ഇതിഹാസ താരം ലയണല്‍ മെസിയുടെ വിടവാങ്ങല്‍ മത്സരത്തെക്കുറിച്ച് സംസാരിക്കുകയാണ് അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഇത്തരത്തിലൊരു ആദരവിന് മെസി അര്‍ഹനാണെന്നും മെസിയുടെ വിടവാങ്ങലിന് നേരിട്ട് സാക്ഷിയാകണമെന്ന ആഗ്രഹം കൊണ്ടാണ് ഇത്തരമൊരു മത്സരത്തില്‍ ഒപ്പുവെച്ചതെന്നും സ്‌കലോണി പറഞ്ഞു. തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകരോട് വിടപറയണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചിരുന്നു എന്നും സ്‌കലോണി കൂട്ടിച്ചേര്‍ത്തു.
ലയണല്‍ മെസി
‘ഇതുപോലൊരു താരം ഈ ആദരവിന് അര്‍ഹനാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. വ്യക്തിപരമായി പറഞ്ഞാല്‍, ഇന്ന് ഞാന്‍ ഒപ്പുവെച്ചത് അദ്ദേഹത്തിന്റെ വിടവാങ്ങലിന് നേരിട്ട് സാക്ഷിയാകണമെന്ന ആഗ്രഹം കൊണ്ടാണ്. പിന്നീട് ഞാന്‍ ഇവിടെ ഉണ്ടാകുമോ എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല.
അദ്ദേഹത്തിന് ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയുന്ന തരത്തില്‍ ഞങ്ങള്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി. അദ്ദേഹം കടന്നുപോകുന്ന സാഹചര്യങ്ങളെക്കുറിച്ച് ഞങ്ങള്‍ക്ക് എല്ലാം അറിയാമായിരുന്നു. എന്നിട്ടും, തന്നെ ഇത്രയധികം സ്‌നേഹിക്കുന്ന ആരാധകരോട് വിടപറയണമെന്ന ആഗ്രഹം അദ്ദേഹം പ്രകടിപ്പിക്കുകയും അതിനായി പരിശ്രമിച്ച് ഇവിടെ എത്തുകയും ചെയ്തു.
ലയണല്‍ മെസി
അദ്ദേഹത്തിന് ആദരവ് നല്‍കണമെങ്കില്‍ അതിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തോടുള്ള ആദരവ് ഒരിക്കലും അവസാനിക്കില്ല. എന്നാല്‍, കുറച്ച് കാലം കഴിഞ്ഞാല്‍ ഇപ്പോഴുള്ള അതേ മാജിക് ഒരുപക്ഷേ ഉണ്ടാകണമെന്നില്ല.
അതുകൊണ്ട്, എല്ലാവരും അദ്ദേഹത്തോട് കാത്തുസൂക്ഷിക്കുന്ന ഈ സ്‌നേഹം പൂര്‍ണമായി അനുഭവിക്കാന്‍ അദ്ദേഹത്തിന് ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ലയണല്‍ സ്‌കലോണി പറഞ്ഞു.
ഫുട്‌ബോള്‍ പ്രേമികളെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടായിരുന്നു മെസി അടുത്തിടെ ഇന്റര്‍നാഷണല്‍ ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.
എന്നാല്‍ അവസാനമായി മെസി അര്‍ജന്റീനക്കൊപ്പം വിടവാങ്ങല്‍ മത്സരം കളിക്കും. സൗഹൃദ മത്സരങ്ങള്‍ക്കുള്ള അര്‍ജന്റീന ടീമില്‍ മെസി ഇടം നേടിയിട്ടുണ്ട്.
ലയണല്‍ മെസി
ഒക്ടോബര്‍ ആറിനാണ് മെസി അവസാനമായി അര്‍ജന്റീനക്ക് വേണ്ടി ബൂട്ട് കെട്ടുക. മോനുമെന്റല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ബെനിന്‍ ആയിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍.
2026 ഫിഫ ലോകകപ്പില്‍ മെസിയുടെ മികവില്‍ ഫൈനല്‍ വരെ മുന്നേറാന്‍ അര്‍ജന്റീനക്ക് സാധിച്ചിരുന്നു. എന്നാല്‍ കലാശപ്പോരാട്ടത്തില്‍ സ്‌പെയ്‌നിനോട് പരാജയപ്പെട്ട് അര്‍ജന്റീനക്ക് കിരീടം നഷ്ടമാവുകയായിരുന്നു. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തില്‍ നടന്ന കലാശ പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അര്‍ജന്റീനയെ വീഴ്ത്തിയാണ് സ്‌പെയ്ന്‍ ചാമ്പ്യന്മാരായത്.
ലോകകപ്പില്‍ മിന്നും പ്രകടനം നടത്തി ആരാധകരുടെ ഹൃദയം കീഴടക്കിയാണ് മെസി മടങ്ങിയത്. എട്ട് ഗോളുകളും നാല് അസിസ്റ്റുകളും നേടിയാണ് മെസി ഈ ലോകകപ്പ് അവസാനിപ്പിച്ചത്.
ലോകകപ്പ് ചരിത്രത്തില്‍ 21 ഗോളുകളാണ് മെസി നേടിയത്. ലോകകപ്പ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച രണ്ടാമത്തെ ഗോള്‍ വേട്ടക്കാരനായും മെസി മാറിയിരുന്നു.
Content Highlight: Lionel Scaloni Talking About Lionel Messi