| Tuesday, 25th August 2026, 11:03 am

അദ്ദേഹത്തെ ഒരു മത്സരം കൊണ്ട് മാത്രമാണ് പലരും വിലയിരുത്തിയത്: മെസി

സുദേവ് എ

അര്‍ജന്റീനയുടെ എക്കാലത്തെയും മികച്ച മുന്നേറ്റനിര താരങ്ങളില്‍ ഒരാളാണ് ഗോണ്‍സാലോ ഹിഗ്വെയ്ന്‍. തന്റെ ഫുട്‌ബോള്‍ കരിയറില്‍ ചില മോശം സാഹചര്യങ്ങളിലൂടെ കടന്നുപോയ താരമാണ് ഹിഗ്വെയ്ന്‍.

മത്സരത്തില്‍ തുടര്‍ന്നപ്പോഴും വിരമിച്ചതിന് ശേഷവും വലിയ വിമര്‍ശനങ്ങള്‍ താരം നേരിട്ടിട്ടുണ്ട്. ഒരു സമയത്ത് അര്‍ജന്റീനയുടെ തോല്‍വികളില്‍ ഹിഗ്വെയ്ന് മാത്രം വലിയ കുറ്റപ്പെടുത്തലുകള്‍ ചുമക്കേണ്ട സാഹചര്യങ്ങളും ഉണ്ടായിട്ടുണ്ട്.

ഹിഗ്വെയ്ന്‍ തന്റെ കരിയറില്‍ നേരിട്ട വിമര്‍ശനങ്ങളെക്കുറിച്ച് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസി തുറന്നു പറഞ്ഞിരുന്നു. ആളുകള്‍ ഹിഗ്വെയ്നോട് അനീതി കാണിച്ചിരുന്നെനന്നായിരുന്നു മെസി പറഞ്ഞിരുന്നത്. അത്ഭുതകരമായ കരിയര്‍ അവകാശപ്പെടാനുള്ള താരമാണ് ഹിഗ്വെയ്‌നെന്നും മെസി പങ്കുവെച്ചിരുന്നു. ഡയറക്ട് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മെസി ഇക്കാര്യം പറഞ്ഞിരുന്നത്.

‘അത്ഭുതകരമായ കരിയര്‍ അവകാശപ്പെടാനുള്ള താരമാണ് ഹിഗ്വെയ്ന്‍. അദ്ദേഹത്തിന്റെ കഴിവും പ്രകടനവും മികച്ചതാണ്. ലോകത്തിലെ വലിയ ടീമുകള്‍ക്ക് വേണ്ടി അദ്ദേഹം മികച്ച പ്രകടനം പുറത്തെടുക്കുകയും കിരീടങ്ങള്‍ നേടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. കോപ്പ അമേരിക്കയിലും വേള്‍ഡ് കപ്പിലും ഗോളുകള്‍ നേടുക അത്ര നിസാര കാര്യമല്ല.

മത്സരങ്ങളാകുമ്പോള്‍ പിഴവുകള്‍ സംഭവിക്കാം. ഒരു താരത്തിനും എല്ലായിപ്പോഴും ഒരേ ഫോമില്‍ തുടരാന്‍ സാധിക്കില്ല. രണ്ട് കോപ്പ അമേരിക്ക ഫൈനലുകളിലും ഒരു വേള്‍ഡ് കപ്പ് ഫൈനലിലും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും മോശം ഫോമില്‍ കളിച്ച ഏതെങ്കിലും ഒരു മത്സരത്തെ വെച്ചാണ് പലരും അദ്ദേഹത്തെ വിലയിരുത്തിയത്,’ മെസി പറഞ്ഞു.

2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിക്കെതിരെ നിരവധി അവസരങ്ങള്‍ പാഴാക്കിയതിനെതിരെയായിരുന്നു ഹിഗ്വെയ്ന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. 2005ലാണ് ഹിഗ്വെയ്ന്‍ അര്‍ജന്റീനിയന്‍ ടീമായ റിവര്‍ പ്ലേറ്റിനായി തന്റെ പ്രൊഫഷണല്‍ അരങ്ങേറ്റം നടത്തിയത്.

റയല്‍ മാഡ്രിഡ്, നാപ്പോളി, യുവന്റസ്, മിലാന്‍, ചെല്‍സി തുടങ്ങിയ ടീമുകള്‍ക്ക് വേണ്ടി കളിച്ചിട്ടുള്ള താരം ഒരു പ്രൊഫഷണല്‍ കളിക്കാരനെന്ന നിലയില്‍ 14 പ്രധാന കിരീടങ്ങള്‍ നേടിയിട്ടുണ്ട്. 2022ലാണ് താരം ഫുട്‌ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Content Highlight: Lionel Messi talks about Gonzalo Higuain

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more