| Wednesday, 10th September 2025, 3:16 pm

ലിസ കുക്ക് തുടരും; ഫെഡ് ഗവര്‍ണറെ പിരിച്ചുവിട്ട നടപടിയില്‍ ട്രംപിന് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിരിച്ചുവിട്ട ലിസ കുക്ക് ഫെഡറല്‍ റിസര്‍വ് ഗവര്‍ണര്‍ സ്ഥാനത്ത് തുടരും.

ഒരു ബോര്‍ഡ് അംഗമെന്ന നിലയില്‍ കുക്കിന്റെ പെരുമാറ്റമോ ജോലിയിലെ പ്രകടനമോ പൊതുതാത്പര്യത്തിന് ദോഷം വരുത്തിയതായി പ്രസിഡന്റ് ട്രംപ് കണ്ടെത്തിയിട്ടില്ലെന്ന് യു.എസ് ജഡ്ജി ജിയ കോബ് പറഞ്ഞു.

നിയമവിരുദ്ധമായാണ് തന്നെ പുറത്താക്കിയതെന്ന കുക്കിന്റെ വാദം ശരിവെച്ചാണ് കോടതി ഉത്തരവ്. ഭരണഘടനയിലെ അഞ്ചാം ഭേദഗതി അനുസരിച്ച് ലിസയ്ക്കുള്ള അവകാശം ലംഘിക്കപ്പെട്ടിട്ടുണ്ടെന്നും ജിയ കോബ് ചൂണ്ടിക്കാട്ടി.

2021ല്‍ ലിസ ഒരു പണമിടപാടില്‍ തട്ടിപ്പ് നടത്തിയെന്നും അതിനുശേഷമാണ് ഫെഡറല്‍ റിസര്‍വ് ബോര്‍ഡില്‍ അംഗമായതെന്നും ആരോപിച്ചായിരുന്നു ട്രംപിന്റെ പുറത്താക്കല്‍ നടപടി. എന്നാല്‍ ലിസ പണത്തട്ടിപ്പ് നടത്തിയിട്ടില്ലെന്ന അഭിഭാഷകന്റെ വാദം പരിഗണിച്ചാണ് ഫെഡറല്‍ ജഡ്ജി ട്രംപിന്റെ നടപടി തള്ളിയത്.

തന്നെ പിരിച്ചുവിടാനുള്ള ട്രംപിന്റെ തീരുമാനം നിയമവിരുദ്ധവും അനുചിതമാണെന്നും ചൂണ്ടിക്കാട്ടിയാണ് ലിസ കോടതിയെ സമീപിച്ചത്. പ്രസിഡന്റിന്റെ നടപടി റദ്ദാക്കണമെന്നും ലിസ കുക്ക് ആവശ്യപ്പെട്ടിരുന്നു.

പ്രസിഡന്റ് പിരിച്ചുവിടുന്ന യു.എസിലെ ആദ്യത്തെ ഫെഡറല്‍ ഗവര്‍ണര്‍ കൂടിയാണ് ലിസ. ഫെഡറല്‍ ഗവര്‍ണര്‍മാരെ പുറത്താക്കാനും പകരം ഉദ്യോഗസ്ഥരെ നിയമിക്കാനും ട്രംപിന് കഴിയുമെന്നാണ് യു.എസ് സര്‍ക്കാരിന്റെ വാദം.

നിലവില്‍ ലിസയെ ഗവര്‍ണര്‍ സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്ന കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ പ്രസിഡന്റും ഡെമോക്രാറ്റിക് നേതാവുമായ ജോ ബൈഡനാണ് 2022ല്‍ ലിസ കുക്കിനെ ഫെഡറല്‍ ബോര്‍ഡിലേക്ക് നാമനിര്‍ദേശം ചെയ്തത്.

നിയമനത്തിന് മുന്നോടിയായി വിവിധ ഫെഡറല്‍ ഏജന്‍സികള്‍ക്ക് ലിസയുടെ മോര്‍ട്ട്‌ഗേജ് വിവരങ്ങള്‍ കൈമാറിയിരുന്നു. എന്നാല്‍ ഈ വിവരങ്ങളില്‍ ചില പൊരുത്തക്കേടുകള്‍ ഉണ്ടന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇതുസംബന്ധിച്ച് സര്‍ക്കാരിന് അറിവുണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നു. ലിസയുടെ മിഷിഗണിലെയും മസാച്യുസെറ്റ്‌സിലെയും വസതികള്‍ സംബന്ധിച്ചുള്ള വിവരങ്ങളിലാണ് പൊരുത്തക്കേടുകള്‍ ഉണ്ടായിരുന്നത്. ഇക്കാര്യങ്ങളില്‍ യു.എസ് സര്‍ക്കാര്‍ അന്വേഷണം തുടരുകയാണ്.

ഇതിനിടെ ഫെഡറല്‍ റിസര്‍വ് മേധാവി ജെറോം പവലിനെ പുറത്താക്കാനും ശ്രമിച്ചിരുന്നു. എന്നാല്‍ ഈ നീക്കം തിരിച്ചടിയാകുമെന്ന ഉപദേഷ്ടാക്കളുടെ നിര്‍ദേശങ്ങളെ തുടര്‍ന്ന് ട്രംപ് തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു.

Content Highlight: Lisa Cook will continue; Trump faces setback in firing governor

We use cookies to give you the best possible experience. Learn more