| Saturday, 9th August 2025, 5:05 pm

രണ്ടാമത് വന്നപ്പോള്‍ പര്‍ദ്ദ കിട്ടിയില്ലേ? സാന്ദ്രയുടേത് വെറും ഷോ; പരിഹസിച്ച് ലിസ്റ്റിന്‍ സ്റ്റീഫന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാന്ദ്രാ തോമസിനെതിരെ വിമര്‍ശനവുമായി നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍. സ്ത്രീ ആണെന്ന പരിഗണനയുള്ളതുകൊണ്ടാണ് വിഷയത്തില്‍ തങ്ങളാരും പ്രതികരിക്കാത്തതെന്ന് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങള്‍ നുണയാണ് എന്ന് തെളിയിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.

സാന്ദ്രാ തോമസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ അവര്‍ മത്സരിക്കരുത് എന്ന് പറയുന്നത് ബൈലോ ആണെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

‘സാന്ദ്രയുടേത് വെറും ഷോ ആണ്. ആദ്യം അസോസിയേഷനിലേക്ക് പര്‍ദ്ദ ധരിച്ച് എത്തി, രണ്ടാമത് വന്നപ്പോള്‍ എന്താ പര്‍ദ്ദ കിട്ടിയില്ലേ? സംഘടനയിലെ പ്രസിഡന്റ്, സെക്രട്ടറി മുതലുള്ള സ്ഥാനങ്ങളിലേക്ക് മത്സരിക്കാന്‍ കുറഞ്ഞത് മൂന്ന് സിനിമകള്‍ എങ്കിലും നിര്‍മിച്ചിരിക്കണം. സാന്ദ്രയുടെ പേരിലുള്ള സിനിമകള്‍ പാര്‍ട്ണര്‍ഷിപ്പ് ആണ്.

സാന്ദ്രയുടെ പ്രൊഡക്ഷന്‍ ഹൗസിന്റെ പേരിലുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ആണ് വേണ്ടത്. അത് ആകെ രണ്ടെണ്ണമേ ഉള്ളൂ. മത്സരിക്കാമെന്ന് കോടതി പറയുകയാണെങ്കില്‍ ഞങ്ങള്‍ക്ക് എതിര്‍പ്പൊന്നും ഇല്ല. ഞങ്ങള്‍ അപ്പീലിന് പോകുന്നില്ല.

തന്റെ സിനിമയില്‍ നിന്നും മമ്മൂട്ടി പിന്മാറി എന്ന സാന്ദ്ര വിളിച്ച് പറയുന്നു. എത്രയോ ആര്‍ട്ടിസ്റ്റുകള്‍ പല സിനിമകളില്‍ നിന്നും പിന്മാറുന്നു. മമ്മൂട്ടിയെ പോലും വെറുതെ വിഷയത്തിലേക്ക് കൊണ്ടുവന്നു’, ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞു.

അതേസമയം, സാന്ദ്രാ തോമസിനെതിരെ ലിസ്റ്റിന്‍ സ്റ്റീഫന്‍ നല്‍കിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. എറണാകുളം സബ് കോടതി മുന്‍പാകെ ലിസ്റ്റിന്‍ സ്റ്റീഫന്‍ 2 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നല്‍കിയ മറ്റൊരു അപകീര്‍ത്തി കേസില്‍ സാന്ദ്ര തോമസിന് കോടതി സമന്‍സ് അയച്ചിട്ടുണ്ട്.

സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന്‍ നല്‍കിയിട്ടുള്ളത്.

നേരത്തെ, നിര്‍മാതാക്കളുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസ് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രിക സൂക്ഷ്മപരിശോധനയില്‍ തള്ളിയിരുന്നു,

പ്രസിഡന്റ്, ട്രഷറര്‍ സ്ഥാനത്തേക്കാണ് സാന്ദ്ര തോമസ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. സമര്‍പ്പിച്ച പത്രികകള്‍ മത്സരത്തിന് പര്യാപ്തമല്ല എന്ന് കാണിച്ചുകൊണ്ടാണ് റിട്ടേണിങ് ഓഫീസര്‍ പത്രിക തള്ളിയത്.

സൂക്ഷ്മപരിശോധനയ്ക്കിടെ റിട്ടേണിങ് ഓഫീസറുമായി സാന്ദ്ര തോമസ് തര്‍ക്കിക്കുകയും ചെയ്തിരുന്നു. മറ്റാരും തന്നെ ആക്ഷേപമുന്നയിക്കാതെ റിട്ടേണിങ് ഓഫീസര്‍ തന്നെ തന്റെ പത്രികയില്‍ മാത്രം സംശയം പ്രകടിപ്പിച്ചതെന്ന് സാന്ദ്ര തോമസ് ചോദിക്കുകയും ചെയ്തു. തന്റെ പത്രിക തള്ളണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നുവെന്നും സാന്ദ്ര കുറ്റപ്പെടുത്തി.

പ്രസിഡന്റ് അടക്കമുള്ള സ്ഥാനങ്ങളിലേക്ക് പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്ഥാനാര്‍ത്ഥി തന്റെ പേരിലുള്ള മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കണമെന്നാണ് ചട്ടം. സാന്ദ്ര ഹാജരാക്കിയ മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടെണ്ണം സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ പേരിലുള്ളതും, ഒന്ന് നേരത്തെ പാര്‍ട്ണറായിരുന്ന ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരിലുള്ളതുമായിരുന്നു. ഇതിനാല്‍ തന്നെ സാന്ദ്രയുടെ പത്രികയ്ക്ക് സാധുതയില്ല എന്ന കാര്യത്തിലാണ് തര്‍ക്കമുണ്ടായത്.

Content Highlight: Listin Stephen mocks Sandra Thomas

We use cookies to give you the best possible experience. Learn more