അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തന്റെ ഫുട്‌ബോള്‍ കരിയറിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. 2026 ഫിഫ ലോകകപ്പില്‍ അര്‍ജന്റീനക്കായി മെസി ബൂട്ട് കിട്ടുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. ഇപ്പോള്‍ അർജന്റീനക്കൊപ്പം വരാനിരിക്കുന്ന ലോകകപ്പില്‍ കളിക്കുമോയെന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മെസി. ലോകകപ്പില്‍ താന്‍ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് മെസി നല്‍കിയ മറുപടി. മെസിയുടെ ഈ വാക്കുകളാണ് ഇപ്പോള്‍ ഫുട്‌ബോള്‍ ലോകത്തെ ആവേശകരമാക്കിയിരിക്കുന്നത്. ഇ.എസ്.പി.എന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മെസി.
”ഞാന്‍ ലോകകപ്പില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഞാന്‍ മുമ്പ് പറഞ്ഞത് പോലെ തന്നെ എനിക്ക് ലോകകപ്പില്‍ കളിക്കാന്‍ വളരെ ഇഷ്ടമാണ്. ഞാന്‍ ടി.വിയില്‍ മത്സരങ്ങള്‍ ലൈവായി കാണുമ്പോള്‍ ഞാന്‍ അവിടെ ഉള്ളത് പോലെയാണ് എനിക്ക് തോന്നുക. എന്നാല്‍ നേരിട്ട് കാണുന്നത് വളരെ പ്രത്യേകതയുള്ളതായിരിക്കും. ലോകകപ്പ് എല്ലാവര്‍ക്കും വളരെ പ്രധാനപ്പെട്ടതാണ്” മെസി പറഞ്ഞു.
2022ല്‍ ഖത്തറിന്റെ മണ്ണില്‍ നേടിയ ലോക കിരീടം നിലനിര്‍ത്തുകയെന്ന വലിയ ലക്ഷ്യവുമായാണ് ലയണല്‍ മെസിയും സംഘവും 2026 ലോകകപ്പിനൊരുങ്ങുന്നത്. 2026 ലോകകപ്പില്‍ ഗ്രൂപ്പ് ജി.യിലാണ് ലയണല്‍ മെസിയും സംഘവും ഇടം നേടിയിട്ടുള്ളത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാന്‍ എന്നീ ടീമുകളാണ് അര്‍ജന്റീനക്കൊപ്പം ഗ്രൂപ്പിലുള്ളത്. 2026 ലോകകപ്പ് കിരീടം സ്വന്തമാക്കിയാല്‍ ലോകകപ്പിന്റെ ചരിത്രത്തില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത്തെ ടീമെന്ന നേട്ടവും അര്‍ജന്റീനക്ക് സ്വന്തമാക്കാന്‍ സാധിക്കും.
അഞ്ച് ലോക കിരീടം സ്വന്തമാക്കിയ ബ്രസീലിനും നാല് തവണ ലോകം കീഴടക്കിയ ഇറ്റലിയും മാത്രമാണ് ലോകകപ്പ് നിലനിര്‍ത്തിയിട്ടുണ്ട്. 1978, 1986, 2022 എന്നീ വര്‍ഷങ്ങളില്‍ ലോക കിരീടം നേടിയ അര്‍ജന്റീന ഈ വര്‍ഷവും കിരീടം നേടിയാല്‍ ചരിത്രത്തില്‍ നാല് കിരീടം കൈപ്പിടിയിലാക്കിയ ജര്‍മനിക്കും ഇറ്റലിക്കുമൊപ്പമെത്താനും മെസിക്കും സംഘത്തിനും സാധിക്കും.
നിലവില്‍ മെസി മേജര്‍ ലീഗ് സോക്കര്‍ ടീം ഇന്റര്‍ മയാമിക്ക് വേണ്ടി മിന്നും പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എസ്സില്‍ കഴിഞ്ഞ ദിവസം നടന്ന കോളറാഡൊക്കെതിരായ മത്സരത്തില്‍ മെസി ഇരട്ട ഗോള്‍ നേടി തിളങ്ങിയിരുന്നു. മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്റര്‍ മയാമിയുടെ വിജയം. ലോകകപ്പ് ആരംഭിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മെസിയുടെ ഈ ഉജ്ജ്വല ഫോം അര്‍ജന്റീനക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.
Content Highlight: Lionel Messi talks about his participation of 2026 fifa world cup