം ഏകദേശം 10,000 മുതല്‍ 15,000 വരെ ആളുകള്‍ എത്തുന്ന ക്ഷേത്രമാണ് ഇത്.
ആളുകള്‍ ക്യൂവില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ക്ഷേത്രത്തിലെ ഒരു ചുമരില്‍ നിര്‍മിച്ചിട്ടുള്ള ആനയുടെ തല പോലുള്ള രൂപത്തില്‍ നിന്നാണ് വെള്ളം പുറത്തേക്ക് വന്നിരുന്നത്.
ഇത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ കൃഷ്ണന്റെ പാദങ്ങളില്‍ നിന്ന് ഒഴുകിയെത്തുന്ന വെള്ളമെന്നാണ് ക്ഷേത്ര അധികൃതര്‍ ഭക്തരെ വിശ്വസിപ്പിച്ചിരിക്കുന്നത്.
എന്നാല്‍ ആനയുടെ തുമ്പിക്കയ്യിലൂടെ പുറത്തേക്ക് വരുന്ന വെള്ളം എ.സിയിലെ വെള്ളമാണെന്ന് ചൂണ്ടിക്കാട്ടി ഒരു യൂട്യൂബര്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പങ്കുവെക്കുകയായിരുന്നു. ഇതോടെ സംഭവം വിവാദമാകുകയും ക്ഷേത്ര അധികൃതര്‍ക്കെതിരെ പരാതി ഉയരുകയുമായിരുന്നു.
Content Highlight: Locals seek blessings by turning water that flowed through trees after an underground pipe burst into ‘holy water’; Video in pune