| Saturday, 15th August 2026, 9:04 am

ബാഴ്സയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്തിയത് അദ്ദേഹമാണ്: മെസി

സുദേവ് എ

ക്ലബ്ബ് ഫുട്‌ബോളില്‍ ബാഴ്സലോണയിലും പി.എസ്.ജിയിലും ഇന്റര്‍ മയാമിയിലും ഒരുപാട് മികച്ച പരിശീലകര്‍ക്ക് കീഴില്‍ കളിച്ച അനുഭവസമ്പത്തുള്ള താരമാണ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി. തന്റെ ഫുട്‌ബോള്‍ കരിയറിലെ ഏറ്റവും മികച്ച പരിശീലകന്‍ ആരാണെന്ന് മെസി ഒരിക്കല്‍ തുറന്ന് പറഞ്ഞിരുന്നു.

ഇതിഹാസ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളയെയാണ് മെസി ഏറ്റവും മികച്ച പരിശീലകനായി തെരഞ്ഞെടുത്തത്. ബാഴ്സയെ ഇന്ന് കാണുന്ന നിലയിലേക്ക് എത്തിക്കാന്‍ സഹായിച്ചത് ഗ്വാര്‍ഡിയോളയാണെന്നും മെസി പറഞ്ഞു. ബാഴ്‌സ ബ്ലൂഗ്രെയ്ന്‍സിന് നല്‍കിയ അഭിമുഖതിലായിരുന്നു മെസി ഗ്വാര്‍ഡിയോളയെക്കുറിച്ച് സംസാരിച്ചിരുന്നത്.

‘കരിയറില്‍ പരിശീലനം ലഭിച്ചതില്‍ ഏറ്റവും മികച്ചത് പെപ്പിന് കീഴില്‍ കളിക്കുമ്പോഴായിരുന്നു. അദ്ദേഹം കളിയില്‍ എന്തൊക്കെ ആസൂത്രണം ചെയ്തിട്ടുണ്ടോ അതെല്ലാം അതുപോലെ സംഭവിക്കാറുണ്ട്. പെപ് കാര്യങ്ങളെ നോക്കിക്കാണുന്നതും മാച്ചിന് വേണ്ടി തയ്യാറെടുക്കുന്നതുമൊക്കെ വ്യത്യസ്ത രീതിയിലാണ്. ബാഴ്സയെ ഇന്ന് കാണുന്ന നിലയിലേക്ക് ഉയര്‍ത്താന്‍ സഹായിച്ചത് അദ്ദേഹമാണ്. ഒരു താരത്തിന് കരിയറില്‍ ഉയരാന്‍ എന്തൊക്കെ ആവശ്യമുണ്ടോ അതെല്ലാം അദ്ദേഹം പരിശീലിപ്പിക്കും. പെപ്പിന് കീഴില്‍ പരിശീലനം ലഭിച്ചവര്‍ക്കെല്ലാം ഇതുതന്നെയാകും പറയാനുണ്ടാവുക,’ മെസി പറഞ്ഞു.

2008ലായിരുന്നു ഗ്വാര്‍ഡിയോള ബാഴ്‌സയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്. മൂന്ന് ലാ ലിഗ കിരീടങ്ങളും രണ്ട് യുവേഫ ചാമ്പ്യന്‍സ് ലീഗ് ട്രോഫികളുമടക്കം നിരവധി നേട്ടങ്ങളാണ് ഗ്വാര്‍ഡിയോള ബാഴ്‌സക്ക് സമ്മാനിച്ചത്.

ബാഴ്‌സയിലുള്ളപ്പോള്‍ 219 മത്സരങ്ങളില്‍ നിന്ന് 211 ഗോളും 94 അസിസ്റ്റുകളുമാണ് ഗ്വാര്‍ഡിയോളയുടെ കീഴില്‍ മെസി നേടിയത്. 2011-12 സീസണില്‍ മാത്രം 50 മത്സരങ്ങളില്‍ നിന്ന് 73 ഗോളും 32 അസിസ്റ്റുകളും നേടാന്‍ മെസിക്ക് സാധിച്ചു.

2012ലാണ് ഗ്വാര്‍ഡിയോള ബാഴ്‌സ വിട്ട് ബയേണ്‍ മ്യൂണിക്കിലേക്ക് ചേക്കേറിയത്. തുടര്‍ന്ന് 2016ല്‍ അദ്ദേഹം മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് പോവുകയായിരുന്നു. ഈ സീസണിന് മുമ്പ് സിറ്റിക്കൊപ്പമുള്ള നീണ്ട കരിയര്‍ പെപ് അവസാനിനിപ്പിക്കുകയും ചെയ്തു.

അതേസമയം ബാഴ്‌സലോണയില്‍ കളിച്ചാണ് മെസി ലോക ഫുട്ബോളില്‍ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. ബാഴ്സയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്. 672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്.

2021ലാണ് മെസി 21 വര്‍ഷത്തെ തന്റെ ബാഴ്സയിലെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. ബാഴ്സയില്‍ നിന്നും ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെയ്‌നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയില്‍ നിന്നും 2023ല്‍ മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മയാമിയിലേക്കും താരം കൂടുമാറി.

Content Highlight: Lionel Messi talks about Pep Guardiola

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more