| Tuesday, 15th September 2026, 3:07 pm

കളിക്കളത്തിൽ എന്നെ ഏറ്റവുമധികം ദേഷ്യം പിടിപ്പിച്ച താരം അവനാണ്: മെസി

സുദേവ് എ

ഫുട്ബോളിൽ ഒരുപിടി മികച്ച താരങ്ങൾക്കെതിരെ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് അർജന്റൈൻ ഇതിഹാസം ലയണൽ മെസി. കളിക്കളത്തിൽ നേരിട്ടതിൽ തന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിച്ച താരം ആരാണെന്ന് മെസി തുറന്നു പറഞ്ഞിരുന്നു.

റയൽ മാഡ്രിഡ് ഇതിഹാസം സെർജിയോ റാമോസിന്റെ പേരായിരുന്നു മെസി പറഞ്ഞിരുന്നത്. എൽക്ലാസിക്കോ പോരാട്ടങ്ങളിൽ റാമോസുമായി വലിയ തർക്കങ്ങളിൽ താൻ ഏർപ്പെട്ടിരുന്നുവെന്നും മെസി പറഞ്ഞു. അബിറ്റാരെക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം പറഞ്ഞിരുന്നത്.

‘സെർജിയോ റാമോസുമായി ഞങ്ങൾക്ക് നിരവധി ഏറ്റുമുട്ടലുകൾ ഉണ്ടായിരുന്നു. ഞാൻ എത്ര തവണ അവനുമായി തർക്കിച്ചു. എന്നെ ഏറ്റവും കൂടുതൽ ദേഷ്യം പിടിപ്പിച്ച താരം അവനാണ്. പിന്നീട് ഞങ്ങൾ ടീമംഗങ്ങളായിരുന്നു, പക്ഷേ ഞങ്ങൾ എല്ലായ്‌പ്പോഴും ക്ലാസിക്കോയിൽ ഏറ്റുമുട്ടി. അവ തീവ്രമായ മത്സരങ്ങളായിരുന്നു,’ മെസി പറഞ്ഞു.

റയൽ മാഡ്രിഡ് – ബാഴ്സലോണ എൽക്ലാസിക്കോ പോരാട്ടങ്ങളിൽ ഇരുവരും പരസ്പരം ഏറ്റുമുട്ടിയിട്ടുണ്ട്. 44 മത്സരങ്ങളിലാണ് ഇരുവരും പരസ്പരം ഏറ്റുമുട്ടിയത്. ഇതിൽ 16 തവണ റാമോസ് വിജയിച്ചപ്പോൾ മെസി 19 മത്സരങ്ങളിലും വിജയം സ്വന്തമാക്കി.

2010ൽ നടന്ന മത്സരത്തിൽ റയലിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുത്തിയ മത്സരത്തിൽ മെസിക്കെതിരെ അപകടകരമായ ഫൗൾ നടത്തി റാമോസ് ചുവപ്പ് കാർഡ് വാങ്ങിയിരുന്നു. ഇത്തരത്തിൽ ശ്രദ്ധേയമായ പോരാട്ടം ഇരുവർക്കിടയിലും നിലനിന്നിരുന്നു.

കളത്തിൽ എതിരാളികളായി നിരവധി പോരാട്ടങ്ങൾ നടത്തിയ മെസിയും റാമോസും ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയിൽ ഒരുമിച്ച് കളിക്കുകയും ചെയ്തിരുന്നു.

2023ലാണ് മെസി പാരീസ് വിട്ട് മേജർ ലീഗ് സോക്കർ ക്ലബ്ബായ ഇന്റർ മയാമിയിലേക്ക് ചേക്കേറിയത്. റാമോസ് സ്പാനിഷ് ടീം സെവിയ്യയിലേക്കും കൂടുമാറുകയായിരുന്നു.

സെവിയ്യയുടെ യൂത്ത് അക്കാദമിയിലൂടെ വളർന്ന റാമോസ് തന്റെ യാത്ര ആരംഭിച്ച ക്ലബ്ബിനൊപ്പം വീണ്ടും കൈകോർക്കുകയായിരുന്നു. പിന്നീട് താരം മെക്സിക്കൻ ക്ലബ്ബായ മോൺട്രറേയിലേക്കും കൂടുമാറിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ മെക്സിക്കൻ ക്ലബ്ബുമായി റാമോസിന്റെ കരാർ കരാർ അവസാനിക്കുകയും ചെയ്തിരുന്നു.

Content Highlight: Lionel Messi Talks About Sergio Ramos

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more