| Saturday, 2nd May 2026, 9:57 am

ലോണ്‍ ആപ്പുകളും ചതിക്കുഴികളും; സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന പേട്രിയറ്റ്

അശ്വിന്‍ രാജേന്ദ്രന്‍

ട്വന്റി-20 എന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രത്തിന് ശേഷം മലയാളത്തിലെ അതികായരായ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തുന്നുവെന്ന പ്രത്യകതയോടെ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത പേട്രിയറ്റ്. ബിഗ് എംസിന് ഒപ്പം കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര, രേവതി, തുടങ്ങി വമ്പന്‍ സ്റ്റാറുകളും ചിത്രത്തിലുണ്ടായിരുന്നെങ്കിലും താരനിരയെക്കാള്‍ ഒരു മഹേഷ് നാരായണന്‍ ചിത്രമെന്ന ലേബലിലാണ് പേട്രിയറ്റ് ശ്രദ്ധിക്കപ്പെടുന്നത്.

ടേക്ക് ഓഫ്, മാലിക്ക്, സി.യു. സൂണ്‍, അറിയിപ്പ് തുടങ്ങി മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്ത മഹേഷ് മലയാള സിനിമയിലെ തന്നെ ഏറ്റവും ചെലവേറിയ പ്രൊജക്ടായിട്ടാണ് പേട്രിയറ്റ് ഒരുക്കിയിരുന്നത്. വമ്പന്‍ താരങ്ങളുടെ താരമൂല്യം ഉപയോഗപ്പെടുത്തി മുടക്കുമുതല്‍ തിരിച്ചുപിടിക്കുക എന്ന ബിസിനസിന് അപ്പുറത്തേക്ക് തന്റെ ചിത്രത്തിലൂടെ കൃത്യമായ ഒരു സന്ദേശം ഓഡിയന്‍സിന് കൈമാറാന്‍ മഹേഷ് നാരായണന് സാധിച്ചിട്ടുണ്ടെന്ന് നിസംശയം പറയാന്‍ പേട്രിയറ്റ് കണ്ടിറങ്ങിയവര്‍ക്ക് സാധിക്കുന്നുണ്ട്.

പേട്രിയറ്റ്. Photo: The Hindu

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പെഗാസസിനെ പെരിസ്‌കോപ്പായും സഞ്ചാര്‍ സാഥിയെ സമാജ് സേവയായും പരാമര്‍ശിച്ച ചിത്രത്തില്‍ സംവിധായകന്‍ ചര്‍ച്ചയാക്കിയ മറ്റൊരു നിര്‍ണായക വിഷയമായിരുന്നു സമൂഹത്തില്‍ പിടി മുറുക്കുന്ന ലോണ്‍ ആപ്പുകള്‍. അടുത്തിടെ കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ബി.ഡി.എസ്. വിദ്യാര്‍ത്ഥി നിതിന്‍ രാജ് ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ലോണ്‍ ആപ്പുകള്‍ക്കുള്ള ബന്ധം കേരളത്തില്‍ വലിയ രീതിയില്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.

ഈ സാഹചര്യത്തിലാണ് പേട്രിയറ്റില്‍ ലോണ്‍ ആപ്പുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് സംവിധായകന്‍ പരാമര്‍ശിച്ചിരിക്കുന്ന രീതി ശ്രദ്ധിക്കപ്പെടുന്നത്. ഫഹദ് ഫാസില്‍ അവരിപ്പിച്ച ശക്തി എന്ന കഥാപാത്രത്തിന്റെ ഉടമസ്ഥതയിലുള്ള ലോണ്‍ ആപ്പ് കമ്പനി കടമായി നല്‍കിയ തുക തിരിച്ചുപിടിക്കാനായി ലോണ്‍ വാങ്ങിയവര്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന രീതികളെ കുറിച്ച് ചിത്രത്തില്‍ കൃത്യമായി പ്രതിപാദിച്ചിട്ടുണ്ടെന്ന് കാണാം.

