| Friday, 16th October 2026, 2:13 pm

ഒമ്പത് വര്‍ഷം! അടിക്കും അടിപ്പിക്കും; അര്‍ജന്റീനയിലെ അതേ മെസി തന്നെയാടോ മയാമിയിലും

ആദർശ് എം.കെ.

മേജര്‍ ലീഗ് സോക്കറില്‍ വിജയക്കുതിപ്പുമായി ഇന്റര്‍ മയാമി. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ നു സ്‌റ്റേഡിയത്തില്‍ ന്യൂയോര്‍ക് സിറ്റിയെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയാണ് മയാമി വിജയം സ്വന്തമാക്കിയത്.

മയാമിക്കായി ജര്‍മന്‍ ബെര്‍ട്ടറാമും റോഡ്രിഗോ ഡി പോളുമാണ് ഗോള്‍ നേടിയത്. ആദ്യ ഗോളിന് ലൂയീസ് സുവാരസ് വഴിയൊരുക്കിയപ്പോള്‍ ഡി പോളിന്റെ രണ്ടാം ഗോളിന് ലയണല്‍ മെസിയാണ് അസിസ്റ്റ് നല്‍കിയത്.

ഈ അസിസ്റ്റിന് പിന്നാലെ 2026ല്‍ 20 അസിസ്റ്റുകള്‍ പൂര്‍ത്തിയാക്കാനും മെസിക്ക് സാധിച്ചു. മയാമിക്കും ദേശീയ ടീമിനും വേണ്ടി കളിച്ചാണ് മെസി ഈ നേട്ടത്തിലെത്തിയത്.

ഇത് ഒമ്പതാം തവണയാണ് മെസി ഒരു കലണ്ടര്‍ ഇയറില്‍ ഏറ്റവും ചുരുങ്ങിയത് 20 ഗോളിന് വഴിയൊരുക്കുന്നത്.

ഒരു കലണ്ടര്‍ ഇയറില്‍ 20+ അസിസ്റ്റുകള്‍

(വര്‍ഷം – അസിസ്റ്റ് എന്നീ ക്രമത്തില്‍)

2011 – 37

2012 – 22

2014 – 21

2015 – 26

2016 – 31

2018 – 26

2022 – 30

2025 – 28

2026 – 20*

അതേസമയം, മേജര്‍ ലീഗ് സോക്കറില്‍ മൂന്ന് വ്യത്യസ്ത സീസണില്‍ 35+ ഗോള്‍ കോണ്‍ട്രിബ്യൂഷനുകള്‍ സ്വന്തമാക്കാനും മെസിക്ക് സാധിച്ചു. 2024ല്‍ 36ഉം 2025ല്‍ 48 ഗോള്‍ കോണ്‍ട്രിബ്യൂഷനും സ്വന്തമാക്കിയ താരം, ഈ സീസണില്‍ ഇതുവരെ 37 ഗോള്‍ കോണ്‍ട്രിബ്യൂഷനുകളും തന്റെ പേരിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മയാമി. 29 മത്സരത്തില്‍ നിന്നും 14 വിജയത്തോടെ 52 പോയിന്റാണ് ടീമിനുള്ളത്. 66 പോയിന്റുമായി നാഷ് വില്ലാണ് ഒന്നാമത്.

എം.എല്‍.എസ്സില്‍ ഒക്ടോബര്‍ 18നാണ് മയാമിയുടെ അടുത്ത മത്സരം. അറ്റ്‌ലാന്റ യുണൈറ്റഡാണ് എതിരാളികള്‍.

Content Highlight: Lionel Messi with 20+ assists in nine different years

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more