| Wednesday, 18th November 2026, 8:19 am

മെസി വീണ്ടും അർജന്റീനയിൽ കളിക്കും; സ്വന്തം മണ്ണിൽ അവതരിക്കാനൊരുങ്ങി മിശിഹ

സ്പോര്‍ട്സ് ഡെസ്‌ക്

അർജന്റൈൻ ഇതിഹാസം ലയണൽ മെസി അടുത്തിടെ ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ആഫ്രിക്കൻ രാജ്യമായ ബെനിനെതിരെയായിരുന്നു മെസി അർജന്റീനക്ക് വേണ്ടി അവസാനമായി ബൂട്ട് കെട്ടിയത്. മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് വിജയിച്ചിരുന്നത്. മത്സരത്തിൽ രണ്ട് അസിസ്റ്റും ഒരു ഗോളും നേടിയാണ് മെസി തന്റെ ഫെയർവെൽ മത്സരം ഗംഭീരമാക്കിയത്.

മെസിയുടെ പടിയിറക്കത്തിന് പിന്നാലെ അർജന്റൈൻ ആരാധകർക്ക് ആവേശം നൽകുന്ന ഒരു വലിയ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മെസി വീണ്ടും അർജന്റൈൻ മണ്ണിൽ പന്തുതട്ടും. എന്നാൽ ഇത്തവണ ഇന്റർ മയാമിക്ക് വേണ്ടിയാണ് മെസി സ്വന്തം മണ്ണിൽ ബൂട്ട് കെട്ടുക.

2027ൽ അർജന്റീനയിൽ മയാമിയും റിവർപ്ലേറ്റും തമ്മിലുള്ള സൗഹൃദ മത്സരം അരങ്ങേറും. 2027 ജനുവരി 19നാണ് ഈ പ്രീ സീസൺ പോരാട്ടം അരങ്ങേറുക. മോനുമെന്റൽ സ്റ്റേഡിയത്തിൽ മെസി സ്വന്തം ജനതക്ക് മുന്നിൽ വീണ്ടും ബൂട്ട് കെട്ടുമ്പോൾ സ്റ്റേഡിയം നിറഞ്ഞുകവിയുമെന്നുറപ്പാണ്.

മയാമിയിൽ മെസിക്കൊപ്പം റോഡ്രിഗോ ഡി പോൾ കളത്തിലിറങ്ങുമ്പോൾ റിവർപ്ലേറ്റിന്റെ പ്രതിരോധം കാക്കാൻ അർജന്റൈൻ താരം നിക്കോളാസ് ഒട്ടമെന്റിയും ഇറങ്ങുമ്പോൾ ഈ മത്സരം അർജന്റൈൻ ആരാധകർക്ക് അൽപ്പം സ്പെഷ്യലാകുമെന്നുറപ്പാണ്.

അതേസമയം മെസി 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഓഗസ്റ്റ് 31ന് അർജന്റൈൻ ഇതിഹാസത്തിന്റെ പടിയിറക്കം. എന്നാൽ ജന്മനാടിനായി അവസാന പോരാട്ടത്തിനായി വീണ്ടും മെസി കളത്തിലിറങ്ങുകയായിരുന്നു.

2026 ലോകകപ്പിലും മെസിയുടെ പോരാട്ടവീര്യങ്ങൾക്ക് ഫുട്‌ബോൾ ലോകം സാക്ഷിയായി. ഫൈനലിൽ സ്‌പെയ്‌നിന് മുന്നിൽ പരാജയപ്പെട്ടെങ്കിലും ലോകകപ്പിൽ പല റെക്കോഡുകളും തിരുത്തിയാണ് മെസി മടങ്ങിയത്.

ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായും ലോകകപ്പിൽ അർജന്റീനയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമായും മെസി ചരിത്രത്തിൽ ഇടം പിടിച്ചു. 21 ഗോളുകളാണ് ആറ് ലോകകപ്പുകളിൽ നിന്നും മെസി അടിച്ചുകൂട്ടിയത്. 2026 ലോകകപ്പിൽ എട്ട് ഗോളുകളും നാല് അസിസ്റ്റുകളുമായിരുന്നു മെസിയുടെ സമ്പാദ്യം.

Content Highlight: Lionel Messi will play in Argentina for friendly match Inter Miami vs River Plate

Latest Stories

We use cookies to give you the best possible experience. Learn more