| Tuesday, 28th July 2026, 9:17 pm

ലോകകപ്പല്ല, അതാണ് ഞങ്ങളുടെ യഥാര്‍ത്ഥ ട്രോഫി; തുറന്നുപറഞ്ഞ് സ്‌കലോണി

ആദർശ് എം.കെ.

തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് കിരീടമെന്ന ലക്ഷ്യവുമായി കലാശപ്പോരാട്ടത്തിനിറങ്ങിയ അര്‍ജന്റീനയെ എതിരില്ലാത്ത ഒറ്റ ഗോളിന് തകര്‍ത്ത് സ്‌പെയ്ന്‍ തങ്ങളുടെ ഇടനെഞ്ചില്‍ രണ്ടാം നക്ഷത്രം തുന്നിച്ചേര്‍ത്തിരിക്കുകയാണ്.

ആദ്യ കിരീടം സ്വന്തമാക്കിയ 2010ന് സമാനമായി എക്‌സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളാണ് ലാ റോജയെ വിശ്വത്തിന്റെ നെറുകയിലെത്തിച്ചത്. ഫെറാന്‍ ‘ഷാര്‍ക്ക്’ ടോറസാണ് ടീമിന്റെ വിജയ ഗോള്‍ നേടിയത്.

തോല്‍വിക്ക് നാളുകള്‍ക്ക് ശേഷം അര്‍ജന്റൈന്‍ പരിശീലകന്‍ ലയണല്‍ സ്‌കലോണി ആരാധകരോട് മനസുതുറക്കുകയാണ്. കിരീടം നേടാന്‍ കഴിയാത്തതില്‍ ആരാധകരോട് മാപ്പുപറഞ്ഞ അദ്ദേഹം, എന്നാല്‍ മൈതാനത്ത് അവസാന നിമിഷം വരെ പോരാടിയ കളിക്കാരുടെ വീര്യത്തെയും കഠിനാധ്വാനത്തെയും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിലൂടെ അദ്ദേഹം പ്രശംസിച്ചു.

‘സങ്കടവും സന്തോഷവും, കണ്ണീരും പുഞ്ചിരിയും, ആശങ്കയും സമാധാനവും, പരിഭ്രമവും ശാന്തതയും മാറിമറിഞ്ഞ തീവ്രമായ ഒരു ആഴ്ചയ്ക്ക് ശേഷം, ഒടുവില്‍ എനിക്ക് ഇരുന്ന് ഏതാനും വാക്കുകള്‍ കുറിക്കാന്‍ കഴിയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ താത്പര്യപ്പെടുന്ന ആളല്ല ഞാന്‍ എന്ന് നിങ്ങള്‍ക്കെല്ലാം അറിയാമെങ്കിലും, നിങ്ങളിലേക്ക് എത്താനുള്ള ഏറ്റവും നല്ല വഴി ഇതായിരിക്കും.

ലയണല്‍ സ്‌കലോണി

എനിക്ക് ആദ്യം പറയാനുള്ളത്, നിങ്ങള്‍ക്ക് മറ്റൊരു ട്രോഫി കൂടി കൊണ്ടുവന്നു തരാനും, കുറച്ചു ദിവസത്തേക്കെങ്കിലും സന്തോഷത്തിന് മറ്റൊരു കാരണം നല്‍കാനും, ജീവിതത്തിലെ പ്രയാസകരമായ നിമിഷങ്ങള്‍ മറക്കാന്‍ നിങ്ങളെ സഹായിക്കാനും ഞങ്ങള്‍ക്ക് കഴിയാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു.

എന്നാല്‍ ഈ കളിക്കാര്‍ എന്റെ യോദ്ധാക്കള്‍ നിങ്ങള്‍ക്ക് കാണിച്ചുതരാന്‍ ശ്രമിച്ചത് എന്താണെന്ന് നിങ്ങള്‍ ഓര്‍ക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.

അവരുടെ കഠിനാധ്വാനം, മുന്നോട്ട് പോകാനുള്ള ആഗ്രഹം, അവരുടെ വിശ്വാസം, ‘എനിക്ക് കഴിയും’ എന്ന മനോഭാവം, എല്ലാം അസാധ്യമെന്ന് തോന്നുമ്പോഴും പരാജയം സമ്മതിക്കാതിരിക്കല്‍, കൈയില്‍ ഒന്നുമില്ലാത്തപ്പോഴും തങ്ങളാലാവുന്നതെല്ലാം നല്‍കല്‍, നമ്മളെ അറിയാത്ത ആളുകളില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങല്‍, ഒത്തൊരുമയോടെ നില്‍ക്കല്‍, മനസ് ആവശ്യപ്പെടുന്നതിനോട് കാലുകള്‍ പ്രതികരിക്കാതിരിക്കുമ്പോഴും പോരാട്ടം തുടരല്‍…

അതാണ് യഥാര്‍ത്ഥ ട്രോഫി. എന്റെ കോച്ചിങ് സ്റ്റാഫിനോടും, കളിക്കാരോടും, എ.എഫ്.എ സ്റ്റാഫിനോടും, നമുക്ക് ആവശ്യമായതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരശ്ശീലയ്ക്ക് പിന്നില്‍ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന എല്ലാവരോടും, നല്‍കിയ സ്‌നേഹത്തിനും പിന്തുണയ്ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ എപ്പോഴും നന്ദിയുള്ളവനായിരിക്കും,’ സ്‌കലോണി പറഞ്ഞു.

ലോകകപ്പിന് ശേഷം ടീമിനൊപ്പമുള്ള തന്റെ ഭാവിയെ കുറിച്ച് സ്‌കലോണി ഇതിനോടകം സൂചന നല്‍കിയിട്ടുണ്ട്. ഡിസംബറില്‍ കരാര്‍ അവസാനിക്കുമ്പോള്‍ ഭാവിയെ കുറിച്ച് കരുത്തുറ്റ തീരുമാനമെടുക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്.

Content Highlight: Lionel Scaloni sends strong message to fans after FIFA World Cup final loss

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more