| Saturday, 19th September 2026, 10:38 pm

ചെറുപ്പത്തിൽ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ എനിക്ക് ആഗ്രഹമുണ്ടായിരുന്നു: സ്കലോണി

സുദേവ് എ

ഇതിഹാസ താരം ലയണൽ മെസിയെക്കുറിച്ച് സംസാരിക്കുകയാണ് അർജന്റൈൻ പരിശീലകൻ ലയണൽ സ്കലോണി. ചെറുപ്പത്തിൽ തന്നെ മെസി അസാധാരണ ഫുട്ബോളർ ആയിരുന്നുവെന്നും ചെറുപ്പത്തിൽ തന്നെ മെസിയെ പരിശീലിപ്പിക്കാൻ തനിക്ക് ആഗ്രഹമുണ്ടായിരുന്നുവെന്നുമാണ് സ്കലോണി പറഞ്ഞത്. ഓൾ എബൗട്ട് അർജന്റീനക്ക് നൽകിയ അഭിമുഖത്തിലാണ് സ്കലോണി ഇക്കാര്യം പറഞ്ഞത്.

’22, 23 വയസുള്ളപ്പോൾ തന്നെ മെസി അസാധാരണ ഫുട്ബോളർ ആയിരുന്നു. അദ്ദേഹം ചെറുപ്പമായിരുന്നപ്പോൾ അദ്ദേഹത്തെ പരിശീലിപ്പിക്കാൻ എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. അന്നും ഇന്നും അദ്ദേഹം അസാധാരണനായ താരമാണ് മെസി. ഞങ്ങളുടെ ഒപ്പം അദ്ദേഹം വളരെ സന്തോഷത്തോടെയും സമാധാനത്തോടെയുമാണ് ഉണ്ടായിരുന്നത്. അത് ഉറപ്പാക്കാനായി ഞങ്ങൾ പരമാവധി കാര്യങ്ങൾ ചെയ്തിരുന്നു,’ സ്കലോണി പറഞ്ഞു.

അടുത്തിടെ മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

എന്നാൽ അവസാനമായി മെസി അർജന്റീനക്കൊപ്പം വിടവാങ്ങൽ മത്സരം കളിക്കും. സൗഹൃദ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ മെസി ഇടം നേടിയിട്ടുണ്ട്.

ഒക്ടോബർ ആറിനാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ബെനിൻ ആയിരിക്കും അർജന്റീനയുടെ എതിരാളികൾ.

2026 ഫിഫ ലോകകപ്പിൽ മെസിയുടെ മികവിൽ ഫൈനൽ വരെ മുന്നേറാൻ അർജന്റീനക്ക് സാധിച്ചിരുന്നു. എന്നാൽ കലാശപ്പോരാട്ടത്തിൽ സ്പെയ്നിനോട് പരാജയപ്പെട്ട് അർജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോർക്ക് ന്യൂ ജേഴ്സി സ്റ്റേഡിയത്തിൽ നടന്ന കലാശ പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിന് അർജന്റീനയെ വീഴ്ത്തിയാണ് സ്‌പെയ്ൻ ചാമ്പ്യന്മാരായത്.

ലോകകപ്പിൽ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്.

ലോകകപ്പ് ചരിത്രത്തിൽ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോൾ വേട്ടക്കാരനായും മെസി മാറിയിരുന്നു.

Content Highlight: Lionel Scaloni talks about Lionel Messi

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more