| Tuesday, 16th December 2025, 8:38 am

വടകരയിലെ സി.പി.ഐ.എം-എസ്.ഡി.പി.ഐ ധാരണയില്‍ മുഖ്യമന്ത്രി ഉത്തരം പറയണം: മുല്ലപ്പള്ളി രാമചന്ദ്രന്‍

ആദര്‍ശ് എം.കെ.

കോഴിക്കോട്: വടകര അഴിയൂര്‍ ഗ്രാമപഞ്ചായത്തില്‍ സി.പി.ഐ.എം എസ്.ഡി.പി.ഐയുമായി ധാരണയുണ്ടായെന്ന ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കെ.പി.സി.സി.സി അധ്യക്ഷനുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍.

പഞ്ചായത്തിലെ പ്രധാന പാര്‍ട്ടികളില്‍ ഒന്നായിട്ടും എല്ലാ വാര്‍ഡുകളിലും സ്വാധീനമുണ്ടായിട്ടും അഴിയൂര്‍ ഒന്നാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വെറും പത്ത് വോട്ടും 20ാം വാര്‍ഡില്‍ ഏഴ് വോട്ടുകളുമാണ് ലഭിച്ചതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

തീവ്ര വര്‍ഗീയ സംഘടനയായ എസ്.ഡി.പി.ഐയും കോഴിക്കോട് ജില്ലയിലെ സി.പി.ഐ.എം. നേതൃത്വവുമായി നടത്തിയ രഹസ്യ ചര്‍ച്ചകളിലാണ് ഈ ധാരണ രൂപപ്പെട്ടത്. മുഖ്യമന്ത്രിക്ക് ഏറെ വിശ്വസ്തനായ ഒരു നേതാവാണ് ഈ ചര്‍ച്ചകളുടെ മുഖ്യ കാര്‍മ്മികനെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിമര്‍ശിച്ചു.

ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയുമായി തരാതരം സന്ധി ചെയ്യുകയും വേദികളില്‍ വിപ്ലവ വായാടിത്തം നടത്തുകയും ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഇക്കാര്യത്തില്‍ എന്ത് താത്വിക വിശദീകരണമാണ് ഇനി നല്‍കാനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സി.പി.ഐ.എം പശ്ചിമ ബംഗാള്‍ മാതൃകയിലാണ് മുന്നോട്ട് പോകുന്നതെന്നും 34 വര്‍ഷം തുടര്‍ച്ചയായി ബംഗാള്‍ ഭരിച്ച സി.പി.ഐ.എമ്മിനെ ജനം പടിയടച്ച് പിണ്ഡം വെച്ചത് ഓര്‍ക്കണമെന്നും അദ്ദേഹം കുറിച്ചു.

അഴിമതി, ആക്രമണം, അഹങ്കാരം എന്നിവയായിരുന്നു ബംഗാളിലെ സി.പി.ഐ.എമ്മിന്റെ മുഖമുദ്രയെന്നും അതിന്റെ നേര്‍ ചിത്രമാണ് പത്ത് വര്‍ഷമായി കേരളം കണ്ടുകൊണ്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു,

ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സി.പി.ഐ.എം തയ്യാറായിട്ടില്ലെന്നും ഇന്ത്യയിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി എന്ന ബഹുമതി നേടാന്‍ പിണറായി ഇനി അധികം കഷ്ടപ്പെടേണ്ടി വരില്ലെന്നും വിമര്‍ശിച്ചുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ തവണ ആര്‍.എം.പിയുടെ പിന്തുണയോടെ യു.ഡി.എഫാണ് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരിച്ചത്. ഇത്തവണ എല്‍.ഡി.എഫും യു.ഡി.എഫും ഏഴ് വീതം സീറ്റുകളും എന്‍.ഡി.എ രണ്ട് സീറ്റും സ്വന്തമാക്കി. രണ്ട് സീറ്റുകള്‍ എസ്.ഡി.പി.ഐയും സ്വന്തമാക്കി.

മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപണമുന്നയിച്ച ഒന്നാം വാര്‍ഡില്‍ മുസ്‌ലിം ലീഗിന്റെ സാജിദ് നെല്ലോളി 199 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു. സാജിദ് 684 വോട്ട് നേടിയപ്പോള്‍ 483 വോട്ടുമായി എസ്.ഡി.പി.ഐയുടെ സാലിം പുനത്തിലാണ് രണ്ടാമതെത്തിയത്.

ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രമോദ് 112 വോട്ട് പിടിച്ചപ്പോള്‍ പത്ത് വോട്ടുമായി സി.പി.ഐ.എമ്മിന്റെ കെ.കെ. ഹമീദ് നാലാമതായി.

20ാം വാര്‍ഡായ അഞ്ചാം പീടികയില്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി സബാദ് വി.പി വിജയിച്ചു. 190 വോട്ടിന്റെ ഭൂരിപക്ഷമാണ് ഇവിടെ എസ്.ഡി.പി.ഐക്ക് ലഭിച്ചത്. സബാദ് 721 വോട്ട് സ്വന്തമാക്കിയപ്പോള്‍ മുസ്‌ലിം ലീഗിന്റെ നവാസ് നെല്ലോളി 531 വോട്ടാണ് നേടിയത്.

30 വോട്ടുമായി വെല്‍ഫെയര്‍ പാര്‍ട്ടി മൂന്നാമതും 28 വോട്ടുമായി ബി.ജെ.പി നാലാം സ്ഥാനത്തുമെത്തി. എട്ട് വോട്ട് നേടിയ സ്വതന്ത്രന്‍ നവാസ് നീലോത്താണ് അഞ്ചാമന്‍. ആര്‍.ജെ.ഡിയുടെ അജേഷ് കെ.എമ്മാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജനവിധി തേടിയത്. ഏഴ് വോട്ടാണ് അജേഷിന് ലഭിച്ചത്.

Content Highlight: Local Body Election 2025: Mullappally Ramachandran slams Pinarayi Vijayan

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more