| Friday, 24th October 2025, 8:01 am

തദ്ദേശ തെരഞ്ഞെടുപ്പ്: തീവ്രപരിഷ്‌കരണം നീട്ടിവെയ്ക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വോട്ടര്‍ പട്ടികയിലെ തീവ്ര പരിഷ്‌കരണം (എസ്.ഐ.ആര്‍) നീട്ടിവെയ്ക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.

രണ്ട് മാസത്തിനകം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിന്റെ ആശങ്ക തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഉന്നയിച്ചു. എന്നാല്‍ എസ്.ഐ.ആര്‍ നീട്ടിവെയ്ക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല.

സംസ്ഥാന സി.ഇ.ഒമാര്‍ക്കായി സംഘടിപ്പിച്ച രണ്ടുദിവസത്തെ ദല്‍ഹിയിലെ യോഗത്തില്‍ വെച്ചാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രത്തന്‍ ഖേല്‍ക്കര്‍ ആവശ്യം ഉന്നയിച്ചത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറുമായി രത്തന്‍ ഖേല്‍ക്കര്‍ പ്രത്യേകം കൂടിക്കാഴ്ചയും നടത്തി.

ദല്‍ഹിയിലെ ദ്വിദിന യോഗത്തില്‍ സംസ്ഥാന സി.ഇ.ഒമാര്‍ക്ക് എസ്.ഐ.ആറിനെ സംബന്ധിച്ച് ക്ലാസുകളും സംഘടിപ്പിക്കപ്പെട്ടു. തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക നിര്‍ദേശങ്ങളും കൈമാറി. എസ്.ഐ.ആര്‍ ഷെഡ്യൂള്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

കേരളത്തിന് പുറമെ പുതുച്ചേരി, തമിഴ്‌നാട്, അസം, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തി.

കഴിഞ്ഞ മാസം സംഘടിപ്പിച്ച എസ്.ഐ.ആര്‍ തയ്യാറെടുപ്പ് സമ്മേളനത്തിന്റെ തുടര്‍ച്ചയായാണ് ഈ യോഗമെന്ന് കമ്മീഷന്‍ അറിയിച്ചു.

എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശങ്ങളിലും വോട്ടര്‍മാരുടെ എണ്ണം, അവസാന എസ്.ഐ.ആറിന്റെ തീയതി, അവസാനം പൂര്‍ത്തിയാക്കിയ എസ്.ഐ.ആര്‍ പ്രകാരമുള്ള വോട്ടര്‍ പട്ടിക എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്തു.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍, ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്റ് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍, ബൂത്ത് ലെവല്‍ ഏജന്റുമാര്‍ എന്നിവരുടെ നിയമനവും പരിശീലനവും കമ്മീഷന്‍ അവലോകനം ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പ് ഉടനെ നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലാണ് എസ്.ഐ.ആര്‍ ആദ്യഘട്ടത്തില്‍ നടപ്പിലാക്കുക. മൂന്ന് മാസത്തിനകം എസ്.ഐ.ആര്‍ നടപടി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.

ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി മാത്രം പരിഗണിച്ചായിരിക്കും തീവ്രപരിഷ്‌കരണം നടപ്പാക്കുക. പൗരത്വം തെളിയിക്കാനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിക്കുന്ന 11 രേഖകള്‍ ഹാജരാക്കേണ്ടി വരും.

Content Highlight: Local body elections: Kerala asks Election Commission to postpone SIR

Latest Stories

We use cookies to give you the best possible experience. Learn more