| Sunday, 20th September 2026, 4:38 pm

റോഡില്ലെങ്കില്‍ വോട്ടില്ലെന്ന് നാട്ടുകാര്‍; ആവശ്യങ്ങള്‍ അപേക്ഷയായി മുന്നോട്ട് വെക്കണമെന്ന് കേന്ദ്രമന്ത്രി: പ്രതിഷേധം

നിഷാന. വി.വി

ഗുണ: റോഡ് നിര്‍മാണം വൈകുന്നതില്‍ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ വാഹനാവ്യൂഹം തടഞ്ഞ് നാട്ടുകാര്‍. മധ്യപ്രദേശിലെ ഗുണ ലോക്സഭാ മണ്ഡലത്തിലാണ് സംഭവം. ‘റോഡില്ലെങ്കില്‍ വോട്ടില്ല’ എന്നെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ മന്ത്രിയുടെ വാഹനം തടയുകയായിരുന്നു.

എന്നാല്‍ പ്രതിഷേധത്തിനിടെ റോഡ് പണിതില്ലെങ്കില്‍ വോട്ട് നല്‍കില്ലെന്ന് ഒരു പ്രദേശവാസി മുന്നറിയിപ്പ് നല്‍കിയത് മന്ത്രിയെ ചൊടിപ്പിച്ചു. ഇത്തരം ഭാഷ തന്നോട് ഉപയോഗിക്കരുതെന്നും, ആവശ്യങ്ങള്‍ അപേക്ഷയായി മുന്നോട്ട് വെക്കണമെന്നും മന്ത്രി തിരികെ പ്രതികരിച്ചു.

‘എന്നോട് ഈ ഭാഷ ഉപയോഗിക്കരുത്. കാര്യം പറയൂ, ജോലി ചെയ്തു തരേണ്ടത് എന്റെ ഉത്തരവാദിത്തമാണ്,’ എന്നായിരുന്നു സിന്ധ്യയുടെ മറുപടി. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ അതിവേഗം പ്രചരിക്കുകയാണ്.

സംഭവം വിവാദമായതോടെ അരമണിക്കൂറിനുള്ളില്‍ തന്നെ റോഡ് നിര്‍മാണത്തിനായി മൂന്ന് കോടി രൂപ അനുവദിച്ചതായി സിന്ധ്യ പ്രഖ്യാപിച്ചു. ഗുണ എം.എല്‍.എ പന്നാലാല്‍ ശാക്യയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തിയത്.

മഴക്കാലം കഴിഞ്ഞ ഉടന്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. ഗുണ നഗരസഭയുടെ അടിസ്ഥാന വികസനത്തോടുള്ള അനാസ്ഥക്കെതിരെ പ്രദേശവാസികള്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

Content Highlight: Locals declare “no road, no vote”; Union Minister insists demands be submitted as formal requests: Protest ensues.

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more