| Thursday, 18th September 2025, 7:20 am

രക്ഷകനായി വാന്‍ ജിക്; ആവേശപ്പോരില്‍ ജയിച്ച് ലിവര്‍പൂള്‍

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ ജയിച്ച് ലിവര്‍പൂള്‍. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ അത്‌ലറ്റികോ മാഡ്രിഡിനോട് രണ്ടിനെതിരെ മൂന്ന് ഗോളുകളാണ് ദി റെഡ്സിന്റെ വിജയം. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നേടിയ ഗോളിലാണ് ആര്‍നെ സ്ലോട്ടിന്റെ കുട്ടികള്‍ ത്രില്ലറില്‍ ജയിച്ച് കയറിയത്.

രണ്ട് സൂപ്പര്‍ ടീമുകള്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ആന്‍ഫീല്‍ഡില്‍ ആവേശകരമായ ഒരു മത്സരത്തിനാണ് ആരാധകര്‍ സാക്ഷിയായത്. അതിന് മാറ്റ് കൂട്ടി ആദ്യ വിസില്‍ മുഴങ്ങി നിമിഷങ്ങള്‍ക്കകം തന്നെ ലിവര്‍പൂള്‍ വലകുലുക്കി. ആന്‍ഡ്രൂ റോബര്‍ട്ട്‌സണായിരുന്നു നാലാം മിനിട്ടില്‍ തന്നെ ലിവര്‍പൂളിനെ മുന്നിലെത്തിച്ചത്.

ആദ്യ ഗോളിന്റെ ആഘോഷം കെട്ടടങ്ങും മുമ്പ് തന്നെ മുഹമ്മദ് സല അടുത്ത ഗോളും നേടി. രണ്ട് ഗോളുകള്‍ തമ്മിലുള്ള വ്യത്യാസം വെറും രണ്ട് മിനിട്ടുകള്‍ മാത്രം. അതോടെ ആന്‍ഫീല്‍ഡ് ഗാലറി ആരാധകരുടെ ആര്‍പ്പുവിളികളാല്‍ നിറഞ്ഞു.

അതോടെ, അത്‌ലറ്റികോ താരങ്ങള്‍ ഉണര്‍ന്നു. നിമിഷങ്ങള്‍ക്കകം പന്തുമായി ലിവര്‍പൂള്‍ പോസ്റ്റിനെ ലക്ഷ്യമായി കുതിച്ചു. പിന്നീടങ്ങോട്ട് ഇരുടീമുകളുടെയും ഗോളിനായി നിര്‍ത്താതെയുള്ള ശ്രമങ്ങളായിരുന്നു. ദി റെഡ്സിനായി സല മുന്നേറ്റങ്ങള്‍ക്ക് കരുത്ത് പകര്‍ന്നപ്പോള്‍ മറുവശത്ത് അന്റോയിന്‍ ഗ്രീസ്മാന്‍ മാഡ്രിഡിന്റെ ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.

36ാം മിനിട്ടില്‍ ലിവര്‍പൂളിന് പെനാല്‍റ്റി ലഭിച്ചെങ്കിലും വാര്‍ പരിശോധനയിലൂടെ അത് അസാധുവായി. പിന്നെയും ഇരു ടീമിലെയും താരങ്ങള്‍ പന്തുമായി കളം നിറഞ്ഞ് കളിച്ചു. മുന്നേറ്റങ്ങള്‍ക്ക് ഒടുവില്‍ അത്‌ലറ്റികോ ഇഞ്ചുറി ടൈമില്‍ തങ്ങളുടെ ആദ്യ ഗോള്‍ കണ്ടെത്തി. മാര്‍ക്കോസ് ലോറെന്റെയുടെ വകയായിരുന്നു അത്‌ലറ്റികോയുടെ ആദ്യ ഗോള്‍.

ഗ്രീസ്മാന്റെ ഒരു ഉഗ്രന്‍ ഗോള്‍ ശ്രമത്തോടെയാണ് രണ്ടാം പകുതിക്ക് തുടക്കമായത്. പിന്നാലെ ദി റെഡ്സും മുന്നേറ്റങ്ങളുമായി കളം വാണു. എന്നാല്‍, ആന്‍ഫീല്‍ഡിനെ ഒന്നാകെ നിശബ്ദമാക്കി അത്‌ലറ്റികോ ലിവര്‍പൂളിന് ഒപ്പമെത്തി. 81ാം മിനിട്ടില്‍ ലോറെന്റെ തന്റെ രണ്ടാം ഗോള്‍ അടിച്ച് ടീമിന് സമനില സമ്മാനിക്കുകയായിരുന്നു.

തങ്ങള്‍ക്ക് ആധിപത്യമുള്ള മത്സരത്തില്‍ സ്പാനിഷ് ടീം രണ്ടാം ഗോളും അടിച്ചതോടെ ഒന്ന് പതറിയെങ്കിലും സ്ലോട്ടിന്റെ കുട്ടികള്‍ വിട്ടുനല്‍കാന്‍ തയ്യാറായിരുന്നില്ല. തുടരെ മുന്നേറ്റങ്ങളുമായി സലയും സംഘവും അത്‌ലറ്റികോ പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാല്‍ സ്‌കോര്‍ ബോര്‍ഡ് മാറ്റമില്ലാതെ തുടര്‍ന്നു.

അധികസമയത്തേക്ക് മത്സരം കടന്നപ്പോള്‍ സമനിലയില്‍ അവസാനിക്കുമെന്ന് ആരാധകര്‍ ഏറെ കുറെ ഉറപ്പിച്ചിരിക്കെ വിര്‍ജില്‍ വാന്‍ ജിക് ദി റെഡ്സിന്റെ വിജയഗോള്‍ നേടി. അതോടെ, ഗാലറിയാകെ ആവേശം തിരയടിച്ചു. മത്സരത്തിന് മിനിട്ടുകള്‍ മാത്രമുള്ളപ്പോഴും ചുവന്ന കുപ്പായക്കാര്‍ ലീഡ് ഉയര്‍ത്താന്‍ വീണ്ടും ശ്രമങ്ങള്‍ നടത്തി. പിന്നാലെ ഫൈനല്‍ വിസില്‍ മുഴങ്ങി. അതോടെ ആവേശപ്പോരില്‍ ലിവര്‍പൂള്‍ ജയവും മൂന്ന് പോയിന്റും സ്വന്തമാക്കി.

Content Highlight: Liverpool defeated Athletico Madrid in UEFA Champions League

We use cookies to give you the best possible experience. Learn more