ടെല്‍ വീവ്: വിദേശത്ത് ഇസ്രഈലികള്‍ക്കെതിരായ എതിര്‍പ്പും ശത്രുതയും വര്‍ധിച്ചുവരികയാണെന്ന് ഇസ്രഈലി നടി. ഇസ്രഈലിയായി മറ്റൊരു വിദേശ രാജ്യത്ത് ജീവിക്കുക എന്നത് ഇപ്പോള്‍ പ്രയാസമായിരിക്കുകയാണെന്നും പ്രശസ്ത ഹോളിവുഡ് നടിയും മുന്‍ ഇസ്രഈല്‍ സൈനികയുമാായ ഗാല്‍ ഗദോത്ത് പറഞ്ഞു.
കഴിഞ്ഞ 12 വര്‍ഷത്തോളമായി അമേരിക്കയില്‍ കുടുംബത്തോടൊപ്പം താമസിക്കുന്ന താരം, അവിടെ നേരിടുന്ന പ്രതികൂല സാഹചര്യങ്ങളും വംശീയമായ വെറുപ്പും കാരണം സ്വന്തം രാജ്യത്തേക്ക് മടങ്ങുകയാണെന്ന് പറഞ്ഞു. ഇസ്രഈല്‍ ചാനലായ ചാനല്‍ 12ന് നല്‍കിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമര്‍ശം.
ഇസ്രഈലില്‍ നടന്ന നിര്‍ണായകമായ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ ലോസ് ആഞ്ചലസില്‍ നിന്നും നേരിട്ടെത്തിയപ്പോഴാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
ഹോളിവുഡിലും അമേരിക്കയിലെ മറ്റ് പൊതുയിടങ്ങളിലും ജീവിക്കുന്നത് ഇപ്പോള്‍ ഏറെ ബുദ്ധിമുട്ടേറിയതാണെന്ന് താരം പറയുന്നു. പുറത്തുപോകുമ്പോള്‍ ആളുകളുടെ അനാവശ്യ ശ്രദ്ധയും ഇസ്രഈല്‍ വിരുദ്ധ പ്രതിഷേധക്കാരുടെ അതിക്രമങ്ങളും ഒഴിവാക്കാന്‍ താന്‍ ഇപ്പോള്‍ പലപ്പോഴും മാസ്‌ക് ധരിച്ചാണ് ഷോപ്പിങ്ങിന് പോലും പോകുന്നതെന്ന് ഗാല്‍ ഗദോത്ത് വെളിപ്പെടുത്തി.
‘ഈ കാലഘട്ടത്തില്‍ വിദേശത്ത് ഒരു ഇസ്രഈലിയായി ജീവിക്കുക എന്നത് ഏറെ പ്രയാസകരമാണ്. അവിടെ വലിയ രീതിയിലുള്ള വെറുപ്പ് നിലനില്‍ക്കുന്നുണ്ട്,’ എന്ന് താരം അഭിമുഖത്തില്‍ വ്യക്തമാക്കി.
തന്റെ ഭര്‍ത്താവും പ്രമുഖ വ്യവസായിയുമായ ജാരോണ്‍ വര്‍സാനോ, നാല് പെണ്‍മക്കള്‍ എന്നിവര്‍ക്കൊപ്പമാണ് താരം ഇസ്രഈലിലേക്ക് മടങ്ങുന്നത്. ഇതിനായി ഇസ്രഈലില്‍ ഒരു പുതിയ വീടിന്റെ നിര്‍മാണം പുരോഗമിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒക്ടോബര്‍ ഏഴിലെ ഗസ വംശഹത്യയ്ക്ക് ശേഷം ഇസ്രഈലിനെ പിന്തുണച്ച് ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ സംസാരിച്ച പ്രമുഖ വ്യക്തികളില്‍ ഒരാളാണ് ഗാല്‍ ഗദോത്ത്. എന്നാല്‍ ഈ നിലപാടുകള്‍ കാരണം ഹോളിവുഡില്‍ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണങ്ങളും അവരുടെ സിനിമകള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
Content Highlight: Living in a foreign country—specifically Israel—is not easy: Famous actress prepares to return to her home country.