| Monday, 23rd November 2026, 10:54 pm

അര്‍ജന്റീനയ്ക്ക് മാച്ചില്ലാത്തപ്പോള്‍ കുറച്ച് നേരം സൈക്കിള്‍ ചവിട്ടാം: ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടി സ്‌കലോണി

ദേവിക ജയചന്ദ്രന്‍

28 വര്‍ഷങ്ങള്‍ക്ക് ശേഷം അര്‍ജന്റീനയിലേക്ക് ഫുട്‌ബോള്‍ ലോകകപ്പ് എത്തിച്ച പരിശീലകനാണ് ലയണല്‍ സ്‌കലോണി. ഇപ്പോള്‍ അര്‍ജന്റീനയില്‍ നടന്ന സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മുന്നിലെത്തിയിരിക്കുകയാണ് ഈ 48 കാരന്‍.

പാറ്റഗോണിയയില്‍ നടന്ന ഗ്രാന്‍ ഫോണ്ടോ സിയറ്റെ ലാഗോസ് സൈക്ലിങ് ചാമ്പ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് സ്വന്തം വിഭാഗത്തില്‍ മൂന്നാമതാണ് സ്‌കലോണി ഫിനിഷ് ചെയ്തത്. എം 45-49 വിഭാഗത്തില്‍ 2027ല്‍ ഫ്രാന്‍സില്‍ വെച്ച് നടക്കുന്ന യു.സി.ഐ ഗ്രാന്‍ ഫോണ്ടോ ലോക ചാമ്പ്യന്‍ഷിപ്പിലേക്കുള്ള യോഗ്യതയും അര്‍ജന്റൈന്‍ പരിശീലകന്‍ സ്വന്തമാക്കി.

സ്‌കലോണിയുടെ പരിശീലക സംഘത്തിലെ വിശ്വസ്തന്‍ പാബ്ലോ ഐമാറും മത്സരത്തില്‍ പങ്കെടുത്തിരുന്നു. ഐമാര്‍ 43ാമതാണ് ഫിനിഷ് ചെയ്തത്. യുവാന്‍ കാര്‍ലോസ് തരിഫ ഒന്നാം സ്ഥാനവും ക്‌ലോഡിയോ അരോണെ രണ്ടാം സ്ഥാനവും നേടി.

179 പേരാണ് സ്‌കലോണിയുടെ വിഭാഗത്തില്‍ മത്സരിച്ചത്. അര്‍ജന്റീനയിലെ പ്രശസ്തമായ നാഷണല്‍ റൂട്ട് 40യിലൂടെ സാന്‍ മാര്‍ട്ടിന്‍ ദെ ലോസ് ആന്‍ഡെസില്‍ നിന്ന് വില്ല ലാ ആംഗോസ്തുറയിലേക്ക് നീളുന്ന 110 കിലോമീറ്റര്‍ ദുഷ്‌കരമായ പാത സ്‌കലോണി പൂര്‍ത്തിയാക്കിയത് രണ്ട് മണിക്കൂറും 51 മിനിട്ടും 54 സെക്കന്‍ഡും കൊണ്ടാണ്.

15 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഗ്രാന്‍ ഫോണ്ടോ സിയറ്റെ ലാഗോസ് രാജ്യാന്തര സൈക്ലിങ് യൂണിയന്റെ (യു.സി.ഐ) ഔദ്യോഗിക മത്സര കലണ്ടറില്‍ ഇടംപിടിക്കുന്നത്. ഇത് സ്‌കലോണിയുടെ നേട്ടത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

ആദ്യമായല്ല ഈ ചാമ്പ്യന്‍ഷിപ്പില്‍ സ്‌കലോണി പങ്കെടുക്കുന്നത്. ഇതിന് മുമ്പ് 2014ലും അദ്ദേഹം ഈ മത്സരത്തില്‍ പങ്കെടുത്തിരുന്നു. വിവിധ രാജ്യങ്ങളില്‍നിന്നായി 2,500ലധികം സൈക്ലിസ്റ്റുകളാണ് ഇത്തവണ പാറ്റഗോണിയയില്‍ നടന്ന മത്സരത്തില്‍ പങ്കെടുത്തത്.

അടുത്ത വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ 24 വരെ ഫ്രാന്‍സിലെ ഓത്‌സാവോയ് മേഖലയിലാണ് ലോക ചാമ്പ്യന്‍ഷിപ്പ് നടക്കുക. എന്നാല്‍ അര്‍ജന്റീന ദേശീയ ടീമിന്റെ പരിശീലകനെന്ന നിലയിലുള്ള തിരക്കുകള്‍ കാരണം സ്‌കലോണി മത്സരത്തില്‍ പങ്കെടുക്കുമോയെന്നത് വ്യക്തമല്ല.

Content Highlight: Lionel Scaloni comes third in cycling championship  and  qualifies for Gran Fondo World Championships.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more