2026 ലോകകപ്പ് ഫൈനലിനൊരുങ്ങുകയാണ് അര്‍ജന്റീനയും സ്‌പെയ്‌നും. അര്‍ജന്റൈന്‍ നായകന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും സ്പാനിഷ് യുവതാരം ലാമിന്‍ യമാലും നേര്‍ക്കുനേര്‍ എത്തുന്നു എന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. തീ പാറുന്ന പോരാട്ടമായിരിക്കും ഫുട്‌ബോള്‍ ലോകത്തെ കാത്തിരിക്കുന്നതെന്നാണ് പല ഫുട്‌ബോള്‍ അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ ഇരു താരങ്ങള്‍ക്കിടയിലും റൈവല്‍റിയോ കടുത്ത മത്സരമോ ഉണ്ടാകില്ലെന്നാണ് ജര്‍മന്‍ ഇതിഹാസ ഗോള്‍ കീപ്പര്‍ ഒലിവര്‍ കാന്‍ പറയുന്നത്. യമാല്‍ വര്‍ഷങ്ങളായി മെസിയെ ആരാധിച്ചുവരികയാണെന്നും യമാലിനെ സംബന്ധിച്ച് ഇത് വളരെ പ്രത്യേകതയുള്ള സാഹചര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒലിവര്‍ കാന്‍: Photo- Telangana Today
‘ഈ രണ്ട് താരങ്ങള്‍ക്കിടയില്‍ യാതൊരു വൈരാഗ്യമോ കടുത്ത മത്സരമോ ഉണ്ടാകില്ല. കാരണം, ഒരാള്‍ക്ക് 39 വയസും മറ്റൊരാള്‍ക്ക് 19 വയസുമാണ്. യമാലിന്റെ ഏറ്റവും വലിയ മാതൃക മെസിയാണ്. ഇരുവരും അതീവ ശ്രദ്ധേയരായ താരങ്ങളാണ്, കൂടാതെ ഇരുവരും ഒരേ അക്കാദമിയായ ലാ മാസിയയില്‍ നിന്നാണ് വളര്‍ന്നുവന്നത്.
യമാല്‍ വര്‍ഷങ്ങളായി മെസിയെ ആരാധിച്ചുവരികയാണ്. അദ്ദേഹത്തെപ്പോലെ ഒരാളാകണമെന്നാണ് യമാലിന്റെ ആഗ്രഹവും. അതിനാല്‍ ഈ യുവതാരത്തിന് ഇത് വളരെ, വളരെ പ്രത്യേകമായൊരു സാഹചര്യമാണ്.
രണ്ട് വര്‍ഷം മുമ്പ് യമാല്‍ യൂറോ കിരീടം നേടിയിരുന്നു. ഇപ്പോള്‍ ലോകകപ്പ് നേടാനുള്ള അവസരവും അദ്ദേഹത്തിന് മുന്നിലുണ്ട്. 19 വയസുള്ള ഒരു താരത്തെ സംബന്ധിച്ചിടത്തോളം ഇത് ഒരു വശത്ത് വലിയ നേട്ടത്തിനുള്ള അവസരമാണ്, മറുവശത്ത് തന്റെ ജീവിതത്തിലും ഭാവിയിലും കടന്നുവരുന്ന പ്രതീക്ഷകളും സമ്മര്‍ദങ്ങളും കൈകാര്യം ചെയ്യേണ്ടതുണ്ട്. അത് എളുപ്പമുള്ള കാര്യമല്ല,’ ഒലിവര്‍ കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ജൂലൈ 20നാണ് 2026ലെ ഫിഫ മാമാങ്കത്തിന്റെ കലാശക്കൊട്ട്. ന്യൂയോര്‍ക്ക് ന്യൂ ജേഴ്‌സി സ്റ്റേഡിയത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പോരാട്ടത്തിന് യോഗ്യത നേടിയത്.
അതേസമയം സ്‌പെയ്ന്‍ സെമി ഫൈനലില്‍ ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അവസാന അങ്കത്തിന് യോഗ്യത നേടിയത്. നീണ്ട 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്‌പെയ്ന്‍ ലോകകപ്പ് ഫൈനല്‍ കളിക്കാനൊരുങ്ങുന്നത്. ചരിത്രത്തിലെ രണ്ടാം കിരീടത്തിലായിരിക്കും സ്‌പെയ്ന്‍ കണ്ണുവെക്കുക.