കോഴിക്കോട്: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ തരംഗമായി യു.ഡി.എഫ്. പലയിടങ്ങളിലും അട്ടിമറി വിജയമാണ് യു.ഡി.എഫ് നേടിയത്. യു.ഡി.എഫിന്റെ വിജയത്തോടോപ്പം ഇത്തവണത്തെ തെരഞ്ഞെടുപ്പിലുണ്ടായ ചില ‘ആസ്ഥാന തോല്‍വി’കളും ഇപ്പോള്‍ ചര്‍ച്ചയിലുണ്ട്.
തലസ്ഥാന നഗരമാണ് ഈ ആസ്ഥാന തോല്‍വികള്‍ക്ക് സാക്ഷിയായത്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍.ഡി.എ പിടിച്ചെടുത്തെങ്കിലും ബി.ജെ.പിയുടെ ആസ്ഥാനമായ മാരാര്‍ജി ഭവനുള്ള വാര്‍ഡില്‍ യു.ഡി.എഫാണ് വിജയിച്ചത്.
അതേസമയം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനുള്ള വാര്‍ഡില്‍ ബി.ജെ.പിയാണ് നേട്ടം കൈവരിച്ചത്. ശാസ്തമംഗലം ഡിവിഷനില്‍ നിന്നും മത്സരിച്ച ആര്‍. ശ്രീലേഖയിലൂടെ ബി.ജെ.പി ഈ വാര്‍ഡ് നിലനിര്‍ത്തുകയായിരുന്നു.
സമാനമായി എ.കെ.ജി സെന്ററുള്ള പാളയം വാര്‍ഡില്‍ യു.ഡി.എഫാണ് വിജയം കണ്ടത്. ഇതോടെ കേരളത്തിലെ മൂന്ന് മുന്നണികളും ആസ്ഥാന തോല്‍വികള്‍ നേരിടുകയായിരുന്നു. മുതിര്‍ന്ന നേതാക്കളുടെ വാര്‍ഡുകളിലും സമാനമായ അട്ടിമറി വിജയങ്ങളുണ്ടായി.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ വാര്‍ഡിലും മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിയുടെ വാര്‍ഡിലും എന്‍.ഡി.എയാണ് വിജയിച്ചത്. മന്ത്രിമാരായ വി.എന്‍. വാസവന്‍, പി. രാജീവ്, കെ.എന്‍. ബാലഗോപാല്‍ എന്നിവരുടെ വാര്‍ഡുകളില്‍ വിജയിച്ചത് യു.ഡി.എഫും.
കോഴിക്കോട് കോര്‍പ്പറേഷന്‍ മേയറായ ബീന ഫിലിപ്പിന്റെ വാര്‍ഡില്‍ വിജയിച്ചത് എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ടി. രനീഷാണ്. കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ വാര്‍ഡില്‍ ആദ്യമായി യു.ഡി.എഫ് വിജയം കണ്ടു. പായം പഞ്ചായത്തിലെ 15 വാര്‍ഡില്‍ ചരിത്രത്തില്‍ ആദ്യമായാണ് യു.ഡി.എഫ് ജയിച്ചത്.
ജോസ് കെ. മാണിയുടെ മണ്ഡലത്തില്‍ യു.ഡി.എഫിനും മാണി സി. കാപ്പന്റെ വാര്‍ഡില്‍ എല്‍.ഡി.എഫിനുമുണ്ടായ വിജയവും ശ്രദ്ധേയമായി. എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാണ് ആര്‍.ജെ.ഡി മേധാവി ശ്രേയംസ് കുമാറിന്റെ വാര്‍ഡില്‍ ജയിച്ചത്.
Content Highlight: Local body election; UDF where AKG center is located, BJP in the ward where Indira Bhavan is located