| Saturday, 17th January 2026, 12:03 am

ട്രാഫിക് സിനിമയെ ഓര്‍മപ്പെടുത്തുന്നതാണ് ബേബി ഗേളിന്റെ കണ്ടന്റ്: ലിസ്റ്റിന്‍ സ്റ്റീഫന്‍

ഐറിന്‍ മരിയ ആന്റണി

ബേബി ഗേളിന്റെ കഥ ബോബി സഞ്ജയുടെ ട്രാഫിക് എന്ന സിനിമയെ ഓര്‍മപ്പെടുത്തുന്നതാണെന്ന് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.

‘2010ലാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. എന്റെ ആദ്യ സിനിമയായ ട്രാഫിക്കിന്റെ റൈറ്റേഴ്‌സാണ് ബോബി-സഞ്ജയ്. ബോബി സഞ്ജയുമായി ഒരുപാട് സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ബേബി ഗേളിന്റെ കഥ പറഞ്ഞ് കഴിഞ്ഞപ്പോള്‍ ട്രാഫിക് സിനിമയെ ഓര്‍മപ്പെടുത്തുന്ന ഒരു കണ്ടന്റായി എനിക്ക് തോന്നി. അത്തരമൊരു കണ്ടന്റാണ് ബേബി ഗേളിന്റേത്.

ഈ സിനിമയില്‍ ഒരു ഹീറോ ഉണ്ടെന്ന് പറയാന്‍ കഴിയില്ല. ചിത്രത്തിന്റെ ഹീറോ എന്ന് പറയുന്നത് പേരുപോലെ തന്നെ ബേബി ഗേളാണ്. ഈ സിനിമ മാര്‍ക്കറ്റ് ചെയ്യാന്‍ ഞങ്ങള്‍ക്ക് കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നു. നിവിനെ സിനിമയില നായകനാണെങ്കിലും അദ്ദേഹത്തെ നമുക്ക് പ്രൊജക്ട് ചെയ്ത് പറയാന്‍ കഴിയില്ല.
അത്തരത്തില്‍ ചെയ്യുകയാണെങ്കില്‍ പ്രേക്ഷകര്‍ക്ക് നമ്മള്‍ ഒരു റോ മെസേജ് കൊടുക്കുന്നത് പോലെയാകും. അതുകൊണ്ട് പബ്ലിസിറ്റി അങ്ങനെ കൊടുക്കാന്‍ കഴിയില്ല,’ ലിസ്റ്റിന്‍ പറയുന്നു.

ബേബി ഗേളിന് ഒരുപാട് പബ്ലിസിറ്റി കൊടുക്കാന്‍ കഴിയാത്തത് വിഷമുണ്ടാക്കുന്ന കാര്യമാണെന്നും ചിത്രത്തിലെ പാട്ടോ മറ്റ് കാര്യങ്ങളോ റിവീല്‍ ചെയ്യാന്‍ പറ്റില്ലെന്നും അത്തരത്തില്‍ ലിമിറ്റേഷനുകളുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ദിവസത്തെ കഥ പറയുന്ന സിനിമയാണ് ബേബി ഗേളെന്നും ഒരുപാട് പ്രൊമോഷന്‍ കൊടുത്തു കഴിഞ്ഞാല്‍ സിനിമയെ അത് ബാധിക്കുമെന്നും ലിസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു.

ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ബേബി ഗേള്‍ സംവിധാനം ചെയ്യുന്നത് ഗരുഡന്‍ സിനിമയുടെ സംവിധായകന്‍ അരുണ്‍ വര്‍മയാണ്. മാജിക് ഫ്രെയ്മിസിന്റെ ബാനറില്‍ ലിസ്റ്റിന്‍ നിര്‍മിക്കുന്ന ചിത്രം ജനുവരി 23നാണ് തിയേറ്ററുകളിലെത്തുന്നത്.

സിനിമയുടെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍ ജോസ്, സംഗീത പ്രതാപ് തുടങ്ങിയവരും പ്രധാനവേഷങ്ങൡലെത്തുന്നുണ്ട്.

രാജേഷ് പിള്ളയുടെ സംവിധാനത്തില്‍ ബോബി-സഞ്ജയ് തിരക്കഥ നിര്‍വഹിച്ച ട്രാഫിക് 2011ലാണ് തിയേറ്ററുകളിലെത്തിയത്. ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, അനൂപ് മേനോന്‍, ആസിഫ് അലി, അഹ്‌മാന്‍, ലെന തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം മലയാളത്തിലെ ആദ്യ ന്യൂ ജനറേഷന്‍ സിനിമയെന്നാണ് വിശേഷിപ്പിക്കുന്നത്.

Content Highlight: Listin Stephen says that the story of Baby Girl is reminiscent of Bobby Sanjay’s film Traffic 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more