കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ യു.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടില്‍ വടിവാളുമായെത്തി സി.പി.ഐ.എം പ്രവര്‍ത്തകര്‍. അക്രമികള്‍ യു.ഡി.എഫ് പ്രവര്‍ത്തകന്റെ കാറും ബൈക്കും വെട്ടിപ്പൊളിച്ചു. കണ്ണൂരിലെ പാറോടാണ് സംഭവം.
വീടുവീടാന്തരം കയറിയിറങ്ങിയ സി.പി.ഐ.എമ്മുകാര്‍ സ്ത്രീകളെയടക്കം ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
ഒരു സംഘം സി.പി.ഐ.എമ്മുകാരാണ് യു.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടിലെത്തിയത്. ഇതേ സംഘം കണ്ണൂരിലെ പാനൂരില്‍ നിരവധി ആളുകള്‍ക്ക് നേരെ വടിവാള്‍ വീശുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കുന്നോത്തുപറമ്പ് പഞ്ചായത്ത് യു.ഡി.എഫ് തിരിച്ചുപിടിച്ചതാണ് സി.പി.ഐ.എം പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കൂടാതെ പാനൂരില്‍ നടന്ന യു.ഡി.എഫിന്റെ ആഹ്ലാദ പ്രകടനം സംഘര്‍ഷത്തിനും വഴിവെച്ചു.
വാക്കുതര്‍ക്കം പിന്നീട് കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. സി.പി.ഐ.എം പ്രവര്‍ത്തകനായ ശരത് കുടുംബസമേതം കാറില്‍ പോകുന്നതിനിടെ യു.ഡി.എഫുകാര്‍ തെറി വിളിച്ചുവെന്നാണ് ആരോപണം.
ഇതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറുമുണ്ടായി. ഏതാനും യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ഇവര്‍ തലശ്ശേരിയിലെ ഇന്ദിര ഗാന്ധി ആശുപത്രിയില്‍ ചികിത്സ തേടിയതായും വിവരമുണ്ട്.
ആരിഫ്, ഷമീല്‍ തുടങ്ങിയ യുവാക്കളാണ് ചികിത്സയിലുള്ളത്. സംഭവത്തില്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കുമെന്നാണ് വിവരം. അതേസമയം പൊലീസ് സംഘര്‍ഷത്തില്‍ ഇടപെട്ടില്ലെന്നും ആരോപണമുണ്ട്.
തിരുവനന്തപുരത്തും സമാനമായി സംഘര്‍ഷമുണ്ടായിട്ടുണ്ട്. ബി.ജെ.പി-സി.പി.ഐ.എം പ്രവര്‍ത്തകര്‍ തമ്മിലാണ് സംഘര്‍ഷമുണ്ടായത്. ഇരുപാര്‍ട്ടികളുടെയും തെരഞ്ഞെടുപ്പ് ഓഫീസുകള്‍ തകര്‍ത്തു. വിളപ്പിന്‍ശാലയില്‍ ജയിച്ച ബി.ജെ.പി സ്ഥാനാര്‍ത്ഥി സജിത ശശിധരന് ആഹ്ലാദ പ്രകടനത്തിനിടെ മര്‍ദനമേല്‍ക്കുകയും ചെയ്തു.
കുറ്റ്യാടിയില്‍ യു.ഡി.എഫ് പ്രവര്‍ത്തകന്റെ വീട്ടിലേക്ക് സി.പി.ഐ.എമ്മുകാര്‍ പടക്കമെറിഞ്ഞതായും വിവരമുണ്ട്. വൈക്കത്ത് ജയിച്ച സി.പി.ഐ.എം വിമതന്‍ മര്‍ദിക്കപ്പെട്ടതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Local body election, CPIM members arrive at UDF worker’s house with swords in Kannur