| Wednesday, 25th March 2026, 4:41 pm

ഞാനും റൊണാള്‍ഡോയും ഇക്കാര്യത്തില്‍ ഒരുപോലെ; മെസിയുടെ വാക്കുകള്‍

ഫസീഹ പി.സി.

കാല്‍പന്ത് കളി പ്രേമികളുടെ ഞെഞ്ചിടിപ്പാണ് ഇതിഹാസങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുവരും മൈതാനത്ത് ചെലവഴിക്കുന്ന ഓരോ നിമിഷവും ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിന് മാറ്റ് കൂട്ടി മെസിയും റോണോയും അവര്‍ക്ക് മനോഹര ഓര്‍മകളും സമ്മാനിക്കാറുണ്ട്.

ഇരുവരും പ്രിയപ്പെട്ടവരാണെങ്കിലും റോണോയാണോ മെസിയാണോ മികച്ചതെന്ന് ചോദ്യം ഉയരുമ്പോള്‍ ആരാധകര്‍ രണ്ട് ചേരിയിലാകും. ഒരു കൂട്ടര്‍ക്ക് മെസി എക്കാലത്തെയും മികച്ച താരമാകുമ്പോള്‍ മറുവശത്ത് റോണോ ആരാധകരും വിട്ടുകൊടുക്കില്ല. ഇതിനിടയില്‍ ഇരുവരും കളിക്കളത്തിലെ ഇതിഹാസങ്ങള്‍ എന്ന് അംഗീകരിക്കുന്നവരുമുണ്ട്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഇപ്പോള്‍ ഇരുവരും ഒരേ ലീഗുകളില്‍ കളിച്ച കാലത്തെ കുറിച്ച് മെസി പറയുന്ന ഒരു വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. തങ്ങളുടെ റൈവല്‍റി വളരെ ഭംഗിയുള്ളതായിരുന്നുവെന്നും മത്സരബുദ്ധിയോടെ ഇരുവരും കളിയെ സമീപിച്ചിരുന്നതിനാല്‍ ഈ റൈവല്‍റി തങ്ങളെ മികച്ചവരാവാന്‍ പ്രേരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

റൊണാള്‍ഡോ തന്നെ പോലെ വലിയ നേട്ടങ്ങളിലെത്താനും എല്ലാവരെയും പരാജയപ്പെടുത്താനും ആഗ്രഹിച്ചിരുന്നുവെന്നും ആ സമയം തങ്ങള്‍ക്ക് എന്നപോലെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒന്നാകെ ഒരു സുവര്‍ണ കാലഘട്ടമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാലണ്‍ ഡി ഓറിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ സംസാരിക്കുകയായിരുന്നു ലയണല്‍ മെസി.

‘എപ്പോഴും അത് ഒരു പോരാട്ടമായിരുന്നു. ഞങ്ങളുടെ റൈവല്‍റി വളരെ ഭംഗിയുള്ളതായിരുന്നു. ഞങ്ങള്‍ രണ്ടുപേരും വളരെ മത്സരബുദ്ധിയോടെയാണ് കളിയെ സമീപിച്ചിരുന്നത്. അതിനാല്‍ ഈ റൈവല്‍റി മികച്ചവരാകാന്‍ ഞങ്ങളെ പരസ്പരം പ്രേരിപ്പിച്ചു.

ക്രിസ്റ്റ്യാനോ എപ്പോഴും വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനും എല്ലാവരെയും പരാജയപ്പെടുത്താനും ആഗ്രഹിച്ചിരുന്നു. ഞാനും അങ്ങനെ തന്നെയായിരുന്നു. ഞങ്ങള്‍ക്കും ഫുട്ബോളിനെ സ്നേഹിക്കുന്ന ആളുകള്‍ക്കും അത് ഒരു സുവര്‍ണ കാലഘട്ടമായിരുന്നു,’ മെസി പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും.

ഇരുവരുടെയും ദീര്‍ഘകാല കരിയറിനെ കുറിച്ചും മെസി സംസാരിച്ചു. ഈ കാലയളവില്‍ തങ്ങള്‍ സ്വന്തമാക്കിയ നേട്ടങ്ങള്‍ക്ക് ക്രെഡിറ്റ് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. എപ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തുക എന്നത് പ്രയാസകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്രയും ദീര്‍ഘകാല കരിയറില്‍ ഞങ്ങള്‍ നേടിയ നേട്ടത്തിന് വലിയ ക്രെഡിറ്റ് ആവശ്യമാണ്. കാരണം അവര്‍ പറയുന്നതുപോലെ, ടോപ്പില്‍ എത്തുക എന്നത് എളുപ്പമാണ്. പക്ഷേ അവിടെ തന്നെ തുടരുക എന്നത് ഏറ്റവും പ്രയാസകരമായ കാര്യമാണ്,’ മെസി പറഞ്ഞു.

Content Highlight: Lionel Messi talks about playing in the same league of Cristiano Ronaldo

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more