തിരുവനന്തപുരം: സംസ്ഥാന തദ്ദേശ തെരഞ്ഞെടുപ്പിലെ ഫലങ്ങളില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും.
തിരുവനന്തപുരത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് പ്രധാനമന്ത്രി പ്രതികരിച്ചത്. ബി.ജെ.പി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്ത പശ്ചാത്തലത്തിലാണ് മോദിയുടെ നന്ദി പ്രകടനം.
ബി.ജെ.പിക്കും എന്‍.ഡി.എയ്ക്കും അനുകൂലമായ ഈ ജനവിധി കേരള രാഷ്ട്രീയത്തിലെ നിര്‍ണായക നിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ നിറവേറ്റാന്‍ ബി.ജെ.പിക്ക് മാത്രമേ കഴിയൂവെന്ന് ജനങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എക്‌സ് പോസ്റ്റിലൂടെയാണ് ബി.ജെ.പിക്ക് വോട്ട് ചെയ്ത കേരളത്തിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നരേന്ദ്ര മോദി നന്ദി അറിയിച്ചത്. യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും കൊണ്ട് സഹികെട്ടിരിക്കുകയാണ് കേരളമെന്നും വിമര്‍ശനമുണ്ട്. താഴെത്തട്ടില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പ്രധാനമന്ത്രി നന്ദി അറിയിച്ചു.
പ്രധാനമന്ത്രിക്ക് പുറമെ ബി.ജെ.പി അധ്യക്ഷനും ആരോഗ്യമന്ത്രിയുമായ ജെ.പി. നദ്ദ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവരും തിരുവനന്തപുരത്തെ ജനങ്ങള്‍ക്ക് നന്ദി അറിയിച്ചിട്ടുണ്ട്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിശ്വാസം അര്‍പ്പിച്ചതിന് കേരളത്തിലെ ജനങ്ങള്‍ക്ക് സല്യൂട്ടെന്നാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഇത് നിര്‍ണായകവും മനസ് നിറച്ച ഒരു ജനവിധിയാണെന്നും അദ്ദേഹം പറഞ്ഞു.
ഈ ഫലം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വന്‍ വിജയം നേടുമെന്നതിന്റെ സൂചനയാണ്. യു.ഡി.എഫില്‍ ജനങ്ങളുടെ ആത്മവിശ്വാസം വര്‍ധിച്ചുവെന്ന് മനസിലാക്കാം. ഈ സന്ദേശം വ്യക്തമാണ്. ഉത്തരവാദിത്തമുള്ള ഭരണമാണ് കേരളം ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്തെ യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് രാഹുല്‍ ഗാന്ധി ചില നിര്‍ദേശങ്ങളും നല്‍കി. കേരളത്തിലെ സാധാരണ ജനങ്ങളോടൊപ്പം നില്‍ക്കുക, അവരുടെ ദൈനംദിന ആശങ്കകള്‍ പരിഹരിക്കുക, സുതാര്യവും ജനങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതുമായ ഭരണം ഉറപ്പാക്കുകയും വേണമെന്നുമാണ് നിര്‍ദേശം.
Content Highlight: Rahul Gandhi salutes the people of Kerala; PM thanks Thiruvananthapuram