| Friday, 23rd October 2026, 3:41 pm

അവർക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചത് വലിയ പ്രിവിലേജായിരുന്നു: മെസി

സ്പോര്‍ട്സ് ഡെസ്‌ക്

സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയിൽ കളിച്ചപ്പോഴുള്ള അവിസ്മരണീയമായ ഓർമകളെക്കുറിച്ച് സംസാരിക്കുകയാണ് ഇതിഹാസ താരം ലയണൽ മെസി. ബാഴ്സയിൽ ഒരുപാട് മറക്കാനാവാത്ത നിമിഷങ്ങൾ തനിക്ക് ലഭിച്ചുവെന്നാണ് മെസി പറഞ്ഞത്.

സ്പാനിഷ് ഇതിഹാസങ്ങളായ സാവി, ആന്ദ്രേ ഇനിയേസ്റ്റ, കാർലോസ് പുയോൾ എന്നിവർക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചത് വലിയ പ്രിവിലേജ് ആയിരുന്നുവെന്നും മെസി ഓർമിച്ചു. 2026 പ്രിൻസസ് ഓഫ് അസ്റ്റൂറിയാസ് അവാർഡ് ദാന ചടങ്ങിന് മുന്നോടിയായാണ് മെസി ബാഴ്സയിലെ തന്റെ സുവർണകാലഘട്ടത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചത്.

‘സാവി, ഇനിയേസ്റ്റ, പുയോൾ തുടങ്ങിയ മികച്ച താരങ്ങൾക്കൊപ്പം ഡ്രസിങ് റൂം പങ്കിടാൻ സാധിച്ചത് വലിയ പ്രിവിലേജ് ആയിരുന്നു. ഒരുമിച്ച് കളിക്കാനും വിജയങ്ങൾ നേടാനും ഞങ്ങൾക്ക് സാധിച്ചു. കളിക്കളത്തിലെ നേട്ടങ്ങൾ മാത്രമല്ല. ഒരുമിച്ചുള്ള പരിശീലനവും ദൈനംദിന ജീവിതവും ഞങ്ങൾ അസ്വദിച്ചു. ബാഴ്സലോണയക്കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറയുകയെന്നത് പ്രയാസകരമാണ്. ബാഴ്സലോണ നഗരത്തോടും ക്ലബ്ബിനോടും എനിക്ക് പ്രത്യേകമായ സ്നേഹമുണ്ട്,’ മെസി പറഞ്ഞു.

ബാഴ്സലോണയിൽ കളിച്ചാണ് മെസി ലോക ഫുട്‌ബോളിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയത്. 2004 ഒക്ടോബർ 16ന് എസ്പാനിയോളിനെതിരായ മത്സരത്തിലാണ് മെസി ബാഴ്‌സയ്ക്കായി തന്റെ അരങ്ങേറ്റം കുറിച്ചത്. ബാഴ്‌സയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകളും അസിസ്റ്റുകളും നേടിയ താരവും മെസി തന്നെയാണ്.

672 ഗോളുകളും 303 അസിസ്റ്റുകളുമാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി സ്വന്തമാക്കിയത്. ബാഴ്‌സക്കൊപ്പം ഒരുപിടി കിരീട നേട്ടങ്ങളിലും പങ്കാളിയാവാൻ മെസിക്ക് സാധിച്ചു. 10 ലാലിഗ കിരീടങ്ങൾ, രണ്ട് കോപ്പ കിരീടങ്ങൾ, ഏഴ് കോപ്പ ഡെൽ റേ, നാല് ചാമ്പ്യൻസ് ലീഗ് എന്നീ കിരീടങ്ങളാണ് താരം ബാഴ്‌സക്കൊപ്പം നേടിയത്.

2021ലാണ് മെസി 21 വർഷത്തെ ബാഴ്‌സയിലെ തന്റെ അവിസ്മരണീയമായ കരിയറിന് വിരാമമിട്ടത്. മെസിയുടെ കരാർ അവസാനിക്കുമ്പോൾ ബാഴ്സയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികാരണം മെസിയുമായി പുതിയ കരാറിൽ ഏർപ്പെടാൻ ബാഴ്‌സയ്ക്ക് കഴിഞ്ഞില്ല.

ബാഴ്‌സയിൽ നിന്നും ഫ്രഞ്ച് വമ്പൻമാരായ പാരീസ് സെയ്ന്റ് ജെർമെയ്നിക്കാണ് മെസി ചേക്കേറിയത്. പി.എസ്.ജിയിൽ നിന്നും 2023ൽ മേജർ ലീഗ് സോക്കർ ടീമായ ഇന്റർ മയാമിയിലേക്കും താരം കൂടുമാറി.

അതേസമയം അടുത്തിടെയാണ് മെസി ഇന്റർനാഷണൽ ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2028 കോപ്പ അമേരിക്കയിൽ അർജന്റീനക്കായി മെസി കളത്തിലിറങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരാധകരെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയായിരുന്നു ഇതിഹാസത്തിന്റെ പടിയിറക്കം.

Content Highlight: Lionel Messi talks about his unforgettable memories in Barcelona

Latest Stories

We use cookies to give you the best possible experience. Learn more