| Saturday, 5th July 2025, 1:55 pm

You'll Never Walk Alone, ഇത് വെറുമൊരു ചാന്റ് മാത്രമല്ല; ജോട്ടയുടെ ശമ്പളം കുടുംബത്തിന് നല്‍കും, കുട്ടികളുടെ പഠനചെലവ് ഏറ്റെടുക്കും

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകത്തെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ലിവര്‍പൂളിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ഡിയാഗോ ജോട്ടയും സഹോദന്‍ ആന്ദ്രേ സില്‍വയും കാറപകടത്തില്‍ മരണപ്പെടുന്നത്. സ്‌പെയ്‌നിലെ സമേറയില്‍ വെച്ചാണ് അപകടമുണ്ടായത്.

പലാസിയോസ് ഡി സനാബ്രിയയ്ക്ക് സമീപമുള്ള ബജാസ് ഹൈവേയില്‍ (A52) ചൊവ്വാഴ്ച രാവിലെയൊടെയാണ് അപകടമുണ്ടായത്. ജോട്ടയും സഹോദരനും സഞ്ചരിച്ച ലംബോര്‍ഗിനിയാണ് അപകടത്തില്‍പ്പെട്ടത്.

വിവാഹം കഴിഞ്ഞ് രണ്ടാഴ്ചയ്ക്കുള്ളിലാണ് താരത്തിന്റെ മരണം. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന കാമുകി റൂട്ട് കാര്‍ഡോസോയെയാണ് വിവാഹം കഴിച്ചത്.

താരത്തിന്റെ വിയോഗത്തില്‍ ഫുട്‌ബോള്‍ ലോകമൊന്നാകെ വിതുമ്പിയിരുന്നു. താരത്തിന്റെ 20ാം നമ്പര്‍ പിന്‍വലിച്ചുകൊണ്ടാണ് ലിവര്‍പൂള്‍ തങ്ങളുടെ പ്രിയപ്പെട്ടവന് ആദരമര്‍പ്പിച്ചത്. ലിവര്‍പൂള്‍ എന്ന ക്ലബ്ബ് ഉള്ളിടത്തോളം കാലം മറ്റൊരാള്‍ക്കും ക്ലബ്ബിലെ 20ാം നമ്പര്‍ അണിയാന്‍ സാധിക്കില്ല.

എന്നാല്‍ ഇതിന് പുറമെ ജോട്ടയോടുള്ള പ്രതിബദ്ധത വ്യക്തമാക്കുകയാണ് ലിവര്‍പൂള്‍ എഫ്.സി. താരവുമായുള്ള കരാറിലെ ബാക്കി തുക മുഴുവനായും ക്ലബ്ബ് ജോട്ടയുടെ കുടുംബത്തിന് നല്‍കാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പോര്‍ച്ചുഗീസ് മാധ്യമമായ റെക്കോര്‍ഡിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിന് പുറമെ താരത്തിന്റെ കുട്ടികളുടെ പഠന ചെലവും ക്ലബ്ബ് ഏറ്റെടുക്കും.

ലിവര്‍പൂളിന്റെ പ്രവൃത്തിക്ക് പിന്നാലെ ലോകമെമ്പാടുമുള്ള ആരാധകര്‍ ക്ലബ്ബിനോടുള്ള സ്‌നേഹം വ്യക്തമാക്കുകയാണ്. യൂ വില്‍ നോട്ട് വാക്ക് എലോണ്‍ (You’ll Not Walk Alone) എന്നത് ആന്‍ഫീല്‍ഡില്‍ എഴുതിവെക്കപ്പെട്ട വെറും വാക്കുകളല്ലെന്നും, നിങ്ങളെ ഒറ്റയ്ക്കാകാന്‍ ഈ ക്ലബ്ബ് അനുവദിക്കില്ല എന്ന ഉറപ്പാണെന്നും ആരാധകര്‍ പറയുന്നു.

ലിവര്‍പൂളിന്റെ റൈവല്‍ ക്ലബ്ബ് ആരാധകരും ജോട്ടയുടെ മുന്‍ ക്ലബ്ബായ വോള്‍വര്‍ഹാംപ്ടണ്‍ (വോള്‍വ്‌സ്) ആരാധകരും റെഡ്‌സിന്റെ തീരുമാനത്തില്‍ കയ്യടിക്കുന്നുണ്ട്.

ക്ലബ്ബ് വേള്‍ഡ് കപ്പിലെ അല്‍ ഹിലാല്‍ – ഫ്‌ളുമിനന്‍സ് മത്സരവും ജോട്ടയ്ക്കും സഹോദരനും ആദരമര്‍പ്പിച്ച ശേഷമാണ് ആരംഭിച്ചത്. പോര്‍ച്ചുഗലില്‍ ജോട്ടയുടെ സഹതാങ്ങളായ പോര്‍ച്ചുഗീസ് താരങ്ങളായ ജാവോ കോണ്‍സലോയും റൂബന്‍ നെവസും പൊട്ടിക്കരഞ്ഞുകൊണ്ടാണ് ബിഗ് സ്‌ക്രീനില്‍ തങ്ങളുടെ പ്രിയപ്പെട്ടവന്റെ മുഖം ഒരിക്കല്‍ക്കൂടി കണ്ടത്.

അതേസമയം, ചെല്‍സി – പാല്‍മീറസ് മത്സരത്തില്‍ പോര്‍ച്ചുഗീസ് താരം പെഡ്രോ നെറ്റോ ഡിയാഗോയുടെയും സഹോദരന്റെയും പേരെഴുതിയ ജേഴ്‌സിയുമായാണ് കളിക്കളത്തിലെത്തിയത്.

1996ല്‍ പോര്‍ട്ടോയില്‍ ജനിച്ച ജോട്ട, പാക്കോസ് ഡി ഫെരേരയുടെ യൂത്ത് സെറ്റപ്പിലൂടെയാണ് തന്റെ കളി ജീവിതം ആരംഭിച്ചത്. 2016ല്‍ അത്‌ലറ്റിക്കോ മാഡ്രിഡിലേക്കും തൊട്ടടുത്ത വര്‍ഷം പ്രീമിയര്‍ ലീഗില്‍ വോള്‍വര്‍ഹാംപ്ടണ്‍ വാണ്ടറേഴ്‌സിലേക്കും തട്ടകം മാറ്റി. 2020ലാണ് ലിവര്‍പൂളിലെത്തുന്നത്. ക്ലബ്ബിനായി 123 മത്സരങ്ങളില്‍ നിന്നായി 47 ഗോളുകള്‍ നേടിയിട്ടുണ്ട്.

2019, 2025 വര്‍ഷങ്ങളില്‍ യുവേഫ നേഷന്‍സ് ലീഗ് കിരീടമുയര്‍ത്തിയ പോര്‍ച്ചുഗല്‍ ദേശീയ ടീമിലും ജോട്ട അംഗമായിരുന്നു.

Content Highlight: Liverpool honors Diego Jota by paying the final two years of his contract to his family

We use cookies to give you the best possible experience. Learn more