| Friday, 23rd January 2026, 3:25 pm

ഒറ്റ ദിവസത്തെ കഥ ഷൂട്ട് ചെയ്യാന്‍ 50 ദിവസമെടുത്തെന്ന് ലിസ്റ്റിന്‍, പരിഹാസവുമായി സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

സര്‍വം മായയുടെ വന്‍ വിജയത്തിന് പിന്നാലെ തിയേറ്ററുകളിലെത്തുന്ന നിവിന്‍ പോളി ചിത്രമാണ് ബേബി ഗേള്‍. ഗരുഡന് ശേഷം അരുണ്‍ വര്‍മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞദിവസം അണിയറപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച പ്രസ് മീറ്റിലെ ചെറിയൊരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ബേബി ഗേള്‍ പൂര്‍ത്തിയാക്കാന്‍ ക്രൂ എടുത്ത സമയത്തെക്കുറിച്ച് ലിസ്റ്റിന്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പണ്ടുകാലത്ത് 14 ദിവസം കൊണ്ട് ഷൂട്ട് തീര്‍ത്ത സിനിമകളുണ്ടായിരുന്നെന്നും ഇന്ന് അങ്ങനെയുള്ള സിനിമകള്‍ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും സദസില്‍ ഒരാള്‍ ചോദ്യമുയര്‍ത്തിയതിന് പിന്നാലെ ലിസ്റ്റിന്‍ മറുപടി നല്‍കുകയായിരുന്നു.

ലിസ്റ്റിന്‍ സ്റ്റീഫന്‍ Photo: Screen grab/ Online Malayali Events

‘ഞാന്‍ ഇവരോട് ഇത് ഒരുപാട് തവണ പറഞ്ഞിട്ടുള്ള കാര്യമാണ്. ഈ പടം ഒറ്റദിവസം നടക്കുന്ന കഥയാണ്. അതിനെ ഇവര്‍ 50 ദിവസമെടുത്താണ് ഷൂട്ട് ചെയ്ത് തീര്‍ത്തത്. ഓരോ ദിവസവും കഴിയുമ്പോള്‍ എനിക്കുണ്ടാകുന്ന ചെലവ് കൂടുതലാണ്. ഈയൊരു കാലതാമസം ഇന്‍ഡസ്ട്രിയില്‍ ചര്‍ച്ചചെയ്യപ്പെടേണ്ട ഒന്നാണ്,’ ലിസ്റ്റിന്‍ പറഞ്ഞു.

ഈ വീഡിയോ വൈറലായതിന് പിന്നാലെ ലിസ്റ്റിനെ ട്രോളിക്കൊണ്ട് പല പോസ്റ്റുകളും വൈറലായിരിക്കുകയാണ്. കുറച്ചെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ മന്ദബുദ്ധിയെന്ന് വിളിക്കാമായിരുന്നു എന്നാണ് എക്‌സില്‍ പങ്കുവെച്ച ഒരു പോസ്റ്റ്. സി.കെ. രാഘവന്‍ എന്ന ഐ.ഡി ഈ വീഡിയോ പങ്കുവെച്ചിരുന്നു. ഡൈ ഹാര്‍ഡ്, സോഴ്‌സ് കോഡ് പോലുള്ള സിനിമകള്‍ ലിസ്റ്റിന്‍ നിര്‍മിക്കാത്തത് നന്നായെന്നാണ് ക്യാപ്ഷന്‍. സ്വന്തം പടത്തിന്റെ സംവിധായകനെ പബ്ലിക്കായി അപമാനിക്കുന്ന അല്‍പത്തരമാണ് ലിസ്റ്റിന്റേതെന്നും പോസ്റ്റില്‍ പറയുന്നു.

വീഡിയോക്ക് താഴെയുള്ള രസകരമായ കമന്റുകളാണ് ചര്‍ച്ചയായിരിക്കുന്നത്. ‘ലിസ്റ്റിന്റെയടുത്ത് ബാഹുബലിയുടെ കഥയും കൊണ്ട് രാജമൗലി എത്താത്തത് ഭാഗ്യം. കൊച്ച് വളര്‍ന്ന് വലുതാവാന്‍ ഇയാള്‍ 25 കൊല്ലം കാത്തിരുന്നേനെ’, ‘ഭഗവാന്‍ എന്ന സിനിമ ഒറ്റദിവസം കൊണ്ട് തീര്‍ത്തതുപോലെ എല്ലാ സിനിമകളും തീര്‍ക്കണമെന്നായിരിക്കും വിചാരിച്ചത്’ എന്നിങ്ങനെയാണ് കമന്റുകള്‍.

പ്രിന്‍സ് ആന്‍ഡ് ഫാമിലിക്ക് ശേഷം ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച ചിത്രമാണ് ബേബി ഗേള്‍. ഏറെക്കാലത്തിന് ശേഷം ബോബി സഞ്ജയ് തിരക്കഥയൊരുക്കിയ ചിത്രമെന്ന പ്രത്യേകതയും ബേബി ഗേളിനുണ്ട്. ലിജോമോള്‍ ജോസ്, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

Content Highlight: Listin Stephen’s comment about Baby Girl movie getting trolls

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more