| Saturday, 13th December 2025, 4:33 pm

തിരിച്ചടി അപ്രതീക്ഷിതം; ആവശ്യമായ തിരുത്തലുകളുണ്ടാകും, അതിജീവിച്ച ചരിത്രമുണ്ട്: എം.വി. ഗോവിന്ദന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയില്‍ പ്രതികരിച്ച് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

എല്‍.ഡി.എഫിന്റെ അടിത്തറയില്‍ കാര്യമായ ഇളക്കം തട്ടിയിട്ടില്ലെന്നും അത്തരത്തിലുള്ള പ്രചാരവേല വേണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. എ.കെ.ജി സെന്ററില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

ഈ തിരിച്ചടി അപ്രതീക്ഷിതമാണെന്നും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. ആവശ്യമായ തിരുത്തലുകള്‍ വരുത്തും. മുന്‍പും തിരുത്തിയിട്ടുണ്ട്. 2010ലെ തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ ഫലപ്രദമായി നേരിട്ട് തിരിച്ചുവന്നവരാണ് തങ്ങളെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

കൂടുതല്‍ ശക്തമായി ഇടപെട്ട് മുന്നോട്ടുപോകാനാണ് പാര്‍ട്ടിയുടെ തീരുമാനം. പാര്‍ട്ടി അതിജീവിക്കും. തിരുത്തി അതിജീവിച്ച ചരിത്രം ഇടതുപക്ഷത്തിനുണ്ട്. തെരഞ്ഞെടുപ്പ് ഫലം ആഴത്തില്‍ പരിശോധിച്ച ശേഷം കൂടുതല്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഗീയ ശക്തികളുമായി ഒളിച്ചും പരസ്യമായും ഒത്തുചേര്‍ന്നാണ് യു.ഡി.എഫ് പലയിടങ്ങളിലും മത്സരിച്ചത്. ചിലയിടങ്ങളില്‍ ബി.ജെ.പിയുടെ വോട്ട് യു.ഡി.എഫിനും യു.ഡി.എഫിന്റെ വോട്ട് ബി.ജെ.പിക്കും പോയിട്ടുണ്ടെന്നതിന്റെ സൂചനകളും ഇപ്പോള്‍ പുറത്തുവരുന്നുണ്ടെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

ബി.ജെ.പിയെ സംബന്ധിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ജയിച്ചതൊഴിച്ചാല്‍ കാര്യമായ നേട്ടമൊന്നും ഈ തെരഞ്ഞെടുപ്പില്‍ ലഭിച്ചിട്ടില്ല. വര്‍ഗീയ ശക്തികളുമായി ചേര്‍ന്നുനിന്ന് യു.ഡി.എഫ് മത്സരിച്ചപ്പോള്‍ അത് ബി.ജെ.പിയെയും സഹായിച്ചുവെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

സി.പി.ഐ.എം നേതാവും മുന്‍ മന്ത്രിയുമായ എം.എം. മണിയുടെ പരാമര്‍ശം മറ്റു രീതിയില്‍ വ്യാഖ്യാനിക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എം.എം. മണിയ്ക്ക് തന്റേതായ ഒരു ശൈലിയുണ്ടല്ലോ… ആ രീതിയിലാണ് അദ്ദേഹം സംസാരിച്ചതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

‘ക്ഷേമപെന്‍ഷന്‍ വാങ്ങി ശാപ്പാടടിച്ചിട്ട് നമ്മക്കിട്ട് വെച്ചു’ എന്നാണ് എം.എം. മണി പറഞ്ഞത്. വോട്ടര്‍മാരെ അധിക്ഷേപിച്ചുകൊണ്ടായിരുന്നു എം.എം. മണിയുടെ പരാമര്‍ശം.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചകളൊന്നും സംഭവിച്ചിട്ടില്ല. ഭരണമുണ്ടെങ്കില്‍ മാത്രം നിലനില്‍ക്കുന്ന പാര്‍ട്ടിയല്ല സി.പി.ഐ.എമ്മെന്നും എം.വി. ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlight: Local body election, the setback was unexpected: M.V. Govindan

We use cookies to give you the best possible experience. Learn more