| Saturday, 13th December 2025, 6:27 pm

പ്രതീക്ഷിച്ച ഫലമുണ്ടായില്ല; വര്‍ഗീയതക്കെതിരായ ജാഗ്രത ശക്തമാക്കേണ്ടതുണ്ടെന്ന് ഈ ഫലം അടിവരയിടുന്നു: മുഖ്യമന്ത്രി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് പ്രതീക്ഷിച്ച ഫലമുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സംസ്ഥാനത്താകമാനം മികച്ച വിജയം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആ രീതിയിലുള്ള മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്രക്കുറിപ്പിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്.

പരാജയത്തിന്റെ കാരണങ്ങള്‍ വിശദമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകള്‍ വരുത്തി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

തലസ്ഥാന നഗരത്തില്‍ എന്‍.ഡി.എക്ക് മേല്‍ക്കൈ നേടാനായതും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ വര്‍ഗീയതയുടെ സ്വാധീനം ഉണ്ടായതും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരെ ആശങ്കപ്പെടുത്തുന്നതാണെന്നും അദ്ദേഹം പ്രതികരിച്ചു.

‘വര്‍ഗീയ ശക്തികളുടെ ദുഷ്പ്രചരണങ്ങളിലും കുടിലതന്ത്രങ്ങളിലും ജനങ്ങള്‍ അകപ്പെട്ട് പോകാതിരിക്കാനുള്ള ജാഗ്രത ഇനിയും ശക്തമാക്കേണ്ടതുണ്ട് എന്ന മുന്നറിയിപ്പാണ് ഈ തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. എല്ലാത്തരം വര്‍ഗീയതയ്ക്കും എതിരായ പോരാട്ടം കൂടുതല്‍ ശക്തമായി തുടരേണ്ടതിന്റെ ആവശ്യകതയ്ക്കും ഈ ഫലം അടിവരയിടുന്നുണ്ട്. അത്തരം എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആകെ പിന്തുണ ആര്‍ജ്ജിച്ച് മുന്നോട്ട് പോകാനുള്ള ചര്‍ച്ചകളിലേക്കും തീരുമാനങ്ങളിലേക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി വരും നാളുകളില്‍ കടക്കും,’ മുഖ്യമന്ത്രി പറഞ്ഞു.

എല്‍.ഡി.എഫിന്റെ അടിത്തറ കൂടുതല്‍ ഭദ്രമാക്കാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ വികസന-ജനക്ഷേമ പദ്ധതികള്‍ക്കുള്ള ജന പിന്തുണ വര്‍ധിപ്പിക്കാനും എല്‍.ഡി.എഫ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം അറിയിച്ചു.

യു.ഡി.എഫിന്റെ തേരോട്ടമാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായത്. ആറ് കോര്‍പ്പറേഷനുകളിലും നാലിടത്തും യു.ഡി.എഫ് ജയിച്ചു. കൊച്ചി, കണ്ണൂര്‍, തൃശൂര്‍, കൊല്ലം എന്നീ കോര്‍പ്പറേഷനുകളാണ് യു.ഡി.എഫിനൊപ്പം നിന്നത്.

എല്‍.ഡി.എഫില്‍ നിന്നും തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്‍.ഡി.എ പിടിച്ചെടുത്തതും ശ്രദ്ധേയമായി. കോഴിക്കോട് കോര്‍പ്പറേഷന്‍ മാത്രമാണ് എല്‍.ഡി.എഫിന് നിലനിര്‍ത്താനായത്.

മുനിസിപ്പാലിറ്റികളിലും യു.ഡി.എഫ് ആധിപത്യം നിലനിര്‍ത്തി. 86ല്‍ 54 ഉം നേടിയാണ് യു.ഡി.എഫിന്റെ ഈ നേട്ടത്തിലെത്തിയത്. ത്രിതല പഞ്ചായത്തുകളിലും യു.ഡി.എഫ് മികച്ച നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

Content Highlight: Local Body Election; This result underlines the need to strengthen vigilance against communalism: CM

We use cookies to give you the best possible experience. Learn more