| Saturday, 3rd May 2025, 5:10 pm

കടുപ്പമേറിയ എതിരാളികള്‍ ഇവരാണ്; ഇതിഹാസങ്ങളുടെ പേര് വെളിപ്പെടുത്തി വാന്‍ ജിക്

സ്പോര്‍ട്സ് ഡെസ്‌ക്

ഫുട്ബോള്‍ ലോകത്തെ ഇതിഹാസ താരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. കളിക്കളത്തിലെ മാസ്മരിക പ്രകടനങ്ങള്‍ കൊണ്ട് ലോകത്തെ ഫുട്‌ബോള്‍ ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഇരുവരും മുന്നേറുന്നത്.

ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ കരിയര്‍ ഗോളുകള്‍ സ്വന്തമാക്കിയാണ് റോണോയുടെ കുതിപ്പ്. 934 ഗോളുകളാണ് താരം സ്വന്തമാക്കിയത്. 40ാം വയസിലും സൗദി പ്രൊ ലീഗില്‍ അല്‍ നസറിനായി മികച്ച പ്രകടനമാണ് താരം നടത്തുന്നത്.

അതേസമയം അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസി 858 ഗോളുകള്‍ നേടിയാണ് മുന്നേറുന്നത്. നിലവില്‍ എം.എല്‍.എസില്‍ ഇന്റര്‍ മയാമിക്ക് വേണ്ടിയാണ് താരം കളിക്കുന്നത്. ഇരുവരിലും ആരാണ് മികച്ച ഫുട്ബോളര്‍ എന്ന ചര്‍ച്ചകള്‍ ഇപ്പോഴും അറ്റംകാണാതെ പോകുകയാണ്.

ഇപ്പോള്‍ താന്‍ നേരിട്ട താരങ്ങളില്‍ ഏറ്റവും കടുപ്പമേറിയ എതിരാളികളാണ് മെസിയും റൊണാള്‍ഡോയുമെന്ന് പറയുകയാണ് ലിവര്‍പൂള്‍ നായകന്‍ വിര്‍ജില്‍ വാന്‍ ജിക്. ഇരുവരും വളരെ മികച്ച കളിക്കാരാണെന്നും അവരെ പ്രതിരോധിക്കുക പ്രയാസമാണെന്നും താരം പറഞ്ഞു.

മികച്ച കളിക്കാര്‍ക്കെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണെന്നും അതൊരു പ്രത്യേക അനുഭവമാണെന്നും വാന്‍ ജിക് കൂട്ടിച്ചേര്‍ത്തു. ടി.ബി.ആര്‍ ഫുട്‌ബോളില്‍ സംസാരിക്കുകയായിരുന്നു ലിവര്‍പൂള്‍ നായകന്‍.

‘ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും. രണ്ടുപേരും വളരെ വളരെ വളരെ മികച്ച കളിക്കാരാണ്. അവരെ പ്രതിരോധിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്റെ അഭിപ്രായത്തില്‍ മികച്ച കളിക്കാര്‍ക്കെതിരെ കളിക്കുന്നത് എല്ലായ്‌പ്പോഴും നല്ലതാണ്.

കാരണം അത് നിങ്ങളെ നിങ്ങളുടെ പരമാവധി ചെയ്യാന്‍ പ്രേരിപ്പിക്കുകയും വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. അതൊരു പ്രത്യേക അനുഭവമാണ്,’ വാന്‍ ജിക് പറഞ്ഞു.

റൊണാള്‍ഡോയും വാന്‍ ജിക്കും തമ്മില്‍ ഫുട്‌ബോളില്‍ പരസ്പരം അഞ്ച് തവണയാണ് ഏറ്റുമുട്ടിയുള്ളത്. വാന്‍ ജിക് ലിവര്‍പൂളില്‍ മൂന്ന് തവണയും ദേശീയ ടീമില്‍ രണ്ട് തവണയുമാണ് താരത്തിനെതിരെ കളികളത്തിലിറങ്ങിയിട്ടുള്ളത്. ഇതില്‍ മൂന്ന് തവണയും വാന്‍ ജിക്കിന്റെ ടീം തോല്‍ക്കുകയായിരുന്നു.

അതേസമയം, മെസിയുമായി മൂന്ന് തവണയാണ് താരം പിച്ച് പങ്കിട്ടിട്ടുള്ളത്. ഇതില്‍ രണ്ട് തവണയും മെസിയുടെ ടീമാണ് വിജയിച്ച് കയറിയത്. യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ 2018-19 സീസണില്‍ ആന്‍ഫീല്‍ഡില്‍ ബാഴ്സലോണക്കെതിരെ മാത്രമാണ് വാന്‍ ജിക് മെസിക്കെതിരെ ജയിച്ചത്.

Content Highlight: Liverpool Captain Virgil Van Dijk select Cristiano Ronaldo and Lionel Messi as the toughest attackers he’s ever faced

We use cookies to give you the best possible experience. Learn more