ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.
ബംഗ്ലാദേശ്: 400 & 168
സൗത്ത് ആഫ്രിക്ക: 557 & 12/1 (T: 12)
മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് തൗഹിദ് ഹൃദോയിയുടെയും ലിട്ടന്‍ ദാസിന്റെയും സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് സ്കോര്‍ ഉയര്‍ത്തിയത്. 227 പന്തില്‍ 137 റണ്‍സ് നേടിയാണ് ഹൃദോയ് നേടിയത്. ലിട്ടണ്‍ ദാസ് 179 പന്തില്‍ 120 റണ്‍സുമായാണ് തിളങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിനായി അഞ്ച് വിക്കറ്റ് നേടി കഗീസോ റബാദയാണ് മിന്നും പ്രകടനം നടത്തിയത്. ഡാന്‍ പാറ്റേഴ്സണ്‍ നാല് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. മാര്‍ക്കോ യാന്‍സനാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക മാര്‍കസ് ഓക്മാനിന്റെയും റയാന് റിക്കിള്‍ട്ടണിന്റെയും സെഞ്ച്വറിയിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്.
മാര്‍ക്കസ് 164 പന്തില്‍ 157 റണ്‍സാണ് നേടിയത്. റയാന് 165 പന്തില്‍ 102 റണ്‍സും സ്കോര്‍ ചെയ്തു. 83 റണ്‍സ് നേടിയ സുബൈര്‍ ഹംസയും തിളങ്ങി. റബാദ 72 റണ്‍സ് നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു.
ഇന്നിങ്സില്‍ ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ഒരു റെക്കോഡും പിറന്നിരുന്നു. ബംഗ്ലാദേശിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലിട്ടണ്‍ ദാസിന്റെ പ്രകടനത്തിലാണ് ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഐതിഹാസിക റെക്കോഡ് പിറന്നത്. ടെസ്റ്റിലെ ഒരു ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ താരങ്ങളെ പുറത്താക്കുന്ന വിക്കറ്റ് കീപ്പറായി മാറാനാണ് ലിട്ടണ്‍ ദാസിന് സാധിച്ചത്.
പ്രോട്ടിയാസിന്റെ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങില്‍ എട്ട് താരങ്ങളെ പുറത്താക്കിയാണ് താരം ചരിത്രം കുറിച്ചത്. ആറ് കീപ്പര്‍ ക്യാച്ചും രണ്ട് സ്റ്റംപിങ്ങും ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ഡിസ്മിസലുകള്‍.
മുമ്പ് ഈ നേട്ടത്തില്‍ ഏഴ് പുറത്താക്കലുകള്‍ നടത്തിയ പാകിസ്ഥാന്റെ വസീം ബാരി, ഇംഗ്ലണ്ടിന്റെ ബോബ് ടെയ്ലര്, ന്യൂസിലാന്‍ഡിന്റെ ഇയാന്‍ സ്മിത്ത്, വെസ്റ്റ് ഇന്‍ഡീസിന്റെ റിഡ്ലി ജേക്കബ്സ്, ജോഷ്വ ഡി സില്‍വ എന്നിവരായിരുന്നു.
ഇന്നിങ്സില്‍ ബംഗ്ലാദേശിന് വേണ്ടി ഹസന് മുഹമ്മദ് നാല് വിക്കറ്റും തസ്കിന് അഹമ്മദ്, മെഹ്ദി ഹസന് മിര്സ് എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇബദോത് ഹൊസൈന്‍, മൊനീമുള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 168 റണ്‍സിനാണ് ഓള് ഔട്ട് ആയത്. പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദ മൂന്ന് വിക്കറ്റും നേടി. ശേഷം 12 റണ്‍സിന്റെ ടാര്‍ഗറ്റ് അനായാസമായി പ്രോട്ടിയാസ് മറികടക്കുകയായിരുന്നു.
Content Highlight: Litton Das In Great Record Achievement in Test Cricket