കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ വടക്കന്‍ കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു. തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ ഏഴ് ജില്ലകളിലാണ് വോട്ടെടുപ്പ് പുരോഗമിക്കുന്നത്.
ബുധനാഴ്ച വൈകുന്നേരത്തോടടെ ഏഴ് ജില്ലകളിലേക്കുള്ള തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായിരുന്നു,
പ്രശ്നബാധിത ബൂത്തുകളില്‍ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്. 470 പഞ്ചായത്തുകളിലെ 9027 വാര്‍ഡുകളിലേക്കുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്. 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനുകളിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനുകളിലേക്കും വോട്ടെടുപ്പ് നടക്കുന്നു.
47 മുനിസിപ്പാലിറ്റികളിലെ 1834 ഡിവിഷനുകളിലേക്കും മൂന്ന് കോര്‍പ്പറേഷനുകളിലെ 188 ഡിവിഷനുകളിലേക്കുമാണ് ഇന്നത്തെ വോട്ടെടുപ്പ്.
ഏഴ് ജില്ലകളിലായി ആകെ 15337176 വോട്ടര്‍മാരാണ് പട്ടികയിലുള്ളത് ഇതില്‍ 7246269 പുരുഷന്‍മാരും, 8090746 സ്ത്രീകളും, 161 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമാണുള്ളത്. 3293 പ്രവാസി വോട്ടര്‍മാരും പട്ടികയിലുണ്ട്.
ആകെ 38994 സ്ഥാനാര്‍ത്ഥികള്‍ ജനവധി തേടുന്നു. ഇതില്‍ 18974 പേര്‍പുരുഷന്മാരും, 20020 സ്ത്രീകളുമാണ് മത്സരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേയ്ക്ക് 28274 ഉം, ബ്ലോക്ക് പഞ്ചായത്തിലേയ്ക്ക് 3742 ഉം, ജില്ലാ പഞ്ചായത്തിലേയ്ക്ക് 681 ഉം, മുനിസിപ്പാലിറ്റികളിലേയ്ക്ക് 5546 ഉം, കോര്‍പ്പറേഷനുകളിലേയ്ക്ക് 751 ഉം സ്ഥാനാര്‍ത്ഥികളുമാണ് മത്സരിക്കുന്നത്.
വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറ് മണി വരെയാണ് പോളിങ്. ഡിസംബര്‍ പതിമൂന്നിനാണ് വോട്ടെണ്ണല്‍.
വോട്ടിങ് യന്ത്രത്തിലെ തകരാര്‍ മൂലം വോട്ടെടുപ്പ് നിര്‍ത്തിവച്ച ആലപ്പുഴ മണ്ണഞ്ചേരിയിലും ഇന്ന് റീപോളിംഗ് നടക്കും.
മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റിവെച്ചിരുന്നു. ഈ വാര്‍ഡില്‍ ബ്ലോക്ക്, ജല്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് നടക്കും.
കണ്ണൂര്‍ ജില്ലയിലെ ആന്തൂര്‍ മുനിസിപ്പാലിറ്റിയിലെ 5 വാര്‍ഡുകളിലും മലപ്പട്ടം, കണ്ണപുരം ഗ്രാമപ്പഞ്ചായത്തുകളിലായി 9 വാര്‍ഡുകളിലും കാസര്‍കോട് ജില്ലയിലെ മംഗല്‍പാടി, മടിക്കൈ ഗ്രാമപ്പഞ്ചായത്തുകളിലെ ഓരോ വാര്‍ഡിലും എതിരില്ലാതെ സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടതിനാല്‍ വോട്ടെടുപ്പ് നടക്കുന്നില്ല.
Content Highlight: Local Body Election 2025: second Phase voting progresses in Kerala