ഡിസംബര്‍ 20ന് ടോട്ടന്‍ഹാം ഹോട്‌സപറിനെതിരായ ആവേശകരമായ പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയിരുന്നു. അലക്‌സാണ്ടര്‍ ഇസാക്കിന്റെയും ഹ്യൂഗോ എക്കിട്ടികെയുടേയും ഗോളിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്.
എന്നാല്‍ ലിവര്‍പൂള്‍ ക്യാമ്പിനെ വലിയ നിരാശയിലാക്കുന്ന വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്. മത്സരത്തില്‍ സൂപ്പര്‍ താരം അലക്‌സാണ്ടര്‍ ഇസാക്കിന് പരിക്ക് പറ്റിയിരുന്നു. മത്സരത്തിന്റെ 56ാം മിനിട്ടില്‍ ലിവര്‍പൂളിനായി ആദ്യ ഗോള്‍ നേടിയതിന് തൊട്ടുപിന്നാലെയാണ് താരത്തിന് കാലില്‍ പരിക്ക് പറ്റിയത്. ടോട്ടന്‍ഹാം താരം മിക്കി വാന്‍ ഡിവെന്റെ ടാക്കിളിലായിരുന്നു ഇസാക്കിന്റെ കാലിന് പരിക്കേറ്റത്.
കാലിന് പരിക്ക് പറ്റിയ അലക്‌സാണ്ടര്‍ ഇസാക്ക് , Photo: Betakopites/x.com
താരത്തിന്റെ കാലിലെ അസ്ഥിക്ക് ഒടിവുണ്ടായോ എന്നാണ് ടീമിന്റെ ആശങ്ക. എം.ആര്‍.ഐ പരിശോധനാ ഫലങ്ങള്‍ പുറത്തുവന്നാലേ പരിക്കിന്റെ ഗുരുതരാവസ്ഥ വ്യക്തമാകൂ. പരിക്ക് ഗുരുതരമാണെങ്കില്‍ മാസങ്ങളോളം താരം പുറത്തിരിക്കേണ്ടി വരുമെന്നാണ് പ്രാഥമിക നിഗമനം.
സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ 125 മില്യണ്‍ പൗണ്ട് എന്ന റെക്കോഡ് തുകയ്ക്ക് ലിവര്‍പൂളിലെത്തിയ സ്വീഡിഷ് സ്‌ട്രൈക്കര്‍ക്കറാണ് അലക്‌സാണ്ടര്‍. താരത്തിന്റെ ഈ പരിക്ക് കനത്ത ആഘാതമാണ് ടീമിന് ഉണ്ടാക്കിയിരിക്കുന്നത്.
മുഹമ്മദ് സലാ ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സിനായി പോയതും കോഡി ഗാപോ പരിക്കില്‍ നിന്ന് പൂര്‍ണമുക്തനാകാത്തതും ലിവര്‍പൂളിന്റെ ആക്രമണ നിരയെ നേരത്തെ പ്രതിസന്ധിയിലാക്കുന്നു.
അതേസമയം പ്രീമിയര്‍ ലീഗില്‍ 17 മത്സരങ്ങളില്‍ നിന്ന് ഒമ്പത് വിജയവും കണ്ട് സമനിലയും ആറ് തോല്‍വിയുമായി അഞ്ചാം സ്ഥാനത്താണ് ലിവര്‍പൂള്‍. 29 പോയിന്റാണ് ടീമിനുള്ളത്. ഡിസംബര്‍ 27നാണ് ലിവര്‍പൂളിന്റെ അടുത്ത മത്സരം. വോള്‍വ്‌സാണ് എതിരാളികള്‍.
Content Highlight: Liverpool star Alexander Isak’s injury could be serious