പത്താംതരം പരീക്ഷയില്‍ മികച്ച മാര്‍ക്ക് നേടിയതിന് ഗവണ്‍മെന്റ് സ്‌കീം വഴി നല്‍കിയ ലാപ്‌ടോപ്പിലെ ക്യാമറ ഉപഭോക്താവിന്റെ അറിവോടെയല്ലാതെ നിയന്ത്രിക്കുകയും, തികച്ചും വ്യക്തിപരമായ വിവരങ്ങളും ചിത്രങ്ങളും കൈക്കലാക്കുകയും ചെയ്യുന്നതിനെക്കുറിച്ച് ചിത്രത്തില്‍ സംസാരിക്കുന്നുണ്ടെന്ന് കാണാം. പിന്നീട് ലോണ്‍ ആപ്പുകളില്‍ നിന്നും പണം കടമെടുക്കുകയും തിരിച്ചടക്കാനാകാതെ കടത്തിനുമേല്‍ കടം പെരുകുകയും ചെയ്യുമ്പോള്‍ ഭീഷണിയായി ഒരു കൂട്ടം ഫോണ്‍കോളുകളാണ് ലോണെടുത്തയാളെ തേടിയെത്തുന്നത്.

എന്നാല്‍ ഒരുപടി കൂടെ കടന്ന് തങ്ങളുടെ അനുവാദമില്ലാതെ പകര്‍ത്തിയ നഗ്ന ദൃശ്യങ്ങളടക്കം ഇത്തരക്കാര്‍ ഇരയെ ഭീഷണിപ്പെടുത്താന്‍ ചിത്രത്തില്‍ ഉപയോഗിക്കുന്നുണ്ട്. പോംവഴിയില്ലാതെ ആത്മഹത്യ ചെയ്യുന്നതും പിന്നീട് ആ കുടുംബം അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും മഹേഷ് നാരായണന്‍ എന്ന സംവിധായകന്‍ കൃത്യമായി പേട്രിയറ്റില്‍ പരാമര്‍ശിക്കുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളുടെയടക്കം അകമ്പടിയോടെ മറ്റ് കമ്പനികളുടെ മറവില്‍ നടക്കുന്ന ഇത്തരം ലോണ്‍ ആപ്പുകളെയും ആളുകളെ ഭീഷണിപ്പെടുത്താന്‍ പ്രത്യേകം സജ്ജമാക്കിയ കോള്‍ സെന്ററുകളെയും ഇവയുടെ പ്രവര്‍ത്തന രീതിയെയും ചിത്രത്തില്‍ കൃത്യമായി വരച്ചിടുന്നുണ്ടെന്ന് കാണാം. ലോണ്‍ എടുത്ത തുക തിരിച്ചടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ കടമെടുത്തയാളുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയുമടക്കം വിളിച്ച് ഭീഷണിപ്പെടുത്തുന്ന രീതി നിതിന്‍ രാജ് കേസിലും പ്രകടമായിരുന്നു.

ചികിത്സാ ആവശ്യത്തിന് ലോണായെടുത്ത തുക തിരിച്ചടയ്ക്കാന്‍ സാധിക്കാതെ വന്നപ്പോള്‍ നിതിന്‍ രാജിന്റെ അധ്യാപകര്‍ അടക്കമുള്ളവരെ ലോണ്‍ ആപ്പ് വിളിച്ച് ഭീഷണിപെടുത്തുകയായിരുന്നു. തുടര്‍ന്ന് അധ്യാപകരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്ന് നിതിന്‍ രാജ് ആത്മഹത്യ ചെയ്യുകയായിരുന്നു. പിന്നാലെ ഉത്തര്‍പ്രദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോണ്‍ ആപ്പിന്റെ കോള്‍ സെന്റര്‍ ജീവനക്കാര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുകയും ചെയ്തിരുന്നു.

നിതിന്‍ രാജ്‌.

ജെ.പി. സോമസുന്ദരമെന്ന കേന്ദ്രമന്ത്രിയെയും മകന്റെ കോര്‍പ്പറേറ്റ് കമ്പനിയായ ശക്തി സെല്യൂഷന്‍സിനെയും നിലവിലെ മന്ത്രി സഭയിലെ ഒരംഗത്തെ ഓര്‍മപ്പെടുത്തുകയും ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് പൗരന്മാരെ നിരീക്ഷിക്കുകയും ചെയ്യുന്നതിനെക്കുറിച്ച് സൂചന നല്‍കുന്ന ചിത്രത്തിനെതിരെ ഏതെങ്കിലും വിധത്തില്‍ സെന്‍സര്‍ ബോര്‍ഡ് നടപടിയുമായി രംഗത്തെത്തുമോ എന്നത് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

Content Highlight: Loan App issues mentioned in Patriot Movie directed by Mahesh Narayanan

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more