| Saturday, 31st October 2026, 7:08 am

ഹോട്ടലുടമകളുടെ ഉപജീവനം അപകടത്തിലാണ്: സോമനാഥ് ക്ഷേത്രത്തിന് സമീപം മാംസാഹാര വില്‍പ്പന വിലക്കിയ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി

നിഷാന. വി.വി

അഹമദാബാാദ്: സോമനാഥ് ക്ഷേത്രത്തിന് സമീപം മാംസാഹാര വില്‍പ്പന വിലക്കിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കി ഗുജറാത്ത് ഹൈക്കോടതി. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളിലും സമീപത്തെ ആറ് പ്രത്യേക മേഖലകളിലും മാംസാഹാര വിഭവങ്ങളുടെ വില്‍പ്പനയ്ക്കും സൂക്ഷിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഹോട്ടലുടമകള്‍ നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവ്.

എന്നാല്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുന്നതിനായി ഏഴ് ദിവസത്തെ സ്റ്റേ അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് രണ്ട് ദിവസത്തെ സ്‌റ്റേ കൂടി അനുവദിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടെങ്കിലും അതും കോടതി നിഷേധിക്കുകയായിരുന്നു.

ഹരജിക്കാരായ ഹോട്ടല്‍ ഉടമകളുടെ ഉപജീവന മാര്‍ഗം മുടങ്ങുമെന്ന് ചൂണ്ടിക്കാണിച്ചാണ് കോടതിയുടെ നിര്‍ണായക ഇടപെടല്‍. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ചോദ്യം ചെയ്ത സര്‍ക്കാര്‍ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന്റെ സമീപിക്കുകയും ഡിവിഷന്‍ ബെഞ്ചില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മാംസാഹാര വിഭവങ്ങളുടെ വില്‍പ്പന വിലക്കി കഴിഞ്ഞ ആഗസ്റ്റിലാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചത്. ഭരണഘടനയുടെ അനുച്ഛേദം 19(1) (g) പ്രകാരം ഏതൊരു തൊഴിലും വ്യാപാരവും ബിസിനസും നടത്താനുള്ള പൗരന്മാരുടെ അവകാശത്തെ സര്‍ക്കാര്‍ തീരുമാനം ലംഘിക്കുന്നുവെന്ന് ഹരജിക്കാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ അസ്റാര്‍ മന്‍സൂരി വാദിച്ചു. ന്യായമായ കാരണങ്ങളില്ലാതെ ഒരാളുടെ തൊഴിലിനോ, ഉപജീവനമാര്‍ഗത്തിനോ അധികൃതര്‍ക്ക് തടസം സൃഷ്ടിക്കാനാകില്ലെന്നും അദ്ദേഹം കോടതിയില്‍ ചൂണ്ടിക്കാട്ടി. കോടതി ഈ വാദം അംഗീകരിച്ചാണ് വിലക്ക് നീക്കിയത്.

ഒക്ടോബര്‍ ഏഴിന് ഹൈകോടതിയില്‍ കേസ് ആദ്യമായി പരിഗണിച്ച ദിവസം തന്നെ തഹസില്‍ദാര്‍ ആറ് ഹോട്ടലുടമകളെയും പൊലീസ് ഔട്ട്‌പോസ്റ്റിലേക്ക് വിളിച്ചുവരുത്തി നിര്‍ബന്ധിച്ച് രേഖയില്‍ ഒപ്പിടിച്ചതായും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. ഭാവിയില്‍ മാംസാഹാര വിഭവങ്ങള്‍ വില്‍ക്കില്ലെന്നും വെജിറ്റേറിയന്‍ ഭക്ഷണസാധനങ്ങള്‍ മാത്രമേ വില്‍ക്കുകയുള്ളൂവെന്നും ഉറപ്പുനല്‍കുന്ന രേഖയിലാണ് ഉടമകളെക്കൊണ്ട് ഒപ്പിടുവിച്ചത്.

ഹരജി കോടതിയുടെ പരിഗണനയിലിരിക്കെ, കേസ് ആദ്യമായി വാദം കേട്ട അതേ ദിവസം തന്നെ തഹസില്‍ദാര്‍ ഹോട്ടലുടമകളില്‍നിന്ന് ഇത്തരത്തില്‍ ഒപ്പു വാങ്ങിയത് എന്തിനാണെന്നും ഹൈകോടതി സര്‍ക്കാറിനോട് ചോദിച്ചു.

Content Highlight: Livelihoods of hotel owners at risk: Gujarat High Court quashes order banning the sale of non-vegetarian food near Somnath Temple

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more