| Sunday, 10th August 2025, 5:25 pm

ചാപ്പാ കുരിശില്‍ ഫഹദിനോട് റെമ്യുണറേഷന്‍ ചോദിച്ചപ്പോള്‍ ഇതായിരുന്നു ഫഹദിന്റെ മറുപടി: ലിസ്റ്റിന്‍ സ്റ്റീഫന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചാപ്പാ കുരിശ് സിനിമയിലെ ഫഹദിന്റെ റെമ്യുണറേഷനെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. താന്‍ നിര്‍മിച്ച ചാപ്പ കുരിശ് എന്ന ചിത്രത്തില്‍ ഫഹദിന് ഒരു ലക്ഷം രൂപയാണ് താന്‍ റെമ്യുണറേഷന്‍ നല്‍കിയതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു. ചാപ്പാ കുരിശിന് ശേഷം തനിക്ക് ഫഹദുമായി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞാണ് അദ്ദേഹം തുടങ്ങുന്നത്.

‘ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. 2011ല്‍ ഞാന്‍ ചാപ്പാ കുരിശ് ചെയ്യുമ്പോള്‍ ആദ്യം ശമ്പളം കൊടുത്തിരുന്നില്ല. എല്ലാം തീര്‍ന്ന് കഴിഞ്ഞാണ് ഞാന്‍ ശമ്പളത്തെ പറ്റി ചോദിച്ചത്. ശമ്പളത്തിന്റെ കാര്യം പറഞ്ഞപ്പോള്‍ ഫഹദ് എന്നോട് ‘ലിസ്റ്റിന്‍ എന്താണെന്ന് വെച്ചാല്‍ തന്നാല്‍ മതി’ എന്നാണ് പറഞ്ഞത്. എത്രയാണ് വേണ്ടത് എന്ന് ഞാന്‍ പിന്നെയും അദ്ദേഹത്തോട് പറയാന്‍ പറഞ്ഞു.അപ്പോള്‍ ഫഹദ് എന്റെയടുത്ത് പറഞ്ഞത് ‘ഞാന്‍ ടൂര്‍ണമെന്റ് ചെയ്തത് അറുപത്തി അയ്യായിരം രൂപക്കാണ്’ എന്നാണ്.

അന്ന് ചാപ്പാകുരിശില്‍ ഫഹദിന് ഞാന്‍ കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തിനില്‍ക്കുന്നു. ആ ഫഹദിനെ ഇപ്പോള്‍ അഞ്ച് കോടി കൊടുത്താലും, പത്ത് കോടി കൊടുത്താലും കിട്ടുകയില്ല. അതാണ് സിനിമ എന്ന മാജിക്,’ലിസ്റ്റിന്‍ സ്റ്റീഫന്‍ പറയുന്നു.

ചാപ്പാ കുരിശ്

സമീര്‍ താഹിര്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 2011ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചാപ്പാ കുരിശ്. ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍, ഫഹദ് ഫാസില്‍, റോമ, രമ്യ നമ്പീശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചത്. ഛായാഗ്രാഹകനായിരുന്ന സമീര്‍ താഹിറിന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ചാപ്പാ കുരിശ്. ട്രാഫിക് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച ലിസ്റ്റിന്‍ സ്റ്റീഫന്‍ രണ്ടാമതായി നിര്‍മിച്ച ചിത്രമായിരുന്നു ചാപ്പാ കുരിശ്.

Content Highlight: Listin Stephen says he paid Fahadh a remuneration of Rs 1 lakh for the film Chappa Kurish

We use cookies to give you the best possible experience. Learn more