നിവിന്‍ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍.
പേര് അനൗണ്‍സ് ചെയ്യാത്ത ഈ ചിത്രം തന്നെ സംബന്ധിച്ച് വിജയിച്ചേ തീരൂവെന്നും ചിത്രത്തിന്റെ ബഡ്ജറ്റ് എവിടെയോ പോയി നില്‍ക്കുകയാണെന്നും ലിസ്റ്റിന്‍ പറഞ്ഞു. ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലിസ്റ്റിന്‍.
നിവിനെ നായകനാക്കി ഡിജോ ചെയ്യുന്ന പടം 60 ദിവസത്തെ ഷൂട്ടേ ഉണ്ടാവൂ എന്നാണ് പറഞ്ഞത്. എന്നാല്‍ 130 ദിവസമാണ് ഷൂട്ട് പോയത്. വലിയൊരു ബഡ്ജറ്റിലേക്ക് പോയിരിക്കുകയാണ് ചിത്രം.
എന്നെ സംബന്ധിച്ച് ഞാന്‍ നിവിനെ വെച്ച് ചെയ്യേണ്ട സിനിമ ഇതാണ്. രാമചന്ദ്ര ബോസ് ആന്‍ഡ് കമ്പനിയായിരുന്നില്ല. ബോസ് ആന്‍ഡ് കോയ്ക്ക് കൈ കൊടുക്കേണ്ടി വന്നതാണ്.
നിവിനെ വെച്ച് ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ബഡ്ജറ്റ് എവിടെയോ പോയി നില്‍ക്കുകയാണ്. ഇത് നേരത്തെയുള്ള ലിസ്റ്റിന്‍ ആണെങ്കില്‍ നടക്കില്ല. ഞാനും ഡിജോയും തമ്മില്‍ വലിയ വാഗ്വാദം ആകും. വിഷയം അസോസിയേഷനില്‍ വരും. എനിക്ക് പകരം വേറെ ആരെങ്കിലും സിനിമ എടുക്കും. സിനിമയുടെ സീന്‍ കുറഞ്ഞെന്നിരിക്കും. അങ്ങനെയൊക്കെ സാഹചര്യം വരും.
എന്നാല്‍ ഇന്ന് ഞാന്‍ ആ സിനിമയ്‌ക്കൊപ്പം നില്‍ക്കുകയാണ്. നല്ലത് സംഭവിക്കുമെന്ന വിശ്വാസമുണ്ടല്ലോ. നിവിനെ വെച്ചിട്ട് ആ സിനിമ ഹിറ്റാക്കുക എന്നത് എന്റെ ഏറ്റവും വലിയ ആവശ്യമാണ്. അങ്ങനെ വിശ്വസിച്ച് കുറേ കോംപ്രമൈസ് ചെയ്യുകയാണ്. ഏതറ്റം വരെയും പോകാമെന്ന് ചിന്തിക്കുകയാണ്.
ആ സിനിമയുടെ ബഡ്ജറ്റ് ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ ചിലപ്പോള്‍ വിശ്വസിക്കില്ല. അത്രയും വലിയ ബഡ്ജറ്റില്‍ എത്തി നില്‍ക്കുകയാണ്. സാധാരണ ഒരു സിനിമ 60 -70 ദിവസത്തില്‍ തീരും. ഇത് 130 ദിവസത്തോളം ഷൂട്ട് ഇപ്പോള്‍ തന്നെയായി.
ഒരു കൊച്ച് സിനിമ എന്ന് പറഞ്ഞ് തുടങ്ങിയതാണ് ഈ പടം അതാരു വലിയ സിനിമയിലേക്ക് പോയി. എല്ലാം ഉണ്ട്. വിഷ്വലി ആയാലും എല്ലാം. അത്രയും വലിപ്പം ആ സിനിമയ്ക്ക് ഫീല്‍ ചെയ്യും.
ഇവിടെ ഞാന്‍ ഡിജോയെ കുറ്റം പറയുകയോ എന്റെ പ്രൊഡക്ടിനെ നെഗറ്റീവ് ആയി പറഞ്ഞതോ അല്ല. നേരത്തെ ഉള്ള ലിസ്റ്റിന്‍ ആയിരുന്നെങ്കില്‍ ഒന്നുകില്‍ ഞാന്‍ അല്ലെങ്കില്‍ അവന്‍ എന്ന രീതിയില്‍ കാര്യങ്ങള്‍ എത്തിച്ചേരും. കാരണം എനിക്ക് എനിക്ക് ചെയ്യാന്‍ പറ്റില്ലല്ലോ. ഇന്ന് ഇപ്പോള്‍ നമുക്ക് അത് കുഴപ്പമില്ലാത്തുകൊണ്ടാണ് ഈ രീതിയില്‍ പോകുന്നത്,’ ലിസ്റ്റിന്‍ പറഞ്ഞു.
Content Highlight: Listin Stephen about his Upcoming movie with Nivin pauly