| Saturday, 18th July 2026, 4:03 pm

ഫൈനലിന് മുമ്പ് അവനെ മുറിയില്‍ പൂട്ടിയിട്ടിരുന്നണെങ്കില്‍ എന്ന് തോന്നും: സ്‌കലോണി

സുദേവ് എ

2026 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തിനായുള്ള കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ ലോകം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയും സ്‌പെയ്‌നുമാണ് കലാശപ്പോരാട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തുന്നത്. ജൂലൈ 20ന് ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരു ടീമും ഏറ്റുമുട്ടുക.

അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ഇപ്പോള്‍ ഫൈനല്‍ മത്സരത്തിന് മുന്നോടിയായി ലാമിന്‍ യമാലിനെ എങ്ങനെ കളിക്കളത്തില്‍ തടയുമെന്നതിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി.

യമാലിനെ മത്സരത്തിന് മുമ്പേ മുറിയില്‍ പൂട്ടിയിടാമെന്നാണ് സ്‌കലോണി തമാശരൂപേണ പറഞ്ഞത്. യമാല്‍ ഫുട്‌ബോളില്‍ ഒരുപാട് നേട്ടങ്ങള്‍ സ്വന്തമാക്കുമെന്നും സ്‌കലോണി പ്രശംസിച്ചു. മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്‌കലോണി.

‘യമാലിനെ എങ്ങനെ തടയുമെന്ന് പറയാന്‍ ബുദ്ധിമുട്ടാണ്. തമാശയായി പറഞ്ഞാല്‍ അവനെ മുറിയില്‍ പൂട്ടിയിട്ടിരുന്നണെങ്കില്‍ എന്ന് തോന്നും. യമാല്‍ അസാധാരണ കഴിവുള്ള ഒരു താരമാണ്. ഇത്ര ചെറിയ പ്രായത്തില്‍ തന്നെ അവന്‍ ഫുട്‌ബോളിലെ വലിയ പ്രതിഭയാണ്. ഇനിയും ഒരുപാട് നേട്ടങ്ങള്‍ അവനെ കാത്തിരിക്കുന്നുണ്ട്. ഭാവിയില്‍ സ്പെയിനിന്റെ അഭിമാന താരമാകും അവന്‍. പക്ഷെ അത് ഈ ഞായറാഴ്ച ആവില്ലെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. മെസിയെ പോലെത്തന്നെ യമാലിനെയും മാര്‍ക്ക് ചെയ്ത് തടയുക വളരെ പ്രയാസമാണ്,’ സ്‌കലോണി പറഞ്ഞു.

ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത് യമാലായിരുന്നു. യമാല്‍ ഒരു ഗോളാണ് ഇതുവരെ സ്‌പെയ്‌നിന് വേണ്ടി നേടിയിട്ടുള്ളത്. ഈ ചെറിയ പ്രായത്തില്‍ തന്നെ ഒരുപിടി ചരിത്ര നേട്ടങ്ങള്‍ സ്വന്തമാക്കിയാണ് 19കാരന്‍ കുതിക്കുന്നത്.

20 വയസിന് മുമ്പ് ലോകകിരീടം ചൂടി ഫുട്ബോള്‍ ലോകത്ത് തന്റേതായ ഒരു സ്ഥാനം കെട്ടിപ്പടുത്തുയര്‍ത്താന്‍ യമാലിന് സാധിക്കുമെന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ഉറച്ചു വിശ്വസിക്കുന്നത്.

Content Highlight: Lionel Scaloni talks about facing  Lamine Yamal ahead world cup final

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more