ചെന്നൈ: ലിവ് ഇന്‍ റിലേഷന്‍ഷിപ്പുകള്‍ ഗന്ധര്‍വ വിവാഹം അഥവാ പ്രണയ വിവാഹമായി കാണണമെന്നും അത്തരം ബന്ധങ്ങളിലെ സ്ത്രീകള്‍ക്ക് ഭാര്യ പദവി നല്‍കികൊണ്ട് സംരക്ഷിക്കണമെന്നും മദ്രാസ് ഹൈക്കോടി മധുര ബെഞ്ച്.
വിവാഹം കഴിക്കാമെന്ന വാഗ്ദാനം നല്‍കി ലീവ് ഇന്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെട്ട ശേഷം പുരുഷന്മാര്‍ സ്ത്രീകളെ കൈവിടുന്ന പ്രവണതയ്‌ക്കെതിരെയായിരുന്നു കോടതി നിരീക്ഷണം.
ഇന്ത്യന്‍ പാരമ്പര്യത്തില്‍ അംഗീകരിക്കപ്പെട്ട പ്രണയ വിവാഹത്തിന്റെ പുരാതന രൂപമായ ഗന്ധര്‍വ്വ വിവാഹത്തിന്റെ കണ്ണിലൂടെ വീക്ഷിച്ച് ലിവിന്‍ റിലേഷനിലെ സ്ത്രീകള്‍ക്ക് ഭാര്യാ പദവി നല്‍കണമെന്നും ഇതുവഴി അവര്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
തിരുച്ചിറപ്പള്ളി സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹരജി തള്ളികൊണ്ടായിരുന്നു ജസ്റ്റിസ് ശ്രീമതിയുടെ നിരീക്ഷണം.
ഒരു യുവതിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുകയും പിന്നീട് വിവാഹം ചെയ്യാന്‍ വിസമ്മതിക്കുകയും ചെയ്തതിനെ തുടര്‍ന്ന് 2014ല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹരജിയാണ് കോടതി തള്ളിയത്.
ആധുനിക ബന്ധങ്ങളുടെ കെണിയില്‍പെട്ട ദുര്‍ബലരായ സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ കോടതികള്‍ക്കുണ്ടെന്നും ലിവ് ഇന്‍ ബന്ധങ്ങള്‍ ഇന്ത്യയില്‍ ഒരു സാംസ്‌കാരിക ആഘാതമാണെന്നും കോടതി പറഞ്ഞു.
എന്നാല്‍ ഇന്നിത് സാധാരണമായിട്ടുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
വിവാഹ വാഗ്ദാനം നല്‍കി ബന്ധം തുടങ്ങുന്ന പുരുഷന്മാര്‍ പിന്നീട് ബന്ധം വഷളാവുമ്പോള്‍ സ്ത്രീകളുടെ സ്വഭാവത്തെ ചോദ്യം ചെയ്യുകയും ഉപേക്ഷിക്കുകയും ചെയ്യുന്ന പ്രവണതയുണ്ടെന്നും ജഡ്ജി ചൂണ്ടികാട്ടി.
എന്നാല്‍ ഇത് ഭാരതീയ നിയമസംഹിയതയിലെ സെക്ഷന്‍ 69 പ്രകാരം ക്രിമിനല്‍ കുറ്റമായി കണക്കാക്കാമെന്നും വിവാഹം സാധ്യമല്ലെങ്കില്‍ പുരുഷന്മാര്‍ നിയമത്തെ നേരിടട്ടേയെന്നും ജസ്റ്റിസ് ശ്രീമതി പറഞ്ഞു.
Content Highlight: Live-in relationships should be treated as love marriages; women should be given the status of wives: Madras High Court