അര്‍ജന്റൈന്‍ ആരാധകര്‍ പോലും മറക്കാന്‍ ആഗ്രഹിക്കുന്ന മത്സരം, അതായിരുന്നു 2026 ഫിഫ ലോകകപ്പിന്റെ കിരീടപ്പോരട്ടം. ഫൈനല്‍ വരെ അനായാസം കുതിച്ചുകയറിയെങ്കിലും നേരത്തെ ഒഴിവാക്കിയ അപകടം മെസിപ്പടയെ അവിടെ കാത്തിരിക്കുന്നുണ്ടായിരുന്നു.
കേവലം ഒറ്റ ഗോള്‍ വ്യത്യാസത്തിലായിരുന്നു പരാജയമെങ്കിലും മുന്‍ ചാമ്പ്യന്‍മാരെ സംബന്ധിച്ച് മോസ്റ്റ് ഹ്യുമിലിയേറ്റിങ് ലോസ് തന്നെയായിരുന്നു അത്.
മെസിയുടെ നിരാശ
ലോകകപ്പിന്റെ ആവേശത്തില്‍ നിന്നും ക്ലബ്ബ് ഫുട്‌ബോളിന്റെ ആരവത്തിലേക്ക് കടക്കാനൊരുങ്ങുകയാണ് കാല്‍പ്പന്ത് ആരാധകര്‍. ലോകകപ്പില്‍ ഏറ്റുമുട്ടിയ എതിരാളികള്‍ ഇനി ഒരേ ക്രസ്റ്റ് നെഞ്ചിലണിഞ്ഞ് ഒരുമിച്ച് പന്ത് തട്ടും.
അമേരിക്കന്‍ സാഹചര്യങ്ങളെ മുന്‍കൂട്ടി മനസിലാക്കാന്‍ കൂടി വേണ്ടി മയാമിയിലേക്ക് ചുവടുമാറ്റിയ മെസിയും ഇനി പിങ്ക് ജേഴ്‌സിയില്‍ കളത്തിലിറങ്ങും. എന്നാല്‍ അതിന് കുറച്ച് കാലം കാത്തിരിക്കേണ്ടി വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
മേജര്‍ ലീഗ് സോക്കറില്‍ ഇന്റര്‍ മയാമിയുടെ ആദ്യ ചില മത്സരങ്ങള്‍ മെസിക്ക് നഷ്ടപ്പെടുമാന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗസ്റ്റ് പത്തിന് ശേഷം മാത്രമേ താരം മയാമി ക്യാമ്പിന്റെ ഭാഗമാകൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മയാമി ജേഴ്സിയില്‍ മെസി
ഈ ആഴ്ചയില്‍ തന്നെ മേജര്‍ ലീഗ് സോക്കറില്‍ മത്സരങ്ങള്‍ പുനരാരംഭിക്കും. ജൂലൈ 22ന് ചിക്കാഗോ ഫയറിനെതിരായണ് മയാമി കളത്തിലിറങ്ങുന്നത്. 25ന് സി.എഫ് മോണ്‍ട്രിയലിനോടും ഹെറോണ്‍സിന് മത്സരമുണ്ട്.
ഓഗസ്റ്റ് ഒന്നിന് കൊളംബസ് ക്രൂ, അഞ്ചിന് സാന്‍ ലൂയീസ്, എട്ടിന് മോണ്ടറേ എന്നിവര്‍ക്കെതിരെയും ഇന്റര്‍ മയാമി കളത്തിലിറങ്ങും. ലീഗ്‌സ് കപ്പ് മാച്ചുകളടക്കമുള്ള ഈ നിര്‍ണായക മത്സരങ്ങളിലെല്ലാം തന്നെ അര്‍ജന്റൈന്‍ സൂപ്പര്‍ ഹീറോയുടെ സേവനം ടീമിന് നഷ്ടമാകും.
താരങ്ങളുടെ വര്‍ക്ക് ലോഡ് കുറയ്ക്കുന്നതിന്റെ ഭാഗമായുള്ള ഫിഫയുടെ നിര്‍ബന്ധിത വിശ്രമ നിയമമാണ് (21 Day Rest Rule) മയാമിക്ക് തിരിച്ചടിയായിരിക്കുന്നത്. ഫിഫയുടെ നിയമമെങ്കിലും മികച്ച ഫോമില്‍ കളിക്കുന്ന മെസിക്ക് ഇത് താത്കാലിക വിലക്ക് തന്നൈയായി മാറിയിരിക്കുകയാണ്. ഇതോടെ ഓഗസ്റ്റ് പത്ത് വരെ താരത്തിന് മയാമിക്കായി കളത്തിലിറങ്ങാന്‍ സാധിക്കില്ല.
ഫിഫയുടെ ഈ അവധി ‘അച്ചടക്ക നടപടിയുടെ ഭാഗമായുള്ള വിലക്കല്ല, മറിച്ച് കളിക്കാരുടെ ആരോഗ്യ സംരക്ഷണത്തിനായുള്ള നിര്‍ബന്ധിത വിശ്രമമാണ്’
അതേസമയം, കിരീടം നേടാന്‍ സാധിച്ചില്ലെങ്കിലും മെസിയുടെ പ്രകടനം ലോകകപ്പില്‍ ഏറെ മികച്ചുനിന്നു. അര്‍ജന്റീന കപ്പുര്‍ത്തിയ 2022 ലോകകപ്പിലെ പ്രകടനത്തേക്കാള്‍ ഗോളടിച്ചും അടിപ്പിച്ചും 2026ല്‍ മെസി തിളങ്ങിയിരുന്നു.
എട്ട് മത്സരത്തില്‍ നിന്നും എട്ട് ഗോളുകള്‍ വലയിലെത്തിച്ച താരം, എണ്ണം പറഞ്ഞ നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. 25 ചാന്‍സുകള്‍ ക്രിയേറ്റ് ചെയ്യാനും മെസിക്ക് സാധിച്ചു. 741 മിനിട്ടുകളാണ് താരം കളത്തില്‍ തുടര്‍ന്നത്.
അള്‍ജീരിയക്കെതിരെ ഹാട്രിക് നേടിയ താരം ഓസ്ട്രിയക്കെതിരെ ഇരട്ട ഗോളും വലയിലെത്തിച്ചു. ജോര്‍ദാന്‍, കേപ്പ് വെര്‍ദെ, ഈജിപ്ത് എന്നിവര്‍ക്കെതിരെ ഓരോ ഗോളും താരം സ്വന്തമാക്കി. അഞ്ച് മത്സരങ്ങളില്‍ മികച്ച താരമായും തെരഞ്ഞെടുക്കപ്പെട്ടു. ഇതിനൊപ്പം രണ്ട് ലോകകപ്പുകളില്‍ ഏഴോ അതിലധികമോ ഗോള്‍ നേടുന്ന ആദ്യ താരം, തുടര്‍ച്ചയായ എട്ട് ലോകകപ്പ് മത്സരങ്ങളില്‍ ഗോള്‍ കണ്ടെത്തുന്ന ആദ്യ താരം തുടങ്ങി എണ്ണം പറഞ്ഞ റെക്കോഡുകളും മെസി ഈ ലോകകപ്പില്‍ സ്വന്തമാക്കിയിട്ടുണ്ട്.
Content Highlight: Lionel Messi will not play for Inter Miami till August 10