2026 ഫിഫ ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇതിഹാസ താരം ലയണല്‍ മെസിയുടെ അവസാന ടൂര്‍ണമെന്റായിരിക്കും 2026 ലോകകപ്പ്. ടൂര്‍ണമെന്റിന് പിന്നാലെ മെസി അന്താരാഷ്ട്ര കരിയറിനും വിരാമമിട്ടേക്കും.
2022ല്‍ ലോകകപ്പ് സ്വന്തമാക്കി തന്റെ കരിയര്‍ സമ്പൂര്‍ണമാക്കിയ മെസി 2026ലും ആ നേട്ടം ആവര്‍ത്തിക്കാനാണ് ശ്രമിക്കുന്നത്.
എന്നാല്‍ മെസിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കി അദ്ദേഹം കളിക്കളത്തിലുള്ളിടത്തോളം കാലം താരത്തിന്റെ ഫുട്ബോള്‍ ആസ്വദിക്കാനാണ് അര്‍ജന്റീനയെ ലോകകിരീടം ചൂടിച്ച ഇതിഹാസ പരിശീലകന്‍ ലയണല്‍ സ്‌കലോണി ആവശ്യപ്പെടുന്നത്.
‘നമുക്ക് ഇപ്പോള്‍ അവന്റെ കളി ആസ്വദിക്കാം. എത്രത്തോളം സാധിക്കുമോ അത്രത്തോളം അവന്റെ ഫുട്ബോള്‍ ആസ്വദിക്കാം. ഇനിയെത്ര മത്സരങ്ങള്‍ കളിക്കാനാകും എന്നതിനെ കുറിച്ചെല്ലാം ചിന്തകളെല്ലാം തന്നെ പിന്നീടാകാം.
ഒരു പോയിന്റില്‍ അവന്‍ അര്‍ജന്റൈന്‍ നാഷണല്‍ ടീമിനൊപ്പമുണ്ടാകില്ല എന്ന കാര്യം ഉറപ്പാണ്. എന്നാല്‍ ടീം തീര്‍ച്ചയായും മുമ്പോട്ട് പോവുക തന്നെ ചെയ്യും. പക്ഷേ എല്ലാം അവസാനിപ്പിക്കാം എന്ന് അവന് തോന്നുന്ന നിമിഷം അത് ടീമിലുണ്ടാക്കുന്ന നഷ്ടം വളരെ വലുതായിരിക്കും.
അത് കേവലം അര്‍ജന്റൈന്‍ ഫുട്ബോളിന് മാത്രമല്ല, ലോക ഫുട്ബോളിനും കനത്ത നഷ്ടമാണ്. ഫുട്ബോള്‍ ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും മെസിയെയും ഇഷ്ടമാകും. ഇപ്പോള്‍ അവന്റെ മത്സരങ്ങള്‍ ആസ്വദിക്കാം,’ നേരത്തെ ഫ്ളാഷ്‌കോറിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
അര്‍ജന്റീനില്‍ മെസിയുടെ പിന്‍ഗാമിയാര് എന്ന ചോദ്യത്തിന് അങ്ങനെയൊരാള്‍ ഉണ്ടാകില്ല എന്നായിരുന്നു സ്‌കലോണിയുടെ മറുപടി.
‘ഇല്ല, അങ്ങനെയൊരാള്‍ ഉണ്ടാകില്ല. ഒരു സാധ്യതയുമില്ല. മെസിക്ക് ഒരു പിന്‍ഗാമി ഉണ്ടാകില്ല. ഉറപ്പ്,’ സ്‌കലോണി കൂട്ടിച്ചേര്‍ത്തു.
അതേസമയം, അത്രകണ്ട് കടുപ്പമല്ലാത്ത ഗ്രൂപ്പ് ജെ-യിലാണ് അര്‍ജന്റീന ലോകകപ്പില്‍ ഇടം പിടിച്ചിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ലോകകപ്പില്‍ ജൂണ്‍ 26നാണ് അര്‍ജന്റീന തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുന്നത്. കാന്‍സസാണ് വേദി.
Content highlight: Lionel Scaloni about Lionel Messi