| Monday, 10th November 2025, 12:44 pm

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; ആദ്യഘട്ടം ഡിസംബർ ഒമ്പതിന്; രണ്ടാംഘട്ടം 11ന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. വോട്ടെടുപ്പ് രണ്ട് ഘട്ടമായാണ് നടക്കുക. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലായി ഒന്നാം ഘട്ടം വോട്ടെടുപ്പ് ഡിസംബർ 9നും തൃശൂർ മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിയായി രണ്ടാം ഘട്ടം 11നും നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

ഡിസംബർ 13ന് വോട്ടെണ്ണൽ നടക്കും. നവംബർ 14 മുതൽ 21 വരെയാണ് നാമനിർദേശ പത്രിക സമർപ്പിക്കാനാകുക. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാനാണ് പ്രഖ്യാപനം നടത്തിയത്. പുതിയ വാർഡുകൾക്ക് അനുസൃതമായാണ് വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് കമ്മീഷണർ പറഞ്ഞു.

കാലാവധി പൂർത്തിയായിട്ടില്ലാത്ത മട്ടന്നൂർ ഒഴികെയുള്ള 1199 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടത്തുക. സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പ്രാബല്യത്തിൽ വന്നു. മാധ്യമ പ്രവർത്തകർക്കും പെരുമാറ്റ ചട്ടം ബാധകമാണ്.

15 ലധികം സ്ഥാനാർത്ഥികൾ ഉണ്ടെങ്കിൽ അധിക ഇ.വി.എം നൽകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 1,80,000 ഉദ്യോഗസ്ഥരെ നിയമിക്കുമെന്നും സുരക്ഷയ്ക്കായി 70,000 പൊലീസുകാരെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പിന്റെ 48 മണിക്കൂറിലും വോട്ടെണ്ണൽ ദിനത്തിലും മദ്യ നിരോധനം ഏർപ്പെടുത്തുമെന്നും കമ്മീഷൻ അറിയിച്ചു.

അന്തിമ വോട്ടേഴ്‌സ് ലിസ്റ്റ് പ്രകാരം സംസ്ഥാനത്ത് ആകെ 2,84,30,761 വോട്ടർമാരാണുള്ളത്. പുരുഷന്മാർ 1,34,12,470 സ്ത്രീകൾ 1,50,18, 010 281 ട്രാൻസ്‌ജെൻഡേഴ്സുമാണ് ഉള്ളത്. 2841 പ്രവാസികളാണുള്ളത്.

വോട്ടെടുപ്പിനായി 33746 പോളിങ് സ്റ്റേഷനുകൾ ഉണ്ടായിരിക്കുന്നതാണ്. 1,249 റിട്ടേർണിങ് ഓഫീസർമാർ ഉണ്ടായിരിക്കും.

ഗ്രാമ ബ്ലോക്ക് ജില്ലാ പഞ്ചായത്ത് വാർഡുകളിലേക്കുള്ള വോട്ട് രേഖപെടുന്നതിന് 28127 മുൻസിപ്പാലിറ്റികൾക്ക് 3604 കോര്പറേഷനുകൾക്ക് 2015ഉം പോളിങ് സ്റ്റേഷനുകളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.

Content Highlight: local body election date announced

We use cookies to give you the best possible experience. Learn more