| Tuesday, 25th November 2025, 8:03 pm

രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ ഉത്തരം പറയേണ്ടത് പ്രാദേശിക നേതൃത്വം: കെ.സി. വേണുഗോപാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കല്‍പ്പറ്റ: പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം പറയേണ്ടത് പ്രാദേശിക നേതൃത്വമാണെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.

രാഹുല്‍ വിഷയത്തില്‍ ശക്തമായ നടപടിയാണ് പാര്‍ട്ടി സ്വീകരിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് എം.പിയുടെ പ്രതികരണം.

രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതാണ്. പാര്‍ട്ടിയില്‍ മാങ്കൂട്ടത്തിലിന് ഒരു സ്ഥാനവുമില്ല. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങളില്‍ തങ്ങള്‍ക്ക് ഒന്നും പറയാനില്ല. തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാഹുല്‍ പങ്കെടുക്കുന്നുണ്ടെങ്കില്‍ അതിന് ഉത്തരം നല്‍കേണ്ടത് പ്രാദേശിക നേതാക്കളാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

രാഹുല്‍ പാലക്കാട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പ്രചരണങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന പശ്ചാത്തലത്തിലാണ് കെ.സി. വേണുഗോപാലിന്റെ പ്രതികരണം. എന്നാല്‍ ചെയ്യാന്‍ പാടില്ലാത്ത ഒരു കാര്യവും താന്‍ ചെയ്യുന്നില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന വിശദീകരണം.

ഒരു തവണ താന്‍ നടപടി നേരിട്ടതാണെന്നും അതിന്റെ പരിധിയില്‍ നിന്നുകൊണ്ട് ചെയ്യാനാവുന്ന കാര്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നതെന്നും രാഹുല്‍ പ്രതികരിച്ചു.

നടപടിയുടെ കാലയളവില്‍ തനിക്ക് എന്തെല്ലാം ചെയ്യാനാകുമെന്ന് നേതാക്കന്മാര്‍ക്കും അറിയാവുന്നതാണ്. ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ മാത്രമേ നേതാക്കന്മാര്‍ക്ക് തന്നെ വിളിക്കേണ്ടതുള്ളുവെന്നും രാഹുല്‍ പറഞ്ഞു.

പാര്‍ട്ടിയുടെ അച്ചടക്കത്തെ ഒരു തരത്തിലും താന്‍ ലംഘിച്ചിട്ടില്ല. താന്‍ പ്രവര്‍ത്തിക്കുന്ന മേഖലയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ തനിക്കാവും വിധം പരിശ്രമിക്കും. അത് ചെറുപ്പം മുതല്‍ക്കെയുള്ള ശീലമാണ്. ആ ശീലം മരണം വരെ തുടരുമെന്നും രാഹുല്‍ പറയുന്നു.

താന്‍ ഒരു നേതാക്കന്മാരുടെയും വാക്കുകള്‍ കേള്‍ക്കാതിരുന്നിട്ടില്ല. എന്നാല്‍ മാധ്യമങ്ങളുടെ വാക്കുകള്‍ കേള്‍ക്കേണ്ടതില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ലൈംഗിക ആരോപണങ്ങളില്‍ കോടതിയിലും ജനകീയ കോടതിയിലുമായി ഉത്തരം പറയുമെന്നും രാഹുല്‍ പ്രതികരിച്ചു.

Content Highlight: Local leadership should be held accountable if Rahul Mamkootathil is participating in election campaigns: K.C. Venugopal

We use cookies to give you the best possible experience. Learn more